Friday, November 23, 2012

ഒരു അപകടം..

നിലത്ത്‌ സുഹൃത്ത്‌ കിടക്കുന്നു..വായില്‍ നിന്ന്‌ ചോര വരുന്നുണ്ട്‌...
കുറച്ചു സമയം എന്തു ചെയ്യണം എന്നറിയാതെ ഞാന്‍ പകച്ചു നിന്നു..
ആളുകള്‍ ഓടി കൂടി..
"പോലീസിനെ വിളിക്കൂ..ആംബുലന്‍സ്‌ വിളിക്കൂ.."
എന്നെല്ലം പറയുന്നെങ്കിലും ആരും ഒന്നിനും മുതിരുന്നില്ല...
വന്നിടിച്ച വണ്ടി ഓടിച്ചിരുന്ന ആള്‍ അയാളുടെകയ്യില്‍ തെറ്റില്ല എന്ന്‌ വാദിക്കുന്നു..കണ്ടു നിന്നവര്‍ അതിനെ എതിര്‍ക്കുന്നു..

ഞാന്‍ ആംബുലന്‍സ്‌ വിളിച്ചു..സ്തലം പറഞ്ഞു കൊടുത്തു..
ആദ്യം എത്തിയത്‌ പോലീസാണ്‌..അവര്‍ വന്ന്‌ ആളുകളെ എല്ലാം മാറ്റി..സുഹൃത്ത്‌ അപ്പോഴും നിലത്ത്‌ കിടക്കുന്നു... കുറച്ചു കഴിഞ്ഞപ്പോള്‍ ആംബുലന്‍സ്‌ എത്തി...
അവര്‍ സുഹൃത്തിനെ എടുത്ത്‌ സ്റ്റ്രച്ചറില്‍ കിടത്തി...പരിചരണം തുടര്‍ന്ന്‌ പരിശോധന ... പിന്നീട്‌ ആശുപത്രിയിലേക്ക്‌
തീവ്ര പരിചരണ വിഭാഗത്തിനു പുറത്ത്‌ ഞാനിരുന്നു.

 റെസ്റ്റോറണ്ടില്‍ നിന്ന്‌ ചായ കുടിച്ച്‌ ആദ്യം ഇറങ്ങിയത്‌ അവനാണ്‌..അവണ്റ്റെ പിറകില്‍ നടക്കുന്നതിനിടയില്‍ അമ്മയുടെ ഫോണ്‍..
കട്ട്‌ ചെയ്യ്ത്‌ വിളിക്കാന്‍ നോക്കിയപ്പോള്‍ ബാലന്‍സ്‌ കുറവ്‌.. തൊട്ടടുത്ത കടയില്‍ കയറി
റീചാര്‍ജ്ജ്‌ ചെയ്ത്ത്‌ അമ്മയെ വിളിച്ചു..
"എന്താ അമ്മേ... "
"മോനെവിട്യാ...വയ്യായൊന്നും ഇല്ലല്ലോ.. "
"ഒന്നൂല്ല്യമ്മേ.. ഞാന്‍ കുറച്ച്‌ തിരക്കിലാ പിന്നേ വിളിക്കാം.."
എന്ന്‌ പറഞ്ഞ്‌ ഫോണ്‍ കട്ട്‌ ചെയ്തപ്പോഴാണ്‌.അവനെ പുറകില്‍ നിന്ന്‌ വന്ന ഒരു കാര്‍ ഇടിച്ചത്‌.

ദൈവമേ.. അമ്മ വിളിച്ചില്ലായിരുന്നെങ്കില്‍...
 അവനോട്‌ പറഞ്ഞിട്ടാണ്‌ ഞാന്‍ കടയില്‍ കയറിയത്‌.. പക്ഷേ അവന്‍ എന്നെ കാത്തു നിന്നിരുന്നെങ്കില്‍...
എന്നെ മൊബൈല്‍ റീചാര്‍ജ്ജ്‌ ചെയ്യാന്‍ പ്രേരിപ്പിച്ചതും...
അവന്‌ എന്നെ കാത്തു നില്‍ക്കാന്‍ തോനിപ്പിക്കത്തിരുന്നതും എന്താണ്‌... ?

അപകടത്തില്‍ പെട്ടില്ലെങ്കിലും ആശുപത്രിവാസവും,മറ്റു നൂലാമാലകളും എനിക്കുകൂടി അവന്‍ പകുത്തു തന്നു...

ചെറിയ പരിക്കുകളോടെ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതില്‍ അവന്‍ ദൈവത്തിനു നന്ദി പറഞ്ഞു... ഞാനും 

Friday, October 19, 2012

ഞാനും ദൈവവും തമ്മില്‍...

"ദൈവമേ എന്തു ചെയ്യും ... "

മനസില്‍ ഒരുപാടുവട്ടം ആലോചിച്ചിട്ടും ഒരു എത്തും പിടിയും കിട്ടുന്നില്ല.

അമ്മയോട്‌ പറഞ്ഞാല്‍
"നിന്നോട്‌ അപ്പ്ഴേ പറഞ്ഞതല്ലേ...ഇതിനൊന്നും പോണ്ടാന്ന്‌..ഇണ്ടായിരുന്ന ജോലീം കളഞ്ഞ്‌...ഇനി എന്തുചെയ്യാനാ.."

ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കണ്ട.. അനിയനോടുപറഞ്ഞാല്‍

"ആഹാ...ഇനി പറഞ്ഞിട്ടെന്താ...എനിക്കപ്പഴേതോനിയിരുന്നു..ഇതിങ്ങനെയൊക്കെയേ ആകൂന്ന്‌..ആലോചിച്ച്‌ എന്താന്നെച്ചാ ചെയ്യ്‌.. "

അമ്മ അങ്ങിനെയൊക്കെ പറഞ്ഞാലും വീണ്ടും വിളിച്ച്‌ പറയും
"മോനേ..പോയത്‌ പോട്ടേ...നീ ഇങ്ങട്ട്‌ പോരേ...ജീവിക്കാന്‍ വകയില്ലാത്തോരൊന്ന്ല്ലല്ലോ ഇമ്മള്‌.. "

അമ്മ എപ്പോഴും അങ്ങിനെയാ ആദ്യം ദേഷ്യപ്പെടുമെങ്കിലും പിന്നീട്‌ സമാധാനിപ്പിക്കും.

നാട്ടില്‍ കുറച്ച്‌ പൊതു പ്രവര്‍ത്തനവും ചെറിയ ഒരു ജോലിയുമായി നടന്നിരുന്ന സമയം ചില ദിവസങ്ങളില്‍ വൈകീട്ട്‌ വരുംബോള്‍ ഞാനെന്തെങ്കിലും വാങ്ങും അമ്മക്ക്‌...
ഞങ്ങളുടെ ചെറുപ്പത്തില്‍ അമ്മ പുറത്തു പോയി വരുന്ന സമയത്ത് എന്തെങ്കിലും വാങ്ങുമായിരുന്നു.

കൊടുത്തപ്പോള്‍ പതിവിലും വിപരീതമായി അമ്മ പറഞ്ഞു..
 "അമ്മക്ക്‌ വയ്യെടാ..ന്നാലും മോന്‍ കൊണ്ടന്നതല്ലേ..കുറച്ചു കഴിക്കാം.. "

"എന്തേ അമ്മേ വയ്യായ..ഡോക്ടറുടെ അട്ത്ത്‌ പോണോ..?"

ഇന്നു വരെ അമ്മ വയ്യ എന്ന്‌ പറഞ്ഞ്‌ കേട്ടിട്ടില്ല.
പക്ഷേ അമ്മക്ക്‌ അസുഖമുണ്ടോ എന്ന്‌ ഞാനും തിരക്കിയിട്ടില്ല.

 "ഒന്നൂം ഇല്ല്യാ,,രണ്ടീസായി സുഖല്യായ്മ തൊട്ങ്ങീട്ട്‌.. അത്‌ മാറിക്കോളും.. "
പിന്നെ ഞാനൊന്നും ചോദിച്ചില്ല.

അന്നൊക്കെ എന്നും രാത്രി ടി വി കണ്ട്‌ ഉറങ്ങും പിന്നെ അമ്മ വന്ന്‌ ലൈറ്റു ടിവീം ഓഫാക്കും അന്നും ഞാനെപ്പോഴാ ഉറങ്ങിയത്‌ എന്നറിയില്ല. 

അമ്മവിളിക്കുന്നത്‌ കേട്ടാണ്‌ എഴുന്നേറ്റത്‌...സമയം നോക്കിയപ്പോള്‍ മൂന്നു മണി.. തോനിയതാവും എന്നു കരുതി ഉറങ്ങാന്‍ തുടങ്ങിയപ്പോള്‍
"മോനേ...മോനേ.." 
അമ്മയുടെ വിളികേട്ടപ്പോള്‍ ഓടി അടുത്ത്‌ ചെന്നു.
"മോനേ .. അമ്മക്ക്‌ തീരെ വയ്യെടാ.."
എന്തു ചെയ്യണം എന്നറിയാതെ കുറച്ചു നിമിഷം. 
വേഗം സുഹൃത്തിനെ വിളിച്ചു അവന്‍ കാറുമായി എത്തി.
ഞങ്ങള്‍ രണ്ടുപേരും കൂടി അമ്മയുമായി ഹോസ്പിറ്റലില്‍..

"അവിടെ പോയി ഈ ബില്ല്‌ അടക്കൂ.." നേഴ്സിണ്റ്റെ കയ്യില്‍ നിന്ന്‌ ബില്ല്‌ വാങ്ങി ഞാന്‍ പകച്ചു നിന്നു. 
 എന്റെ കയ്യിൽ ഉള്ളത്ത്‌ കുറച്ചു പണം മാത്രം ആദ്യമായി ഒറ്റക്ക്‌ ഒരു പ്രശനത്തെ അഭിമുഖീകരിക്കുന്നു.
ഇന്നു വരെ ഒന്നും ഞാന്‍ അന്വേഷിച്ചിട്ടില്ല എല്ലാം അമ്മ നോക്കും.
അഛന്‍ മരിച്ചതിനുശേഷം ആരും അമ്മയുടെ സുഖവിവരം അന്വേഷിച്ചുകാണില്ല.

സുഹൃത്ത്‌ എന്റെ കയ്യില്‍ നിന്ന്‌ ബില്ല്‌ വാങ്ങി അടച്ചു.
പ്രീഡിഗ്രിക്കിടയില്‍ പഠനം നിര്‍ത്തി പണിക്കുപോയി തുടങ്ങിയവന്‍..
ഞാനോ അതിനു ശേഷം എന്തെല്ലാം പഠിച്ചു..
ഹാര്‍ഡ്‌വെയര്‍ സോഫ്റ്റ്‌വെയര്‍ അങ്ങിനെ സോഫ്റ്റ്‌വെയര്‍ സപ്പോര്‍ട്ട്‌ എക്സികൂട്ടീവ്‌ പറയാന്‍ നല്ല സുഖമുണ്ട്‌..
പക്ഷേ ഗുണമില്ല.

