Friday, October 21, 2016

ദേശാടനകിളിയുടെ കൂട്...!!!

“ഏട്ടാ.. നമുക്ക് റൂം മാറണ്ടാ... ചെറുതാണെങ്കിലും എന്തോ ഒരു സമാധാം ഉണ്ട് ഇവിടെ..”
“ഇപ്പൊകൊടുക്കണ പൈസയുണ്ടേൽ ഇതിലും നല്ലത് കിട്ടും അതാ.. ”
“അതു കൊഴപ്പില്ലേട്ടാ...ഇവിടെ തന്നെ മതി”
“കുട്ട്യേ നമ്മൾ ദേശാടനക്കിളികളാ... സഞ്ചരിക്കുന്നതിനിടയിൽ നമ്മൾ തങ്ങുന്ന ഒരു സ്ഥലവും നമ്മുടേതല്ല... അതു മറക്കല്ലേ ട്ടാ..”
പതുക്കേ പതുക്കേ എന്റെ ഉള്ളിലും  അടുപ്പം വന്നു തുടങ്ങി.
അവൾ പ്രസവത്തിനു നാട്ടിൽ നിന്നപ്പോ പലരും റൂം വാടകക്ക് ചോദിച്ചെങ്കിലും മനസ്സുവന്നില്ല കൊടുക്കാൻ.
മകനേയും അവളേയും ഞങ്ങളുടെ സ്വർഗ്ഗത്തിലേക്ക്ം കൊണ്ടുവരാൻ തിടുക്കമായിരുന്നു.
ഞങ്ങൾക്ക് ഇവിടം സ്വർഗ്ഗമാണെങ്കിലും മകന്‌ അങ്ങിനെ ആയിരുന്നില്ല എന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു.
ഞങ്ങൾ കളിച്ചു ചിരിച്ചിരിക്കുന്നതിനിടയിൽ നാട്ടിൽ നിന്ന് അച്ഛമ്മയോ,അമ്മാമ്മയോ അച്ഛാച്ചനോ, വിളിച്ചാൽ അവന്റെ മുഖത്ത് നിറയുന്ന വിഷമം ഞങ്ങൾ വായിച്ചെടുത്തു. പറയാനറിയാത്ത പ്രായത്തിൽ അവനെ ഒരു ചെറിയ മുറിയിൽ തളച്ചിടുന്നത് ശരിയല്ല എന്ന് ഞങ്ങൾക്ക് തോനി.
ജോലിക്ക് പോകുന്നതിനു മുമ്പും, വന്നതിനുശേഷവും അവനുമായി പുറത്തിറങ്ങിനടക്കാൻ ശ്രമിച്ചു.
അപ്പോൾ അവൻ അനുഭവിക്കുന്ന സ്വാതന്ത്രം മനസ്സിൽ നീറ്റലായി നിറഞ്ഞു.

“കുട്ട്യേ നമുക്ക് ഉണ്ണിയെ ദേശാടനക്കിളിയാക്കണ്ട..അവൻ നാട്ടിൽ പാറിക്കളിച്ച് വളരട്ടെ..മുത്തശ്ശിക്കഥകൾ കേട്ട് വളരട്ടെ..“
മനസ്സിൽ നിറയുന്ന വിഷമങ്ങളൊതുക്കി അവൾ പറഞ്ഞു
”നമ്മുടെ ഉണ്ണിക്ക് വേണ്ടിയല്ലേ.. സഹിക്കാം“

അവർ വീണ്ടും ദേശാടനക്കിളികളായി..മകനു വേണ്ടി..മാതാപിതാക്കൾക്ക് വേണ്ടി..
Thursday, October 6, 2016