"നീ കാര്യം പറഞ്ഞപ്പോഴെ കുറച്ചു കശ്‌ കയ്യീവെച്ചു..നീ മറക്കുന്നറിയാം.."

അവന്‍ പറഞ്ഞപ്പോള്‍ ഞാന്‍ വെറുതേ മൂളി.
"വീട്‌ പണിക്ക്‌ സിമണ്റ്റ്‌ വാങ്ങാനുള്ള കാശാ..കുഴപ്പല്യാ..ഞാനഡ്ജസ്റ്റ്‌ ചെയ്‌തോളാ.."

അവനോട്‌ മനസ്സില്‍ തോനിയ ബഹുമാനം..
നന്ദിയേക്കാള്‍ ഉയര്‍ന്ന വികാരമായ്‌ നിറഞ്ഞു.

ഇങ്ങനെ പലപ്പോഴായി പലരുടെ രൂപത്തില്‍ ഞാന്‍ ദൈവത്തെ കണ്ടിട്ടുണ്ട്‌.

വിദേശത്തുള്ള അനിയനെ വിളിച്ചു പറഞ്ഞു.
"ഇപ്പോ എങ്ങ്നിണ്ട്‌.. "
"കൊഴപ്പല്യാന്നാ ഡോക്ടര്‍ പറഞ്ഞേ.. "
"കാശുണ്ടല്ലോ ലേ.... " 
ഇല്ല എന്നു പറയാന്‍ തോനിയില്ല

ഒരു മാസം അമ്മ ആശുപത്രിയില്‍ കിടന്നു. അമ്മയുടെ കൂടെ ഞാനും,ഇടക്ക്‌ വീട്ടില്‍ പോകും അടിച്ചു വൃത്തിയാക്കി വരും.
ഓഫീസില്‍ ചെയ്ത്ത പ്രൊഗ്രാമുകളുടെ ലിസ്റ്റ്‌ എടുത്തു നൂറിലധികം വരും..
ഒന്നിനും  കാശ് കിട്ടിയിട്ടില്ല ... 
ചോദിച്ചാലോ‌ ... വേണ്ട...  മനസ്സ് ഉടക്കി ...

 പണം എങ്ങിനെ കണ്ടെത്തും... 
പക്ഷേ അമ്മ ചെക്ക്‌ ഉപ്പിട്ടു തന്നു പണമെടുത്ത്‌ ബില്ല്‌ അടക്കാന്‍ ചെന്നു
"എന്താ ഇവടെ.. " 
നോക്കിയപ്പോള്‍ എക്കൌണ്ട്സ്‌ മാനേജര്‍

"അമ്മയെ അഡ്മിറ്റ്‌ ചെയ്തിരുന്നു..ഡിസ്ചാര്‍ജ്‌ ആയി..ബില്ല്‌ അടക്കാന്‍ വന്നതാ.."

ഇതു കേട്ടപ്പോള്‍ അദ്ദ്യേഹം എന്നെ അകത്തേക്ക്‌ വിളിച്ചു.
ബില്ലില്‍ എഴുതി ഡിസ്കൌണ്ട്‌ ഇരുപത്തഞ്ച്‌ ശതമാനം. 
ഒന്നും ചോദിക്കാതെ അദ്ദേഹം ചെയ്ത ഉപകാരത്തിന്‌ നന്ദി പറയാനൊരുങ്ങിയപ്പോള്‍ അദ്ദേഹം പറഞ്ഞു
"എത്ര തവണ ഇവിടെ ടാലി ശരിയാക്കി പൈസവാങ്ങാതെ പോയിട്ട്ണ്ട്‌..ഇത്‌ അതില്‍ക്ക്‌ വരവ്‌ വെച്ചിരിക്കണു.."

ടാലിയാണ് അവർ ഉപയോഗിക്കുന്നത്‌.
പലപ്പോഴും ഓഫീസിലേക്കു പോകുംബോഴോ തിരികെ വരുംബോഴോ..
അവര്‍ വിളിക്കുകയാണെങ്കില്‍ അവിടെ ചെന്ന്‌ ശരിയാക്കുമായിരുന്നു.

ദൈവം വീണ്ടും മുന്നില്‍..

മനസ്സ്‌ അത്രക്ക്‌ വിഷമിച്ചിരുന്നു അമ്മയുടെ കയ്യില്‍ നിന്ന്‌ ചെക്ക്‌ ഒപ്പിട്ട്‌ വാങ്ങുംബോള്‍..
 എന്റെ കയ്യില്‍ ഒന്നുമില്ലല്ലോ എന്ന്‌ ഓര്‍ത്ത്‌.
നാട്ടില്‍ നിന്നാല്‍ ഇനി രക്ഷയില്ല.
ഇവിടെ എനിക്ക്‌ മാറാന്‍ കഴിയില്ല..
എന്റെ ചിന്തകള്‍ മനസിലാക്കിയാകണം അമ്മ പറഞ്ഞു..
"എന്നെ നോക്കി നിന്ന്‌ മോണ്റ്റെ ഭാവി കളയണ്ടാ..ഇപ്പോ എനിക്ക്‌ കൊഴപ്പല്യാ..ഇവ്‌ടെ നിന്നാ നീ ശര്യാവില്ല്യാ.. "

അവസാനം ഞാന്‍ പ്രവാസിയകാന്‍ തീരുമാനിച്ചു.
കുറച്ച്‌ കാലം ജോലിചെയ്തു..
പിന്നേ സഹപ്രവര്‍ത്തകരോടൊപ്പം ബിസ്സിനസ്സ്‌ തുടങ്ങി..
ചെറിയ മുടക്കുമുതല്‍..
രാപ്പകലില്ലാതെ പണിയെടുത്ത്‌ ഞങ്ങള്‍ ടോപ്പ്‌ ഫൈവ്‌ സോഫ്റ്റ്‌വെയര്‍ സെയിൽസ് പാര്‍ട്ട്‌ണര്‍ മാരില്‍ ഒന്നായി മാറി.

എവിടെയാണ്‌ പിഴവ്‌ പറ്റിയത്‌..
അറിയില്ല..
വേലിതന്നെ വിളവ്‌ തിന്നുന്നത്‌ മനസ്സിലാക്കാന്‍ കഴിഞ്ഞില്ല...
ചതിവു പറ്റിയിരിക്കുന്നു...
പതുക്കെ പിന്‍മാറുകതന്നെ ഒരു ജോലി ശരിപ്പേടുത്തണം.

പുതിയ തീരുമാനമെടുപ്പിന്റെ മുൻപായി ക്ഷേത്ര ദര്‍ശനം നടത്തി.

 "ശംബോ മഹാദേവാ.." 
ദക്ഷിണേന്ത്യന്‍ ശൈലിയിലുള്ള ശിവക്ഷേത്രമാണ്‌.
ദര്‍ശനത്തിനുശേഷം പ്രസാധമായ്‌ കിട്ടിയ പൂരിയും കറിയും ലഡൂവും കയ്യില്‍ പിടിച്ച്‌ ക്രീക്കിനടുത്തുള്ള ബഞ്ചില്‍ ഇരുന്നു.

"ഹലോ...എന്താ വര്‍ത്താനം.." 
എന്ന ചോദ്യം കേട്ട്‌ തിരിഞ്ഞു നോക്കിയപ്പോള്‍ പഴയ ഒരു സഹപ്രവര്‍ത്തകന്‍.
"അല്ലാ.. ഇതാരാ... എന്നാ വന്നേ..നാട്ടിലെ ബിസ്സിനെസ്സ്‌ ഒക്കെ.. "

"നന്നായി പോണൂ..ഇങ്ങളെ ..എങ്ങനെ... "

"കുറച്ച്‌ പ്രശനത്തിലാ...എന്താ വേണ്ടേ എന്നറിയാതെ നില്‍ക്കുകയാ.."
വിഷമത്തോടെ പറഞ്ഞു.

"ഇക്ക്‌ കേട്ടപ്പഴേ.. തോന്നീര്‍ന്ന്‌.... ഇയ്യാല്ലാണ്ട്‌.. ഓരെക്കൂടെ ബിസ്സിനസ്സ്‌ ചെയ്യോ... "

"ഊം.." 
കുറ്റപ്പെടുത്തല്‍ ഇതെല്ലാവരില്‍ നിന്നും പ്രതീക്ഷിക്കുന്നുണ്ട്‌.
പലരും കൂട്ടു കച്ചവടം വേണ്ടാ എന്നു പറഞ്ഞിരുന്നു കേട്ടില്ല.

"പോയത്‌ പോട്ടെ..ഇനി എന്താ പ്ളാന്‍.. "

"നാട്ടീപോണം...അവടെ എന്തെങ്കിലും ജോലി നോക്കണം..ഇനി ഇങ്ങോട്ടില്ല...അത്രതന്നെ... "

"നിന്നെ.. എനിക്ക്‌ വിശ്വാസാ..ഞാനിവടെ വന്നത്‌ ഒരു ബിസ്സ്സിനസ്സ്‌ പ്ളാനുമായിട്ടാ...ഇപ്പോ ഒരു ചെറിയമാറ്റം വരുത്തിയാലോ എന്നാലോചിക്കുകയാ.. "

അവന്‍ പറഞ്ഞ അശയം ഇഷ്ടപ്പെട്ടു. എവിടെ ആയാലും പണിയെടുക്കണം പിന്നെ ഒരു സുഹൃത്തിനോടൊപ്പമായാല്‍ എന്താ..

 ആലോചനക്കിടയില്‍ അവന്‍ വീണ്ടും പറഞ്ഞു
"ഞാനെതായാലും അടുത്ത ദിവസം തിരിച്ചു പോവാ.. നാട്ടിലെത്തി വിളിക്ക്‌..ഇമ്മക്ക്‌ വിശദായി സംസാരിച്ച്‌ തീരുമാനിക്കാം.. . "

വീണ്ടും ദൈവം ഒരു സുഹൃത്തിന്റെ രൂപത്തില്‍ മുന്നില്‍.

രാപ്പകലില്ലാതെ പണിയെടുത്ത്‌ ഉയര്‍ത്തികൊണ്ടു വന്ന സ്ഥാപനത്തിൽ നിന്ന്‌..
വെറും കയ്യോടെ പടിയിറങ്ങി...
ഇത്രയും നാളത്തെ പ്രവാസ ജീവിതത്തില്‍ നേടിയതില്‍ ചിലത്‌ നഷ്ടപ്പെടുത്തി വീണ്ടും നാട്ടിലേക്ക്‌..

 നാട്ടിലെത്തി കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ പ്രതിക്ഷിച്ചപോലെ തന്നെ അമ്മയും അനിയനും. 
എല്ലാം കേട്ട്‌ മറുപടി പറയാനില്ലാതെ കുറച്ചു നിമിഷം

സുഹൃത്ത്‌ പറഞ്ഞതു പോലെ അവനെ വിളിച്ച്‌ വീട്ടിലേക്ക്‌ പോകാന്‍ തയ്യാറായി. 
ഒരു പുതിയ തുടക്കം
അമ്മയോട്‌ യാത്ര പറഞ്ഞിറങ്ങുംബോള്‍ എടിഎം കാര്‍ഡ്‌ നീട്ടിക്കൊണ്ട്‌ പറഞ്ഞു

"മോണ്റ്റെ കയ്യീ കാശുണ്ടോ...എല്ലെങ്കീ ഇതീന്നെടുത്തോ.."
നിരസിക്കാനാവുമായിരുന്നില്ല.
അതും
 വാങ്ങി നടന്നപ്പോള്‍ അമ്മ പറയുന്നുണ്ടായിരുന്നു.

"എന്നാ ഇവന്‍ നന്നായി കാണുക എന്റെ ഭഗവാനേ...!!!"

Thursday, October 4, 2012

ഒരു കഥയും ഞ സ ഉ (ഞാനും സനാഫും.. ഉണ്ണിക്കുട്ടന്നും )

വീണ്ടും അവളുടെ മെസ്സേജ്‌ ...
"എന്തുപറയുന്നു.. "എന്തു മറുപടി പറയണം എന്നറിയാതെ അയാള്‍ കീബേഡില്‍ വരലമര്‍ത്തി..
 കഴിഞ്ഞ മെസ്സേജിനു എഴുതിയ മറുപടി എടുത്തു നേക്കി .. ഇതു തന്നെയല്ലേ കുറച്ചു മുന്‍പേ ചോദിച്ചത്‌..ചോദിച്ചാലൊ..? വീണ്ടും മനസ്‌ ഉടക്കി.. വേണ്ടമറുപടി അയച്ചു
"സുഖമായിരിക്കുന്നു....എന്താ വിശേഷം... ?"
മറുപടി വേഗം കിട്ടി  "സുഖം.. "
അടുത്ത ദിവസവും അയാള്‍ ഓണ്‍ലൈനില്‍ എത്തി...പതിവുപോലെ അവള്‍..ചോദ്യങ്ങള്‍ ..ഉത്തരങ്ങള്‍...പതുക്കെ പതുക്കെ ചോദ്യത്തിനും ഉത്തരത്തിനുമിടയിലെ സമയ ദൈര്‍ഘ്യം കുറഞ്ഞു വന്നു.

നേരില്‍കാണാതെആരെന്നറിയാതെ..എന്തെന്നറിയാതെ..മനസില്‍..എവിടെയോ..സൌഹൃദത്തിനുമപ്പുറത്ത്‌..ഒരടുപ്പം...
 പതിവുപോലെ അയാള്‍ ഓണ്‍ലൈനില്‍ എത്തിയപ്പോള്‍ അവളുടെ ഒരു മെയില്‍
 "നാളെ കാലത്ത്‌ ഞാന്‍ ഗുരുവായൂറ്‍ ക്ഷേത്രത്തില്‍ വരുന്നുണ്ട്‌.. വരുമോ.. ? മേല്‍പത്തൂറ്‍ ഓഡിറ്റോറിയത്തില്‍ ഞാനുണ്ടാകും..? വരുമെന്നു പ്രതീക്ഷിക്കുന്നു. - ഗായത്രി"
മനസ്സില്‍ നിറയുന്ന ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കണ്ടെത്താനായില്ലെങ്ങിലും അയാള്‍ക്ക്‌ പോകാതിരിക്കാനായില്ല.
ഓഡിറ്റോറിയത്തിനു മുന്നില്‍ നിന്ന്‌ കാണാത്ത ഒരാളെ എങ്ങിനെ തിരയും..എന്ന്‌ ചിന്തിച്ചു നിന്നു.
"വരുമെന്ന്‌ കരുതിയതല്ല..സന്തോഷായി.."എന്ന്‌ പറഞ്ഞ്‌ തണ്റ്റെ മുന്നിലേക്ക്‌ എത്തിയ പെണ്‍കുട്ടിയെ അയാള്‍ അത്ഭുതത്തോടെ നോക്കി.
നവ വധുവിനെപ്പോലെ അണിഞ്ഞൊരിങ്ങിയ അവളോട്‌ ഒന്നും പറയാനാവാതെ അയാള്‍ നിന്നു. "ഞാന്‍ ഒരുപാട്‌ ആഗ്രഹിച്ച ദിവസാ" അവള്‍ പറഞ്ഞപ്പോള്‍പെട്ടന്ന്‌ അയാള്‍ പറഞ്ഞു
"ഞാനും.. "
"അതേയോ...ഞാനൊരുപാട്‌ തവണപറയണം എന്നു കരുതിയീട്ടും പറയാതിരുന്ന ഒരു രഹസ്യം പറയാനാ..കാണണംന്ന്‌ പറഞ്ഞേ.. "
അവള്‍ പറഞ്ഞുതുടങ്ങി,ഇനി അവള്‍ തന്നെ പറയട്ടെ അയാള്‍ ശ്രോതാവായി.
 "ഞാനൊരാളെ പരിചയപ്പെടുത്താന്‍ മറന്നു..ഇത്‌ ശ്രീജിത്ത്‌.."
 അവള്‍ പറഞ്ഞപ്പോഴാണ്‌ അയാള്‍ അവളോടൊപ്പമുള്ള ചെറുപ്പക്കാരനെ ശ്രദ്ധിച്ചത്‌.
 "ഞങ്ങള്‍ തമ്മില്‍ ഇഷ്ടത്തിലാ...വീട്ടുകാരുടെ സമ്മതത്തോടെ ഒരു വിവാഹം നടക്കില്ല...ഒരു ജേഷ്ഠണ്റ്റെ സ്ഥാനത്ത്‌ നിന്ന്‌ ഞങ്ങളുടെ വിവാഹം നടത്തി തരണം.. "
അയാളുടെ കാല്‍ക്കള്‍ വീണ്‌ നമസ്കരിച്ച അവളെ എഴുന്നേല്‍പിച്ചു.
 "നിങ്ങളുടെ വിവാഹം നടത്തിതരാന്‍ ഞാന്‍ യോഗ്യനല്ല..എങ്കിലും എണ്റ്റെ എല്ലാവിധ അനുഗ്രഹങ്ങളും നിങ്ങള്‍ക്കുണ്ടാകും.." എന്ന്‌ പറഞ്ഞ്‌ തിരിഞ്ഞ്‌ നടന്നു.
കുറച്ചു ദിവസങ്ങള്‍ക്കുശേഷം അയാളൂടേ ഇന്‍ബോക്സിലേക്ക്‌ അവളൂടെ ഒര്‍ മെയില്‍ വന്നെത്തി.
"ഞങ്ങളൂടെ വിവാഹം കഴിഞ്ഞു..ഒരു ദിവസം ജ്യേഷ്ഠത്തിയേയും കൂട്ടീ വീട്ടിലേക്ക്‌ വരണം..ക്ഷമിക്കണം ഇതു വരെ ജ്യേഷ്ഠണ്റ്റെ കുടുംബത്തെ കുറിച്ച്‌ ഞാന്‍ ചോദിച്ചിട്ടില്ല.ജ്യേഷ്ഠത്തിയോടും കുട്ടികളോടും ഈ ആണ്റ്റിയുടെ അന്വേഷനം അറിയിക്കണം. ഞങ്ങളൂടെ പുതിയ വീടിണ്റ്റെ വിലാസം താഴെകൊടുക്കുന്നു.വരുമെന്ന പ്രതീക്ഷയോടെ.. അനിയത്തി"

 "ഡാ..എന്തൂട്ടാ ഈ എഴുതീട്ടിള്ളത്‌...? ഒരു കഥാകൃത്ത്‌ വന്നീര്‍ക്കണ്‌.."
 പറഞ്ഞപ്പോഴാണ്‌ തണ്റ്റെ പുറകില്‍ വന്നു നിന്ന്‌ കഥ വായിക്കുന്ന സനാഫിണ്റ്റെ ശ്രദ്ധിച്ചത്‌.
"ഈ എന്‍ംബതിലെ കഥ...ഇപ്പഴത്തേ സാഹചര്യത്തിലവതരിപ്പിച്ചാ എങ്ങനെ ശര്യാവ്വാ.. "
ഇതു കേട്ട ഉണ്ണിക്കുട്ടന്‍ വന്ന്‌ കഥ വായിച്ചു എന്നിട്ട്‌ പറഞ്ഞു
"ക്ളൈമാക്സ്‌ ശരിയായില്ല.. "
"എന്തൂട്ട്‌ ക്ളൈമാക്സ്‌..ഒന്നും ശര്യായില്ല..ചാറ്റിംഗ്‌..ഡേറ്റിംഗ്‌..മേറ്റിംഗ്‌...അതാ ഇപ്പഴത്തെ ഒരു സ്റ്റൈല്‍..അപ്പഴാ അവണ്റ്റെ ഒരു രമണന്‍" സനാഫ്‌ തറപ്പിച്ചു പറഞ്ഞു.
"ഞാന്‍ പറയുന്നത്‌ അവസാനം ഇങ്ങനെ ആക്കിക്കൂടെ"
ഉണ്ണിക്കുട്ടന്‍ പറഞ്ഞു തുടങ്ങി
"ആ ചെക്കനെ കണ്ടില്ലേ..അവ്ടന്ന്‌ തൊടങ്ങാ.. എന്നിട്ട്‌ ആ പെണ്ണ്‌ പറയ്യാ.. "
 "ഞങ്ങളൂടെ വിവാഹാ..ഒന്ന്‌ രജിസ്ട്രാഫീസില്‍ വന്ന്‌ നടത്തി തരോ.. "
അവളങ്ങനെ പറഞ്ഞപ്പോള്‍ മനസ്സില്ല മനസ്സോടെ അയാള്‍ അവരോടൊപ്പം നടന്നുരജിസ്ട്രാഫീസില്‍ അവരെ കാത്ത്‌ ഒരു പെണ്‍കുട്ടി നില്‍ക്കുന്നുണ്ടായിരുന്നു..
"എല്ലാം ശരിയായിട്ടുണ്ട്‌..വന്ന്‌ ഒപ്പിടാം.. "
വരനും വധുവും കൂടെ രണ്ടു സാക്ഷ്കളായി അയാളും ആ പെണ്‍കുട്ടിയും ഒപ്പിട്ടു.പുറത്തിറഞ്ഞി അവരെ യാത്രയാക്കുംബോള്‍..തണ്റ്റെ വിഷമം പുറത്തുകാണിക്കാതിരിക്കന്‍ അയാള്‍ ശ്രമിക്കുന്നുണ്ടായിരുന്നു.
"ഹെല്ലോ..അവര്‍ക്ക്‌ ചിറകുകള്‍ മുളച്ചിരിക്കുന്നു...നമുക്ക്‌ മടങ്ങാം.. "
അവള്‍ പറഞ്ഞു
"ഉം..ഞാന്‍ രാജേഷ്‌...സ്കൂള്‍ മാഷാ... "
അയാള്‍ സ്വയം പരിചയപ്പെടുത്തി
"മാഷേ..എന്നെ മനസിലായില്ലേ ഞാനാ ഗായത്രീ..മാഷെ ഇത്തരമൊരു കാര്യത്തിലേക്ക്‌ വലിച്ചിഴച്ചത്തിന്‌ ക്ഷമ ചോദിക്കുന്നു"
അയാള്‍ ആശ്ചര്യത്തോടെ അവളെ നോക്കി..
 ആ മടക്കയാത്രമുതല്‍ അവര്‍ സഹയാത്രികരായി...ജീവിതാവസനം വരേ എന്ന പ്രതീക്ഷയോടെ..