പിറവി

നല്ല ഉറക്കത്തിനിടയിൽ അരോ പിടിച്ചു വലിക്കുന്നതായി തോനിയപ്പോഴാണ്‌ ഉണർന്നത്‌,ഏതോ ഒഴുക്കിൽ പെട്ടപോലെ.
ചെറുത്തുനിൽക്കാൻ കഴിയാത്തതിനാൽ ഒഴിക്കിനൊപ്പം നീങ്ങാൻ തുടങ്ങി.ഇത്രയും കാലം ചുരുണ്ടുമടങ്ങി കിടന്നപ്പോൾ ആഗ്രഹിച്ചതാണ്‌ ഒന്ന്‌ നിവരാൻ പക്ഷേ കാലുനീട്ടുമ്പോഴെല്ലാം എവിടെയോ ചെന്നിടിക്കും.
അപ്പോൾ ഒരു അശ്ശരീരികേൾക്കും “കള്ളൻ ചവിട്ടിതുടങ്ങി..ചവുട്ടല്ലെടാകള്ളാ...”.
പിന്നെ അനങ്ങാതെ കിടക്കാം എന്നു കരുതിയാലോ അപ്പോൾ  കേൾക്കാം
“എന്താ അനക്കമൊന്നുമില്ലേ.. ?”
എത്രകാലം അങ്ങനെ  കഴിഞ്ഞു എന്ന്‌ ഓർത്തെടുക്കാൻ കഴിയുന്നില്ല.ഇനി അതെല്ലം ഓർമ്മയായി എന്ന്‌  തോനി.താനെവിടേക്കോ സഞ്ചരിക്കുകയാണ്‌,ഓർമ്മകളും കാഴ്ചകളും മങ്ങുന്നപോലെ.

ശക്തമായ വെളിച്ചം കണ്ണിനെ വേദനിപ്പിച്ചപ്പോഴാണ്‌ ഓർമ്മതിരിച്ചുകിട്ടിയത്‌.
അപരിചിതമായ ശബ്ദങ്ങൾ ചെവിയെ വേദനിപ്പിക്കുന്നു.
കരഞ്ഞു.. ഉറക്കെ.. ഉറക്കെ..
ഏതോ ജീവികൾ  എടുത്ത്‌ എന്തിലോ മുക്കുന്നു.ശരീരത്തിൽ തിരുമ്മുന്നു.
ഇവരോട്‌ വേദനിക്കുന്നു എന്ന്‌ പറയണമെന്നുണ്ട്‌ കഴിയുന്നില്ല.
വീണ്ടും കരഞ്ഞു ഉറക്കെ ഉറക്കെ...
അവർ ശരീരം എന്തുകൊണ്ടോ പൊതിഞ്ഞു.ആരുടേയോ അടുത്ത്‌ കിടത്തി.
എന്തോ ഒരു സുരക്ഷിതത്വം അനുഭവപ്പെടുന്നതായി തോനി.
ഇറുക്കിയടച്ചിരുന്ന കണ്ണുകൾ പതുക്കെ തുറന്നു.
“അമ്മേടെ മോനേ..”
പരിചിതമായ ശബ്ദം ഇത്രയും കാലം കേട്ടിരുന്ന,ഏതു ശബ്ദം കേൾക്കാനായിരുന്നോ കാലുകൾകൊണ്ട്‌ ചവിട്ടിയിരുന്നത്‌ അതേശബ്ദം.
കണ്ണുതുറന്ന്‌ സൂക്ഷിച്ചു നോക്കി,സുരക്ഷിതമായ ഒരിടത്താണ്‌ എത്തിപ്പെട്ടത്‌ എന്ന വിശ്വാസത്തിൽ
കുറേ നേരമായി  ശല്യപ്പെടുത്തുന്ന ഉറക്കത്തിന്‌ പിടികൊടുത്തു.

Wednesday, August 10, 2016

താടകാശാപം

രാമനിരിക്കുന്നു സ്വർഗ്ഗത്തിൽ
ദു:ഖം കനക്കും മനസ്സുമായി
ഓർക്കുന്നു തൻ ജീവിതമത്രയും
ദു:ഖം പകർന്നൊരാ സുന്ദരിയെ

മാമുനി തന്നുടെ യാഗരക്ഷാർത്ഥം
ആയുധമാദ്യമായ് ഏന്തിയപ്പോൾ
ഓർത്തതില്ല തൻ ജീവിതമത്രയും
ദു:ഖത്തിൻ നിഴൽ വീഴുമെന്ന്

കാനന മധ്യത്തിലെത്തിയ നേരമാ
ഞാണൊലിയൊന്ന് ഉയർത്തിയപ്പോൾ
അട്ടഹാസത്തോടെ ഓടിയടുത്തൊരാ
കാട്ടാളകൂട്ടത്തെ കൊന്നൊടുക്കി
സുന്ദരി നീമാത്രം നിരായുധയെങ്കിലും
വിറയാർന്ന കൈകളാൽ തൊടുത്തൊരമ്പ്
മാറുപിളർത്തി നിൻ ജീവനെടുക്കുമ്പോൾ
“രാമാ.. നിന്നെ.. ഞാൻ..” എന്നല്ലാതെ
മറ്റൊന്നും പറയാൻ നിനക്കായതില്ല.