ഉണ്ണിക്കുട്ടന്‍ പറഞ്ഞ കഥ ഞാനിങ്ങനെ അവസാനിപ്പിച്ചു.

 "ഇതും എനിക്കിഷ്ടായില്ല...രണ്ടീസ്സം ചാറ്റിങ്ങ്‌ പിന്നെ പബ്ബിലോ..പാര്‍ക്കിലോ കണ്ടുമുട്ടല്‍...പിന്നെ ഡേറ്റിങ്ഗ്‌...അല്ല..സോറി..ലിവിംഗ്‌ ടുഗതര്‍...പിന്നെ കുറേ..എരിവും പുളിയും ചേര്‍ക്കാം...അവസാനം മടുക്കുംബോള്‍ ബായ്‌..ഡാ എന്ന് പറഞ്ഞ്‌ മറ്റൊരു സുഹൃത്തിനോടൊപ്പം നടന്നകലുന്നിടത്ത്‌ കഥ അവസാനിക്കണം"
സനാഫ്‌ ഒന്ന് നിര്‍ത്തി ഞങ്ങളെ നോക്കി.
 "എങ്ങനിണ്ട്‌..ഇങ്ങനെയാ..ഇന്നത്തെ കഥ എഴുതാ...അല്ലാതെ രമണനും..പരീക്കുട്ടീം ഒന്നും ഇമ്മക്ക്‌ വേണ്ടാ.."
 സനാഫ്‌ പറഞ്ഞ്‌ നിര്‍ത്തി.
"ഇനി എഡിറ്റാനൊന്നും എനിക്ക്‌ വയ്യ..ഇതിങ്ങനെ തന്നെ ഇടാം..വായനക്കാര്‍ തീരുമാനിക്കട്ടേ ഏെതു വേണമെന്ന്.. "
 ഒരു ദീര്‍ഘനിശ്വാസത്തോടെയാ ഞാന്‍ പറഞ്ഞത്‌
"നീയ്യും നിണ്റ്റെ കഥേം മണി രണ്ടായി...കെടക്കാന്‍ നോക്ക്യേ.. "
അപ്പോഴാ ഞാനും സമയം നോക്കിയത്‌..ഉറക്കം വരുന്നില്ലെങ്കിലും കിടന്നു...മനസ്സിലെ സ്കീനില്‍ കഥ ഒരു സിനിമപോലെ അവതരിച്ചു..ക്ളൈമാക്സ്‌ എഡിറ്റ്‌ ചെയ്തും ..സീന്‍ എഡിറ്റ്‌ ചെയ്തും എപ്പോഴോ ഉറങ്ങിപോയി..  

Thursday, September 27, 2012

ഒരു കവിത പിറന്ന കഥ

"ഏട്ടാ..കവിത എഴുതോ... " പഴയ പുസ്തകങ്ങള്‍ എടുത്തുവക്കുന്നതിനിടയില്‍ അവള്‍ ചോദിച്ചു
"എന്തേ..അങ്ങിനെ ചോദിക്കാന്‍... ?" അരു ചോദ്യത്തിന്‌ മറുചൊദ്യം ചോദിച്ചതിനാലാകും കുറച്ച്‌ ദേഷ്യത്തോടെ അവള്‍ പറഞ്ഞു
"പിന്നെ... ഇതെന്താ..." പഴയ ഒരു സര്‍ട്ടിഫിക്കറ്റ്‌ കാണിച്ച്‌ അവള്‍ വീണ്ടും ചോദിച്ചു.
 മനസ്സ്‌ പഴയ എട്ടാം ക്ളാസ്സ്കാരനായ്‌ മാറി

 എത്ര പഠിക്കാന്‍ ശ്രമിച്ചിട്ടും കഴിയുന്നില്ല.വേഗം പത്രമെറ്റുത്ത്‌ പരതി സമരമുണ്ടോ?.. ഇല്ല..അതും രക്ഷയില്ല..ഇന്ന്‌ അടികിട്ടും എന്നകാര്യം ഉറപ്പയി.രണ്ടാമത്തേ പിരീട്‌ മാഷ്‌ വന്ന്‌ പദ്യം ചൊല്ലിക്കും...അറിയില്ലെങ്കില്‍ ദൈവമേ ആലോചിക്കും തോറും പേടി കൂടി...
 " അല്ല മാഷ്‌ വന്നില്ലെങ്കീ... "ഇങ്ങനെ ചിന്തിച്ചപ്പോള്‍ മനസിനു സമാധാനമായി. സ്കൂളിലേക്കും പോകും വഴി മിഠായി വാങ്ങാനായി സൂക്ഷിച്ചുവെച്ച പൈസ ഭണ്ടാരത്തിലിട്ട്‌ പ്രാര്‍ഥിച്ചു
 "ദേവീ.. ഇന്ന്‌ മാഷ്‌ വരല്ലേ.. "
 സ്കൂളിലെത്തിയപ്പോള്‍ തന്നെ മാഷുമ്മാരുടെ റൂമിനടുത്ത്‌ പോയി നോക്കി...മാഷെ കാണാനില്ല... പുറത്ത്‌ മുറുക്കി തുപ്പിയതിണ്റ്റെ പാടും ഇല്ല.
 "ണ്റ്റെ ദേവീ രക്ഷപ്പെട്ടു... "
ക്ളാസിലെത്തിയപ്പോള്‍ വാസു സങ്കടപെട്ട്‌ ഇരിക്കുന്നു.
 ഉയരക്രമമനുസരിച്ച്‌ ഒന്നാമതിരിക്കേണ്ട ആള്‍ ഞാനാ പക്ഷേ എട്ടാം ക്ളാസ്സില്‍ നാലമതും തോറ്റപ്പോള്‍ വാസുവിന്‌ പഠിക്കാന്‍ ഫീസ്‌ കൊടുക്കേണ്ടി വന്നു.
 "അല്ല വാസു പതിവില്ലാതെ എന്താ ഒന്നാം ബഞ്ചില്‍ ഒന്നാമനായി ഇരിക്കുന്നേ.. " എന്ന്‌ ടീച്ചറുടെ ചോദ്യത്തിന്‌
"ഇതീ ഞാമാത്രേ ഫീസ്‌ കൊടുത്ത്‌ പഠിക്കുന്നുള്ളൂ ...അപ്പോ ഞാനൊന്നാമതന്നെ ഇരിക്കും.." വാസുപറഞ്ഞപ്പോള്‍ ടീച്ചര്‍ക്ക്‌ മറുപടിയില്ലായിരുന്നു. സ്വതവേ വാസു പറയുന്ന്ത്‌ ആര്‍ക്കും തിരിയില്ല. മൂക്കും വായയും ഒനായതിനാലുള്ള കുഴപ്പമാ..ആര്‍ക്കും ഒരു ദ്രോഹവുമില്ലാത്തതിന്നല്‍ അവനെ തിരുത്താന്‍ ആരും നില്‍ക്കറുമില്ല.
 വിഷമത്തിണ്റ്റെ കാരണം ചോദിച്ചപ്പോള്‍ പദ്യം പഠിച്ചിട്ടില്ല എന്നതു തന്നെയാ കാരണം എന്ന്‌ മനസിലായി.
 "പേടിക്കേണ്ട ..മാഷ്‌ വന്‍ണ്ട്ടില്ല...പിന്നേ..ഞാന്‍ അബലത്തില്‌ വഴിപാട്‌ ഇട്ട്ട്ടിണ്ട്‌ വരാണ്ടിര്‍ക്കാന്‍.."
സ്വകാര്യത്തില്‍ ഇത്‌ പറഞ്ഞപ്പോള്‍ അവനും സന്തോഷമായി.എണ്റ്റെ സ്വകാര്യ്ം കുറച്ച്‌ ഉച്ചത്തിലായതിനാലാകും കഷ്ടപ്പെട്ട്‌ പഠിച്ചിരുന്ന പലരും പഠനം നിര്‍ത്തി...വര്‍ത്തമാനത്തില്‍ മുഴുകി.
 ഒന്നാമത്തേ പിരീട്‌ കഴിഞ്ഞു...എല്ലാവരും സന്തോഷത്തോടെ കളിക്കാനായുള്ളതയ്യാറെടുപ്പിലായി.മാഷില്ലെങ്കില്‍ സ്വതവേ കളിക്കാന്‍ പറഞ്ഞയക്കുകയാ പതിവ്‌.ഹെഡ്മാഷോട്‌ ചോദിക്കാന്‍ ക്ളാസ്സ്‌ ലീഡര്‍ ഇരങ്ങുംബോഴേക്കും അതാ നമ്മുടെ മാഷ്‌ വരുന്നു കയ്യില്‍ ചൂരലുമായി. എല്ലാവരും ദേഷ്യത്തോടെ എന്നെ നോക്കി.
 "നിനക്ക തരാട്ടാ...നിണ്റ്റെ ഒരംബലോം..വഴിപാടും.."
 ആരാ ചെവിയില്‍ പറഞ്ഞതെന്നു നോക്കാനായില്ല...ശരീരം ആകെ തളര്‍ന്നതു പോലെ..മാഷിണ്റ്റെ കൂടാതെ എല്ലാവരുടേയും തല്ല്‌ എനിക്ക്‌ വാങ്ങിതന്നല്ലോ ദേവീ...ഭണ്ടാരതീ ഇട്ട പൈസക്ക്‌ മിഠായി വാങ്ങിതിന്നാല്‍ മതിയായിരുന്നു.. എന്നെല്ലാം ചിന്തിച്ച്‌ നില്‍ക്കുംബോഴേക്കും മാഷ്‌ പദ്യം ചൊല്ലിച്ചു തുടങ്ങിയിരുന്നു.
 വാസു എഴുന്നേറ്റ്‌ നിന്ന്‌ എന്തൊക്കെയോ പറയുന്നു... ഒന്നും മനസിലാകാതെ മാഷും ഞങ്ങളും ഇരുന്നു.അവസാനം മാഷ്‌ ചോദിച്ചു
"കഴിഞ്ഞോ വാസൂ.. " വാസു തലയാട്ടി
"എന്നാ ഇരുന്നോ നെക്സ്റ്റ്‌.. "
പേടിച്ച്‌ എഴുന്നേറ്റ്‌ നിന്നപ്പോഴേക്കും പ്യൂണ്‍ നോട്ടീസുമായി വന്നു.
"കവിതാ രചനക്ക്‌ പേര്‌ കൊടുത്തിട്ടുള്ളവര്‍ ... സംസ്കൃതം ക്ളാസിലേക്ക്‌ വരേണ്ടതാണ്‌"
"മാഷേ..ഞാന്‍ കവിതാ രചനക്ക്‌ പേര്‌ കൊടുത്തിട്ടുണ്ട്‌..." പേടിയോടെയാണെങ്കിലും പറഞ്ഞു.പദ്യം ചൊല്ലികഴിഞ്ഞിട്ട്‌ പോയാമതീന്നു പറഞ്ഞാല്‍ കുടുങ്ങി..
 "പോയ്ക്കോ..പക്ഷേ..അടുത്ത ക്ളാസ്സില്‌ ചൊല്ലികേള്‍പ്പിക്കണം.." എന്ന്‌ മാഷ്‌ പറഞ്ഞപ്പോഴേക്കും പുറത്തേക്ക്‌ നടന്നു.
 ദേവീ അറിയാതെ പറഞ്ഞതൊക്കേ ക്ഷമിക്കണേ.. എന്ന്‌ പറഞ്ഞ്‌ സംസ്കൃതം ക്ളാസിലെത്തി.അവിടെ കുറച്ചുകവികള്‍ അതോ എന്നെ പോലെ പദ്യം പഠിക്കാത്തവരോ അറിയില്ല അവരോടൊപ്പം ഇരുന്നു.
മലയാളം മാഷ്‌ വന്നു വിഷയം തന്നു മഴ. സമയം രണ്ടു മണിക്കൂറ്‍ എന്നെല്ലാം പറഞ്ഞ്‌ പോയി.കവികള്‍ എഴുതിതുടങ്ങിയിരുന്നു..എല്ലാവരും ആലോചിക്കുകയും എഴുതുകയും ചെയ്യുന്നു... ഈ പിരീട്‌ കഴിയുന്നതു വരേ ഇവിടെ ഇരുന്നേ പറ്റൂ... പതുക്കേ അടുത്തിരിക്കുന്ന കവി എഴുതിയതിലെക്ക്‌ നോക്കി. മനസില്‍ അറിയാതെ ആശയം നിറയുന്നു. പേന എറ്റുത്ത്‌ എഴുതിത്തുടങ്ങി..
"ആദിയില്‍ ഭൂഗോളം ..." പണ്ട്‌ ഭൂമി കത്തിജ്വലിക്കുന്ന ഒരു ഗോളമായിരുന്നതും..പിന്നീട്‌ നില്‍ക്കാതെ പെയ്ത ആദ്യമഴയാണ്‌ ഭൂമിയെ തണുപ്പിച്ചതെന്നും...തുടഞ്ഞി..ജിവ്വണ്റ്റെ ഉത്ഭവവും ...ഇന്നത്തെ മനുഷ്യരുടെ പ്രവര്‍ത്തികള്‍ സഹിക്കവയ്യാതെ അവസാന മഴപെയ്ത്ത്‌ ഈ ഭൂമി ഇല്ലാതാകുമോ എന്ന ഉല്‍കണ്ടയില്‍ കവിത അവസാനിച്ചു.
ഒരു കവിത പഠിക്കാത്തതുകൊണ്ടുമാത്രം പിറന്ന മറ്റൊരു കവിത..
 "ഏട്ടാ...ന്താ ആലോചിക്കണേ...ഞാന്‍ ചോദിച്ചത്‌ കേട്ടില്ലേ...കവിത എഴുതോന്ന്‌.. ?"
ഒരു പുഞ്ഞിരിയോടെ അവളുടെ കയ്യിലെ സര്‍ട്ടിഫിക്കറ്റ്‌ വാങ്ങിയപ്പോഴും പഴയ എട്ടാം ക്ളാസ്സുകാരനില്‍ മനസ്സ്‌ ഉടക്കികിടക്കുകതന്നെയയിരുന്നു. 