മന്ദരായ് വന്ന് കൈകേയിയമ്മതൻ
മാനസമത്രയും ദുഷിപ്പിച്ചതും
കാട്ടിലയച്ചപ്പോൾ കേട്ടു നിൻ ചിരി
പിന്നിൽ നിഴലയ് മറഞ്ഞുനിന്ന്

കാനനവാസത്തിൽ രാവണനായ് വന്ന്
സീതയെ അപഹരിച്ചകറ്റിയപ്പോൾ
വിരഹത്താൽ നീറുമെൻ കൂടെ നടന്ന്
അട്ടഹസിച്ചതറിയുന്നു ഞാൻ

രാവണവധംചെയ്ത് സീതസമേതനായ്
അയോദ്ധ്യയിലാമോധമായ് വാണകാലം
സീതാപരിത്യഗത്തിൻ കാരണഹേതുവാം
പ്രജയായ് വന്നതും നീ തന്നെയോ

അശ്വമേധാനന്തരം പുത്രസമേതയാം
സീതയെ സ്വീകരിച്ചെനാകിലും
ധരണി പിളർത്തി സീതയെ മറച്ചൊരാ
നേരെമെൻ ചെവിയിൽ നിൻ ചിരി മുഴങ്ങി

സ്വർഗ്ഗാരോഹണം കഴിഞ്ഞൊരു വേളയിൽ
എല്ലാം കഴിഞ്ഞെന്നാശിച്ചു ഞാൻ
രാമന്റെ പേരിൽ കലഹിക്കും പ്രജകളിൽ നീ
ഇന്നും ജീവിക്കുന്നുവോ താടകേ

എനിക്കിനി വേണ്ടൊരു രാമരാജ്യം
എനിക്കിനി വേണ്ട ക്ഷേത്രങ്ങളും
ആകെയുള്ളോരപേക്ഷമാത്രം
വീണ്ടുമൊരിക്കലീ ഭൂമി പിളരുവാൻ
നീ കാരണമാകല്ലേ.. താടകേ..നീ കാരണമാകല്ലേ..

1994 ൽ എഴുതിയ കവിത... അന്ന് വായിച്ച ഒരു കഥയാണ്‌ ഇതെഴുതാൻ പ്രചോദനമായത്...
Tuesday, July 26, 2016

അവൾ (കവിത)


എന്റെ കലാലയജീവിതത്തിനിടയിൽ എഴുതിയ ഒരു കവിത..
(1998 എഴുതിയതാണെന്നാണെന്റെ ഓർമ്മ.. )

ആരെന്നറിയില്ല എന്തെന്നറിയില്ല
ഒന്നറിയാം അവൾ സുന്ദരിയാ
എന്താണു പേരെന്ന് ചോദിക്കാനയിട്ട്
എന്നേക്കൊണ്ടായില്ല ഇന്നേവരേ

നെറ്റിയിലുള്ളൊരു ചന്ദനവും
ചുണ്ടിൽ വിരിയും പുഞ്ചിരിയും
മുടിയിലൊളിക്കും തുളസിക്കതിരും
ഏഴഴകെകി അവൾക്കെപ്പോഴും

കാണുമ്പോഴെല്ലാം അവൾ ചിരിക്കും
കൂടെ ചിരിക്കും അറിയാതെ ഞാൻ
അവളുമായ് ജീവിത സ്വപ്നങ്ങൾ കെട്ടി
അവളോടൊരു വാക്ക് പറഞ്ഞിടാതെ

പിന്നീട് കണ്ടപ്പോൾ അവളെന്നോട് ചോദിച്ചു
എന്താണു സോദരാ നിന്റെ പേര്‌?
അവളുടെ പേര്‌ ചോദിക്കും മുൻപവൾ
നീട്ടി എനിക്കൊരു വിവാഹ പത്രം

വൈകി ക്ഷണിച്ചതിൽ  ക്ഷമിക്കുക, എങ്കിലും
നാളെ വരണമെൻ വിവാഹത്തിനായ്


Sunday, July 3, 2016

കോപ്പിയടി...