Friday, September 14, 2012

വികസനം..

പുഞ്ജപാടത്തിനു അരികിലൂടെ ഒഴുകുന്ന കനാൽ... 
ചുറ്റിലുമായി കുറച്ചു വീടുകള്‍ അതാണ്‌ ഞങ്ങളുടെ ഗ്രാമം.
 അതിരാവിലെ ക്ഷേത്രത്തിലെ സുപ്രഭാതം കേട്ടാണ്‌ ഞങ്ങള്‍ ഉണര്‍ന്നിരുന്നത്‌. കനാലിലെ തണുത്ത വെള്ളത്തില്‍ ആദ്യം മുതിര്‍ന്നവരും പിന്നെ കുട്ടികളും അമ്മമാരും അവസാനം കുമാരേട്ടന്റെ കന്നുകാലികളും കുളിക്കും.

 കുമാരേട്ടൻ നാട്ടിലെ കറവക്കാരനും ,പാൽക്കാരനും ആയിരുന്നു.

 കുമാരേട്ടെന്റ വീട്ടിൽ പശുക്കളും,എരുമകളും ഉണ്ടായിരുന്നു... 
ഗ്രാമത്തിലെ കൃഷിക്കു വേണ്ട വളം നല്‍കിയിരുന്നത്‌ കുമാരേട്ടാനായിരുന്നു.. കൊയ്ത്തിനു ശേഷം വൈക്കോല്‍ മുഴുവൻ കുമാരേട്ടന്‍ വാങ്ങും...

രാവിലെ കുമാരേട്ടണ്റ്റെ വീട്ടില്‍ പോയി പാല്‍ വാങ്ങുക എന്നത്‌ ഞങ്ങളുടെ ദിനചര്യയായിരുന്നു..

അങ്ങിനെ കുമാരേട്ടനും വീടും ഞങ്ങളുടെ ഗ്രാമത്തിലെ അവിഭാജ്യ ഘടകമായ്‌ നിലകൊണ്ടു.

 ഞങ്ങളുടെ ഗ്രാമവും വികസിച്ചു...  
പാക്കറ്റ്‌ പാല്‍ വിതരണം തുടങ്ങി..
ഏതു സമയത്തു ചെന്നാലും  പാല്‍ ലഭിക്കും... നേരം വെളുക്കുന്നതിനു മുന്‍പേ വീടിനു മുന്നില്‍  പാക്കറ്റ്  പാൽ എത്തും.
അധികം പാല്‍ വേണമെങ്കില്‍ നേരത്തേ കുമാരേട്ടനോട് പറയണം ,
 ഇപ്പൊള്‍ എല്ലാവര്‍ക്കും ഏതു സമയത്തും പാല്‍ ലഭിക്കും... 
പാലിനായി പ്രത്യേകം പാത്രം അവിശ്യമില്ല..
പാക്കറ്റില്‍ ലഭിക്കും ഒരു പാട്‌ നന്‍മകള്‍..

 വികസന വിരോധികള്‍ എതിര്‍പ്പുമായി വന്നു.. 
പാക്കറ്റ്പാലിന്റെ ദോഷവശങ്ങളെ കുറിച്ചും,നാടിനു ഉണ്ടാകാവുന്ന നഷ്ടങ്ങളേയും കുറിച്ചും വാതോരാതെ സംസാരിച്ചു... 
 പക്ഷേ അതെല്ലാം ഗ്രാമത്തിന്റെ വികസനത്തിനേയും പുരോഗത്തിയേയും എതിര്‍ക്കുന്നവരുടെ വാക്കുകള്‍ മാത്രമായി ..  വികസന കുതിപ്പിൽ  കുമാരേട്ടനും,വികസനവിരോധികളും നിഷ്പ്രഭരായി.

കുമാരേട്ടെന്റ വീട്ടില്‍ നിന്നും ആരും പാല്‍ വാങ്ങാതെയായി...
കുമാരേട്ടെന്റ വീട്ടിലെ കന്നുകാലികളുടെ എണ്ണം കുറഞ്ഞു വന്നു.. 
 കുമാരേട്ടന്റെ വീടിനെ ആശ്രയിച്ചു ജീവിച്ചിരുന്നവര്‍ ഗ്രാമത്തിനു പുറത്ത്‌ അന്നത്തെ അന്നത്തിനുള്ള വഴിതേടി പോയി.
 
കൃഷിക്കായ്‌ പാക്കറ്റ്‌ വളങ്ങളും,യന്ത്രങ്ങളുമായ്‌ ഗ്രാമം വീണ്ടും പുരോഗതിയിലേക്ക്‌ കുതിച്ചു.
കൃഷിപ്പണിക്കാര്‍ തൊഴില്‍ തേടി ഗ്രാമത്തിനു പുറത്തേക്ക്‌ പോയി.

വികസനത്തിനൊടുവില്‍ പുഞ്ജപ്പാടം കൃഷിയിറക്കാതെ വിണ്ടുകീറിക്കിടന്നു...
അവിടെ അങ്ങിങ്ങ്‌ കോണ്‍ക്രീറ്റ്‌ മന്ദിരങ്ങള്‍ ഉയര്‍ന്നു...
മലിനമായ കനാലിലൂടെ പുതിയ പുതിയ രോഗങ്ങള്‍ ഗ്രാമത്തിലേക്ക്‌ നുഴഞ്ഞു കയറി...

ആര്‍ക്കും കുമാരേട്ടനെ ഓര്‍മയില്ല,ഇത്രയും കാലം അന്നം തന്ന പുഞ്ജപാടം ഒര്‍മയില്ല,ആവിശ്യത്തിനു വെള്ളം തന്ന കനാല്‍ ഒര്‍മയില്ല..
എല്ലാം അവര്‍ക്കു പാക്കറ്റിലായി വീടിനു മുന്നില്‍ ലഭിക്കുന്നു...

ഇനിയും ഗ്രാമം വികസിക്കുകയാണ്‌..
ആരെല്ലാം ഒര്‍മയുടെ ഭാഗമാകും എന്നറിയില്ല...
എങ്കിലും വികസിക്കട്ടെ നമ്മളില്ലാതകും വരെ... !!!

Friday, September 7, 2012

ഒരു മതിലു കെട്ടിയ കഥ ..