പത്താം തരത്തിൽ പഠിക്കുന്ന കാലം, ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിനാലിലെ മിഡ് ടേം പരീക്ഷാകാലം..
പാഠപുസ്തകത്തിന്റെ പുതുമണം പോലും മാറാതെ കൊണ്ടു നടക്കുന്ന സുഹൃത്ത് അത്യവിശ്യം പഠപുസ്തകം തുറക്കുന്ന എന്നോടും , മറിച്ച് മറിച്ച് പുതുമണവും, മിനുമിനുപ്പും പോയ പുസ്തക്ങ്ങളുള്ള സ്കൂളിലെ പഠിപ്പിസ്റ്റുകളായ സുഹൃത്തുക്കളോടും ചില ഉപദേശങ്ങൾ..
വെറുതേ സമയം കളയാതെ ഈ ചോദ്യത്തിന്‌ ഉത്തരം അറിയോ എങ്കിൽ പറഞ്ഞുതാ എന്ന് പറഞ്ഞ് ഒരു പേപ്പർ നീട്ടി.
ഞങ്ങൾ ഇരുന്ന് എല്ലാത്തിനും ഉത്തരം കണ്ടെത്തി.
അത്ഭുതമെന്നു പറയട്ടേ അവർ എഴുതി കൊണ്ടു വന്ന എല്ലാ ചോദ്യങ്ങളും ചോദിച്ചു.
സ്കൂളിന്റെ അടുത്ത വീടായതിനാൽ സുഹൃത്തുക്കൾ ഉച്ചക്ക് ഭക്ഷണം കഴിക്കാനും, പഠിക്കാനും എന്റെ വീട്ടിൽ ഒത്തുകൂടും..
അടുത്ത പരീക്ഷയുടെ ചോദ്യങ്ങൾ അവൻ കൊണ്ടു വന്നപ്പോൾ ഞങ്ങൾ ഞെട്ടി..അത് ചോദ്യപേപ്പർ തന്നെയായിരുന്നു...
“ഡാ ഇതെവ്ട്ന്നാ കിട്ട്യേ..” പേടിയോടും അത്ഭുതത്തോടും ചോദിച്ചു
“അതൊക്കെ പിന്നെ പറയാ.. നിങ്ങൾ ഉത്തരം പറയ്..”
ഞങ്ങൾ തകൃതിയായി ഉത്തരങ്ങൾ കണ്ടുപിടിക്കുന്നതിനിടയിൽ മറ്റൊരു സുഹൃത്ത് വന്നു..
പിന്നെ കൂട്ടുകാർ കൂടി.. അവസാനം വന്നവർക്ക് ചോദ്യങ്ങളൊ ഉത്തരങ്ങളോ മനസ്സിലാക്കാൻ ആയില്ല.
അവർ തങ്ങൾക്ക് കിട്ടാത്ത ഒന്ന് മറ്റൊരാൾ അനുഭവിക്കുന്നത് കണ്ട് സഹിക്കാതെ...  ഹെഡ്മാസ്റ്ററോട് പരാതി പറഞ്ഞു.
ഇതൊന്നും അറിയാതെ പരീക്ഷാ ഹാളിലെത്തിയ ഞങ്ങളെ ഹെഡ്മാസ്റ്റർ വിളിപ്പിച്ചു..
എന്റെ വീട്ടിലായതിനാൽ ആദ്യം വിളിപ്പിച്ചത് എന്നെ ആയിരുന്നു..
പഠിപ്പിസ്റ്റുകളുടെ പേര്‌ പറയാതെ ഞങ്ങൾ കുറ്റം ഏറ്റെടുത്തു...
എവിടെ നിന്നു കിട്ടി, എങ്ങിനെ കിട്ടി എന്നറിയാനുള്ള ചോദ്യം ചെയ്യലുകൾ...
അവസാനം..
എല്ലാ വർഷവും കിട്ടിയിരുന്ന പ്രിന്റിങ്ങ് ജോലിയിൽ നിന്ന് സുഹൃത്തിന്റെ പ്രസ്സിനെ ഒഴിവാക്കി...
പഠിച്ച് എഴുതി വാങ്ങിയ മാർക്കെല്ലാം കോപ്പിയടിച്ചു വാങ്ങിയയതാണെന്ന് അവർ വിധിയെഴുതി...

പ്രിയ സുഹൃത്തുക്കൾ അനിൽ,ദിനൻ,വികാസ്,ഡെൻസൻ,നന്ദൻ പിന്നെ അനൂപ്,പ്രശാന്ത് എന്നിവർക്കായ് സമർപ്പിക്കുന്നു.