"ചേട്ടാ..അതിര്‍ത്തി ഒന്ന്‌ കാണിച്ചു തരണം..പൊല്ലാപ്പിനൊനും ഞങ്ങള്‍ക്കി വയ്യ..."

കരാറെടുക്കാനുള്ള അയാളുടെ താല്‍പര്യം കണ്ടപ്പോള്‍ ഇന്തിലെന്തോ തരികടയുണ്ടല്ലോ എന്ന മലയാളിയുടെ ബുദ്ധിയാണ്‌ കൂലിക്ക്‌ നിര്‍ത്തിയത്‌.. ഇനി സമയം കളയാനുള്ള ഒരോ അടവുകളുമായി വരും എന്ന്‌ മനസില്‍ പറഞ്ഞു..

 "ശരിക്കും ഉള്ള അതിര്‍ത്തി നോക്കേണ്ടാ..കുറച്ച്‌ ഉള്ളിലോട്ട്‌ നീക്കി കെട്ടിയാ മതി...ഇനി അങ്ങിനെ ഒരു പ്രശ്നം വേണ്ടാ.."
 എന്ന്‌ പറഞ്ഞ്‌ അയാള്‍ക്ക്‌ കാണിച്ചു കൊടുത്തു.
അയാള്‍ പണി തുടങ്ങി..പണി കണ്ടപ്പോള്‍ കൂലിക്ക്‌ നിര്‍ത്തിയത്‌ നഷ്ടമായില്ല എന്ന്‌ ഓര്‍ത്തു..

 കഞ്ഞി കുടിക്കുന്നതിനിടയില്‍ അമ്മ ചോദിച്ചു
 "തെക്കേക്കാരോട്‌ പറഞ്ഞല്ലോ അല്ലേ.. "
"കഴിഞ്ഞ ദിവസം രാമേട്ടനെ കണ്ടപ്പോ പറഞ്ഞിരുന്നു...അവര്‍ക്ക്‌ സ്തലം നീക്കിയിട്ടിട്ടാകെട്ടുന്നേ...പിന്നെ എന്താ കൊഴപ്പം.. "
"ഇപ്പോ തന്നെ നമ്മുടെ സ്തലം ഒരുപാട്‌ അവരുടെ കയ്യിലാ..ഹാ...പോട്ടെ ചാവുംബോ ആരും കൊണ്ടോവില്ലല്ലോ.." 
 മറുപടിയൊന്നും പറയാതെ കഞ്ഞി കുടി തുടര്‍ന്നു. നാട്ടിലെത്താലുള്ള ഒരു ശീലമാണ്‌ പ്ളവില കയില്‍ കുത്തി ..നാളികേരം ഇട്ട്‌ ഒരു കഞ്ഞി കുടി..
കഞ്ഞികുടിച്ച്‌ ഒന്ന്‌ കിടന്നു..
 "ചേട്ടാ..." പണിക്കാരണ്റ്റെ വിളികേട്ടപ്പോള്‍ ദേഷ്യം തോനി..നേരം കളയാന്‍ ഓരോ തരികിടയുമായി ഇറങ്ങും എന്ന്‌ മനസില്‍ പറഞ്ഞു..
 നോക്കിയപ്പോള്‍ രാമേട്ടന്‍ നില്‍ക്കുന്നു..
 "ഹാ.. എന്താ രാമേട്ടാ..അതിരെല്ലാം ശരിയല്ലേ..." എന്ന്‌ ചോദിച്ചിട്ടും ഒന്നും പറയാത്തതിനാല്‍ അങ്ങോട്ട്‌ ചെന്നു.. 
"അല്ല.. എന്താ ഈ കണിച്ചു വെച്ചിരിക്കുന്നേ..നീ ഇന്നലെ അതിര്‍ത്തീന്ന്‌ കുറച്ച്‌ ഇറക്കേ കെട്ടൂ എന്ന്‌ പറഞ്ഞപ്പോ ..അത്‌ എണ്റ്റെ സ്തലത്തീക്ക്‌ എറക്കീട്ടാവും ന്ന്‌ കരിതീല്ല.." 
ഇതു കേട്ടപ്പോള്‍ അത്ഭുതത്തോടെ ചോദിച്ചു.. 
"എന്താ ഈ പറേണേ..അതിര്‍ത്തീന്ന്‌ ജങ്ങടെ ഭാഗത്തീക്ക്‌ ഇറക്കല്യേ..ഞാന്‍ കെട്ട്യ്യേ.. "
"ഞങ്ഗ്ടെ ഭാഗാ..ഇപ്പഴും എനിക്ക്‌ സ്തലം കുറവാ..കെട്ട്യേത്‌ പൊളിച്ച്‌ ..ദാ..ഇവ്ട്ന്ന്‌ അങ്ങ്ട്‌ കെട്ടിക്കോ..അല്ലാണ്ടേ കെട്ടാന്ന്‌ നീ വിജാരിക്കേണ്ടാ.." 
എന്ന്‌ പറഞ്ഞ്‌ അയാള്‍ പോയി.. ഞാനെന്തു ചെയ്യും എന്ന്‌ അറിയാതെ നില്‍ക്കുന്ന എന്നെ നോക്കി ഒരു ഭീഷണി
"ഇതല്ലാ എങ്കീ.. ഇവ്ടം കൊണ്ടൊന്നും നിക്കൂല്ലാ..കേസാവും.. നിക്കൊന്നും നോക്കാനില്ല..പക്ഷേ..നിനക്ക്‌ പൂറത്ത്‌ പോണ്ടതാ.. "

ഒരുപണിയും എടുക്കാതെ ഒരു ദിവസത്തെകൂലിയും വാങ്ങി പോകുന്ന പണിക്കാരെ കണ്ടപ്പോള്‍ വെറുതേ എന്തിനാ വിദേശത്ത്‌ പോയി കഷ്ടപ്പെടുന്നേ എന്ന്‌ തോന്നി.
 "നീ പൊല്ലാപ്പിനൊന്നും പോണ്ടാ..ആ മെബറേം കൂട്ടി..അവരവടെപോയി ഒത്തുതീര്‍പ്പാക്കാന്‍ നോക്ക്‌.."
 പ്രതീക്ഷിച്ചപോലെ ഭീഷണിയില്‍ അമ്മ വീണു.

 മെംബറുടെ വീട്ടിലെത്തിയപ്പൊള്‍ മൂപ്പര്‍ പുറത്തിരിക്കുന്നുണ്ടായിരുന്നു
"വാ ..വാ ..ഞാന്‍ അങ്ങ്ട്‌ വരണന്ന്‌ വച്ചിരിക്കാര്‍നൂ...ഒരു മിനിട്ട്‌ ഒഴിവൂല്യാ.. ഒരു ഉര്‍പ്യേടേ ഉപകാരൊല്യാ ന്ന്‌ പറഞ്ഞപോല്യാ എണ്റ്റെ കാര്യം" 
ഇതു കേട്ടപ്പോല്‍ ഉപകാരമില്ലാത്തത്‌ നാട്ടുകാര്‍ക്കല്ലേ എന്ന്‌ ചോദിക്കാനാ തോനിയേ
"ഉം.... " ഒന്നു മൂളുകമാത്രം ചെയ്തു 
 "നാട്ടുകാരുടെ കാര്യങ്ങള്‍ക്ക്‌ ഓടുന്നതിനിടയില്‍ പാര്‍ട്ടി ആവിശ്യങ്ങളും...അഹാ അതു പോട്ടേ.. ഒരു ചെറ്യേ സംബാവന എഴുതിയിട്ടുണ്ട്‌..പഴയപോലെ നട്ന്ന്‌ പിരിക്കാനൊന്നും സംയമില്ല..ആളുമില്ല.."
 എന്ന്‌ പറഞ്ഞ്‌ രശിതി നീട്ടി. നോക്കിയപ്പോള്‍ അഞ്ഞൂറ്‌..ദൈവമേ..യാത്രാ ചിലവിനു തന്നിരുന്ന അംബത്‌ ദിര്‍ഹംസ്‌ പോക്കറ്റിലിട്ട്‌ ..വെയിലത്ത്‌ നടന്ന്‌ പോയി കാര്യങ്ങള്‍ ചെയൂംബോള്‍മനസിലോര്‍ക്കറുള്ളത്ത്‌ കുറച്ച്‌ വെയില്‍കൊണ്ടാലെന്താ..നാട്ടിലെ അഞ്ഞൂറ്‌ രൂപയല്ലേ കിട്ടിയത്‌ എന്നാണ്‌.നാട്ടില്‍ എത്ര നിസ്സരമായാണ്‌ അഞ്ഞൂറ്‌ രൂപ നഷ്ടപ്പെടുന്നത്‌. 
"എന്താ ഇത്ര ആലോചിക്കാന്‍..ആയിരം എഴുതേണ്ടതാ..ഇത്‌ അഞ്ഞൂറല്ലേ ഉള്ളൂ.."
 എന്ന്‌ ചോദ്യത്തിന്‌ മറുപടി ഒന്നും പറയാതെ പണം നല്‍കി. "
ഞാന്‍ വന്നത്‌ ഇമ്മടെ അതിര്‍ത്തീല്‌ ഒരു ചെറിയ പ്രശ്നം.. ഒന്ന്‌ തീര്‍പ്പാക്കിതരണം.. "
"അതൊന്നും നീ പേടിക്കേണ്ടാ...ഇപ്പോ തന്നെ നമുക്ക്‌ പോയി സംസാരിക്കം.. " 

ഞങ്ങളെ കണ്ടപ്പോഴേക്കും രാമേട്ടന്‍ പറഞ്ഞു
"മെംബറിതീ എടപെടണ്ടാ.. ഇതു ഞങ്ങളു തമ്മിലായിക്കോളാം.. " 
"അല്ല ചേട്ടാ.. സര്‍വ്വേകല്ലിന്‌ അപ്പുറത്ത്ള്‌ലേ അവര്‍ കെട്ടിയേ..പിന്നെ നിങ്ങളെന്തിനാ എതിര്‍ക്കുന്നേ.. " മെംബറുടെ ചോദ്യം കേട്ടപ്പോള്‍ ഇയാല്‍ക്ക്‌ സംബാവന്‍ കൊടുത്തത്‌ വേറുതെയായില്ല എന്ന്‌ തോനി
"അതൊന്നും ശരിയല്ല.. ഞാന്‍ പറയുന്നതാ അതിര്‌.. സര്‍വ്വേകല്ലിണ്റ്റെ കാര്യമൊന്നും എനിക്ക്‌ കേക്കണ്ടാ.. "
"അല്ല..ചേട്ടാ..ഈ.." മെംബര്‍ പറയാന്‍ തുടങ്ങുന്നതിടയില്‍ അയാള്‍ വീണ്ടും പറഞ്ഞു.. 
"മെംബാറേ..അവിടെ ആകെ രണ്ട്‌ ഓട്ടേ ഉള്ളൂ..ഇവ്ടെ ഉള്ളത്‌ ആറ്‌ ഓട്ടാ..അത്‌ ഓര്‍ത്താ നല്ലത്‌.." 
വീണ്ടും ഭീഷണി അതില്‍ മെംബര്‍ വീണു..
 ഒന്നും പറയാതെ മെബര്‍ ഇറങ്ങി പുറകേ ഞാനും.. 
"അയാളോട്‌ സംസാരിച്ചിട്ട്‌ കാര്യമില്ല.. നിണ്റ്റെ ആവിശ്യം അവിടെ മതില്‍ കെട്ടുകയല്ലേ..അതു ഞാനേറ്റു."
 മെംബര്‍ പറയുന്നത്‌ ഒന്നും മനസിലാകാതെ നില്‍ക്കുന്നതിനിടയില്‍ അയാള്‍ ഒന്നു രണ്ട്‌ ഫോണ്‍ ചെയ്യുന്നതു കണ്ടു.
 "ഞാനിതിലിടപെടുന്നതാരും അറിയണ്ട..കുറച്ചു പണം ചിലവാക്കണം..എല്ലാം ഞാന്‍ ശരിയാക്കിതരാം.. "
 അയാള്‍ പറയുന്നത്‌ സമ്മതിക്കുകയല്ലാതെ വേറെ വഴിയില്ല
"നാളെ സര്‍വ്വേയറെ ഒന്നു പോയി കണ്ടോളൂ..ഞാനെല്ലാം സംസാരിച്ചിട്ടുണ്ട്‌.." എണ്റ്റെ മറുപടിക്ക്‌ കാത്തു നില്‍ക്കാതെ അയാള്‍ പോയി.

 അടുത്ത ദിവസം സര്‍വ്വേയറൂടെ അടുത്തെത്തി. 
"ആ കൃഷ്ണേട്ടന്‍ വിളിച്ച്‌ പറഞ്ഞിരുന്നു..കാര്യങ്ങളെല്ലാം പറഞ്ഞിരിക്കുമല്ലോ.. "
"ഉം.. " എന്താണ്‌ എന്നൊന്നും ചോദിക്കാതെ ഒന്ന്‌ മൂളി 
" കണ്ടോ ഈ മാസത്തില്‍ ഒഴിവില്ല പക്ഷെ നിങ്ങള്‍ക്ക്‌ വേണ്ടി ഇത്‌ മാറ്റിവക്കുകയാ.." ഡയറി കാണിച്ചുതന്ന്‌ അയാള്‍ പറഞ്ഞു.
 അവിടെ നിന്ന്‌ പോരുംബോള്‍ സര്‍ക്കാര്‍ ഓഫീസിനെ പറ്റിയുള്ള ധാരണകളെല്ലാം തിരുത്തണമോ എന്ന്‌ ഞാന്‍ സംശയിച്ചു. 

അളവിണ്റ്റെ ദിവസം രാവിലെ സര്‍വ്വേയറുടെ ഓഫീസിലെത്തി.അയാളും സഹായിയും എന്നോടൊപ്പം പോന്നു. 
 "നിങ്ങളൂടെ ആവിശ്യ,ം ആ മതിലുകെട്ടലാണല്ലോ..അല്ലേ.." 
യാത്രക്കിടയില്‍ അയാള്‍ ചോദിച്ചു.
 "അതേ..പകുതി കെട്ടിയും പോയി.. ഒരു തീരുമാനത്തിലെത്തിച്ചാല്‍ മതി.. "
 "അതു ഞാനേറ്റു..എല്ലാം കഴിഞ്ഞ്‌ ഞങ്ങള്‍ക്കുള്ളത്‌ പറയാം .." 
അയാള്‍ പറഞ്ഞതു കേട്ടപ്പോള്‍ മെംബര്‍ പറഞ്ഞ ചിലവ്‌ ഇതായിരിക്കും എന്ന്‌ ഊഹിച്ചു. 
അളവുതുടങ്ങൈയപ്പോഴേ  രാമേട്ടന്‍  എതിര്‍പ്പുമായി രംഗത്ത്‌ എത്തി. 
"ഇത്‌ സര്‍വ്വേ അതിര്‍ത്തിയാ..അവിടെ ഞാനിടുന്ന കുറ്റി ഊരിയാ കേസാവും.."
 എല്ലാവരേയും ഭീഷണിപ്പെടുത്തുിന്ന രാമേട്ടന്‍ സര്‍വ്വേയറിടെ ഭീഷണിയില്‍ വീണു. 
കുറ്റി കിടക്കുന്നത്‌ മതിലുകെട്ടിയതിനും ഒരുപാട്‌ അകലേ.അമ്മ പറഞ്ഞിരുന്ന ഭൂമിയെല്ലം തിരിച്ചു കിട്ടിയിരിക്കുന്നു. 
സര്‍വ്വേയറേയും സഹായിയേയും ചോദിച്ച പണം നല്‍കി പറഞ്ഞയച്ചു.

കിടന്ന്‌ ഒന്ന്‌ മയങ്ങിതുടങ്ങിയപ്പോഴെക്കും കാളിംഗ്‌ ബെല്ല്‌ അടിച്ചു. നോക്കിയപ്പോള്‍ രാമേട്ടനും മെംബറും
"കയറിവാ വാ ..ഇരിക്ക്‌ .. "
"മോനേ.. മതിലുകെട്ടിയഭാഗത്തു തന്നെ കെട്ടിക്കൂടേ..ഇപ്പഴേ എനിക്ക്‌ സ്തലം കുറവാ..ഇതും പോയാ.." മറുപടി ഒന്നും പറയാന്‍ കഴിഞ്ഞില്ല..
 "നിണ്റ്റെ ആവിശ്യം മതിലുകെട്ടുക എന്നതല്ലേ.." മെംബറുടെ വക..
 "ഇതു തന്നെയല്ലേ..ഞാന്‍ ഇതു വരെ പറഞ്ഞിരുന്നത്‌..അന്നേ അത്‌ സമ്മതിച്ചിരുന്നെങ്കീ.. ഇല്ല ഇനി ഒരു മാ.. "
"മോനേ..പോട്ടെടാ..വെറുതേ എന്തിനാ വാശി.." അമ്മ ഇടയില്‍ കയറി പറഞ്ഞു. 
"അപ്പോ പിന്നേ എല്ലാം പറഞ്ഞതു പോലെ.." എന്ന്‌ പറഞ്ഞ്‌ മെംബര്‍ എഴുന്നേറ്റു.. കൂടെ രാമേട്ടനും

മതിലുപണിതു കഴിഞ്ഞപ്പോഴേക്കും ലീവ്‌ കഴിഞ്ഞു..കീശയും.. 

Wednesday, August 29, 2012

നഷ്ടപ്പെടുന്ന ഓണങ്ങള്‍...

ആഘോഷത്തിനു നടുവിലും മനസ്സ്‌ അസ്വസ്തമാണ്‌...
ഓരോ നിമിഷവും ആഘോഷമാക്കി മാറ്റി മുന്നേറുംബോഴും ഉള്ളില്‍ ഒരു നീറ്റലായ്‌ നാടും ..വീടും.. നിറയുന്നു...

എല്ലാ വര്‍ഷവും മനസില്‍ കരുതും ഓണത്തിന്‌ നാട്ടില്‍ പോകണം എന്ന്..പക്ഷേ അപ്പോഴേക്കും എന്തെങ്കിലും കാരണമുണ്ടാവും..
മനസില്‍ കരുതുന്നതുപോലെ എല്ലാം നടക്കുകയില്ലല്ലോ..
നാളയെ കുറിച്ചോര്‍ക്കാതെ ജീവിക്കാന്‍ കഴിയില്ലല്ലോ...
നാളെ ആരുണ്ടാകുമെന്ന് അറിയില്ലെങ്കിലും... !!!
ഒരു വഴിക്ക്‌ നേടുംബോഴും മറുവഴിക്ക്‌ നഷ്ടപ്പെടുന്നു...

വിലക്കുവാങ്ങിയ ഓണ സദ്യയുമായ്‌ അയാള്‍ റൂമിലെത്തി...
നേരത്തേ വരണം എന്നു കരുതിയതാണ്‌ ഓടുക്കത്തെ ട്രാഫിക്ക്‌..
വേഗം കുളിച്ചു വന്നു..ഇലവെച്ച്‌ ..കറികള്‍ എല്ലാം വിളംബി...
കഴിക്കാന്‍ തുടങ്ങിയപ്പോള്‍ ആദ്യം മുന്നില്‍ തെളിഞ്ഞത്‌..അമ്മയുടെ മുഖമാണ്‌...
"ഇനി എന്നാ എല്ലാവരും കൂടിയൊരോണം... "
 പിന്നെ ഭാര്യയുടെ മുഖം
"ഏെട്ടാ... പറ്റില്ലാ എന്നറിയാമായിരുന്നിട്ടും..വെറുതേ ആഗ്രഹിച്ചു പോയി... "
മക്കള്‍...കൂട്ടുകാരെല്ലാം അഛനമ്മാമാരുടെ കൂടെ പോകുംബോള്‍ അതും നോക്കിയിരിക്കുന്ന അവരുടെ..മുഖം...
എല്ലാം മനസില്‍ തെളിഞ്ഞു വന്നു...
കഴിച്ചെന്നു വരുത്തി അയാള്‍ എഴുന്നേറ്റു..
 കിടക്കയിലേക്ക്‌ ചാഞ്ഞു...
എന്നും തെന്നെ വേദനിപ്പിക്കുന്ന മൂട്ടകള്‍ ഇന്ന് സ്വാന്ത്വനിപ്പിക്കുകായണെന്ന് തോന്നി.. 

Sunday, August 26, 2012

ഞാന്‍...

ഞാന്‍ ആരാണ്‌..?
ആരുമായിക്കൊള്ളട്ടെ..

എണ്റ്റെ ഒര്‍മയില്‍ എനിക്കൊരു നാടുണ്ട്‌..
എനിക്കൊരു വീടുണ്ട്‌.. എനിക്ക്‌ നാട്ടൂകാരും,വീട്ടുകാരും ഉണ്ട്‌..
ഞങ്ങക്ക്‌ ഒരു വിശ്വാസമുണ്ട്‌.. ആചാരമുണ്ട്‌...സംസ്കാരമുണ്ട്‌..
മൊത്തത്തില്‍ ഒരു നാട്ടുനടപ്പുണ്ട്‌..
അങ്ങിനെ ഞങ്ങള്‍ ജീവിക്കുംബോള്‍

നിങ്ങള്‍ ഞങ്ങളോടൊപ്പം കൂടി..
നിങ്ങള്‍ ഞങ്ങളോടൊപ്പം ചേര്‍ന്നപ്പോള്‍ നിങ്ങളും ഞങ്ങളും നമ്മളായി...
നിങ്ങളുടെ വിശ്വാസവും,ആചാരവും..സംസ്കാരവും ചേര്‍ത്ത്‌.. നമ്മുടെ വിശ്വസങ്ങളും..,ആചാരവും...സംസ്കാരവും ഉണ്ടായി..
അതായി നാട്ടു നടപ്പ്‌..

നമ്മളങ്ങനെ ജീവിച്ചു കാലങ്ങളേറെ...
എന്നിട്ടും നമ്മള്‍ക്കിടയില്‍ എ്ങ്ങിനെ ഞങ്ങളും നിങ്ങളും ഉണ്ടായി... ?

 ഇപ്പോള്‍ നമ്മളില്ലാതായികൊണ്ടിരിക്കുന്നു....
 ഞങ്ങളും നിങ്ങളുമായി മാറികൊണ്ടിരിക്കുന്നു..

ഞാനാരോടൊപ്പം കൂടണം ?

Sunday, August 19, 2012

ഒന്നായ നിന്നെയിഹ...

"കരാഗ്രേ വസതേ ലക്ഷ്മി...കരമദ്യേ സരസ്വതി....." എന്ന്‌ പ്രാഥിച്ച്‌ ഭൂമീദേവിയുടെ അനുവാദം വാങ്ങി എഴുന്നേറ്റു. പ്രഭാതകൃത്യങ്ങള്‍ക്ക്‌ ശേഷം ക്ഷേത്രത്തിലേക്ക്‌ നടന്നു..
"അമ്മേദേവീ ആപത്തുകളൊന്നും ഇല്ലാതെ അനുഗ്രഹിക്കണേ..." എന്ന പ്രാഥനയോടെ ക്ഷേത്രത്തിണ്റ്റെ പടിവാതില്‍ തുറന്നു.
ശാന്തി മാം തുറന്ന്‌ സുപ്രഭാതം വച്ചു.. "കൌസല്യാ സുപ്രജാ രമാ..".
ക്ഷേത്ര കുളത്തില്‍ പോയി കുളിച്ച്‌ ശുദ്ധിയായി.. ശീകോവിലിനു മുന്നില്‍ വന്നു തോഴുതു.. കൊടിവിളക്ക്‌ കത്തിച്ച്‌... മണിയടിച്ച്‌ നടതുറന്നു...
കെടാവിളക്കിണ്റ്റെ പ്രകാശത്തില്‍ ദേവി സന്തോഷവതിയായി കാണ്ടപ്പോള്‍ സന്തോഷമായി..ചിലപ്പോള്‍ രൌദ്രഭാവത്തിലായിരിക്കും.. വിളക്കുകളെല്ലാം കൊളുത്തി..കെടാവിളക്കിണ്റ്റെ തിരി ശരിയാക്കി എണ്ണയൊഴിച്ചു.. ഉപദേവന്‍മാരുടെ കോവിലുകളെല്ലാം തുറന്ന്‌ വിളക്കു വെച്ചു..
തിടപ്പള്ളിയില്‍ ചെന്ന്‌ ഉഷപൂജക്കുള്ള നിവേദ്യം ശരിയാക്കി..ശീകോവിലില്‍ കയറി നിര്‍മ്മാല്യം മാറ്റി അഭിഴേകം നടത്തി..ദേവിയെ ആണിയിച്ചൊരുക്കി ഉഷപൂജ നടത്തി... ഉപദേവന്‍മാര്‍ക്കെല്ലം അഭിഷേകം ചെയ്ത്‌..പൂവ്വും ചന്ദനവും ചാര്‍ത്തി..കഴിഞ്ഞപ്പോഴേക്കും നേരം വെളുത്തു തുടങ്ങി... കാവിലേക്ക്‌ നടന്നു ..നാഗരാജാവും നാഗയഷിയേയും അഭിഷേകം ചെയ്ത്‌..മഞ്ഞള്‍ പൊടിയും..ചന്ദനവും പൂവ്വും ചാര്‍ത്തി... കരിനാഗം കുടികൊള്ളുന്ന കാവിലേക്ക്‌ പോന്നു.. അവിടേയും അഭിഷേകവും മഞ്ഞള്‍പൊടി..ചന്ദനം പൂവ്വ്‌ എന്നിവ ചാര്‍ത്തി പ്രാഥിച്ച്‌ തിരികെ ക്ഷേത്രത്തിലേക്ക്‌..
ശരീരശുദ്ധിവരുത്തി..തിടപ്പള്ളിയില്‍ കയറി നിവേദ്യം ശരിയാക്കാന്‍ തുടങ്ങി.. നിവേദ്യം തയ്യാറാക്കി ദേവിക്ക്‌ നിവേദിച്ച്‌ പൂജനടത്തി..
"കാളിം മേഘസമപ്രഭാം..." കര്‍പ്പൂരം ആരാധിച്ച്‌ നടതുറന്നു...
സ്തിരം ഭക്തര്‍ നടക്കല്‍ ഉണ്ട്‌..അവര്‍ക്ക്‌ പ്രസാദം നല്‍കി..ഉപദേവന്‍മാര്‍ക്ക്‌ നിവേദ്യവും,പൂജയും നടത്തി.. ക്ഷേത്രം അടച്ച്‌ വിട്ടിലെത്തി.
 അടുക്കളയില്‍ പലകയില്‍ ചമ്രം പടിഞ്ഞിരുന്ന്‌ ചായകുടിക്കുന്നതിനിടയില്‍ അമ്മ പറഞ്ഞു "തയ്യപ്പില്‌ നാളികേരെല്ലാം വീണു പോകുന്നു.. നീയ്യാ ഉണ്ണിഷ്ണനെ കണ്ടാല്‍ തെങ്ങ്‌ കേറിത്തരാന്‍ പറ.. "
 "പറയാത്ത കുഴപ്പേള്ളൂ.." എന്ന്‌ പറഞ്ഞ്‌ സൈക്കിളെടുത്ത്‌ അക്ഷയ ടൂട്ടോറിയലിക്ക്‌..
 "മാഷെന്താ വൈക്യേ..കുട്ടികളെല്ലാം ഭഹളം വെച്ച്‌..ആകെ പ്രശ്നാക്കി.. പ്രിന്‍സിപ്പാള്‍ കാണണം ന്ന്‌ പറഞ്ഞിട്ട്ണ്ട്‌"
ക്ളാസ്സ്‌ കഴിഞ്ഞ്‌.. പ്രിന്‍സിപ്പാള്‍ടെ അടുത്ത്‌ ചെന്നു
 "അല്ല മാഷേ..നിങ്ങക്കാ അംബലം നേര്‍ത്തേ പൂട്ടി വന്നൂടേ..അവിടിപ്പാര്‌ വരാനാ..ഇവ്ടാച്ചാ കുട്ട്യോള്‌ കാത്തിരിക്ക്യാ.. "മറുപടിയായി ഒന്നു ചിരിച്ചു..
 "പ്രിസിപ്പാളിണ്റ്റെ അഛന്‍ വീട്ടിലുണ്ടോ...തയ്യപ്പില്‌ നാളികേരം വീണു തുടങ്ങി..തെങ്ങ്‌ കയ്യറി കിട്ട്യാ നന്നായിരുന്നു.. ഒന്നു പറയോ.. "
"അവിടെ ആകെ പത്തിരുപത്‌ തെങ്ങല്ലേ ഉള്ളൂ... ചെറിയ പണിയൊന്നും അഛനിടുക്കാറില്ല... പണിക്കാരെ ആരെയെങ്കിലും പറഞ്ഞയക്കാം"
"അതു മതി...പണിക്കാരെ മാറ്റാന്‍ പാടില്ലാന്നാ പ്രശ്നത്തീ കണ്ടത്‌.. നിങ്ങള്‍ പറഞ്ഞയക്കുംബോ..നിങ്ങള്‍ വരുന്നതിനു തുല്യ..അതു മതി.. "
"പ്രശ്നോം ജാതകോം ഒരോ അന്ധവിശ്വാസങ്ങള്‌..വെര്‍തല്യാ..നിങ്ങള്‌ നേര്യാവാത്തേ..അല്ലാ..മഷിന്ന്‌ കോളേജീ പോണില്ല്യേ..അജയന്‍ എപ്പൊഴെ പോയീ.. "
"നേരം വൈകീ..ഈ മാസത്തെ ശംബളം കിട്ടീര്‍ന്നെങ്ങീ ഫീസ്‌ അടക്കായിരുന്നു.. "
"കുട്ടികള്‍ ഫീസ്‌ തരുന്നൊന്നും ഇല്ലാ..പിന്നെ ഇങ്ങനെ നടത്തി കൊണ്ട്‌ പോകുന്നൂന്നേ ഉള്ളൂ..എന്തായാലും നോക്കട്ടേ.. "
കോളേജിലെത്തിയപ്പോഴെക്കും ക്ളാസ്സ്‌ തുടങ്ങിയിരുന്നു...ക്ളാസിലേക്ക്‌ നടക്കുന്നതിനിടയിലാണ്‌ അജയന്‍ വിളിച്ചത്‌..
 "ഡാ..ഇങ്ങട്ട്‌ വാ.." അവിടെ ചെന്നപ്പോള്‍ കൂട്ടുകാരെല്ലാവരും ഉണ്ട്‌..
 "ഇന്ന്‌ അജയ്ണ്റ്റെ വക ചിലവാ..അവന്‌ സ്റ്റയ്പണ്റ്റ്‌ കിട്ടീ.." ആരോ പറഞ്ഞു. "ഞാനില്ല...നിങ്ങള്‍ പൊക്കോ.." എന്ന്‌ പറഞ്ഞ്‌ തിരിഞ്ഞു നടക്കുംബോള്‍...
"എന്താ.. തംബുരാന്‍ അടിയങ്ങളുടെ കയ്യില്‍ നിന്നും ഒന്നും വാങ്ങി കഴിക്കില്ലായിരിക്കും.." അജയണ്റ്റെ പരിഹാസം കലര്‍ന്ന ചോദ്യത്തിനു മറുപടിയൊന്നും പറയാതെ അവരോടൊപ്പം നടന്നു.
വൈകീട്ട്‌ വീട്ടിലെത്തി ഭക്ഷണം കഴിക്കുന്നതിടയില്‍ പറഞ്ഞു..
 "അയാള്‌ ചെറ്യേ പണിക്കൊന്നും പൂവ്വാറില്യാത്രേ...ആരേലും വിടാന്ന്‌ പറഞ്ഞിട്ണ്ട്‌... "
ക്ഷേത്രത്തില്‍ ചെന്ന്‌ കുളത്തില്‍ കുളിച്ച്‌..മണിയടിച്ച്‌ നടതുറന്നു..ഉപദേവന്‍മാരുടെ ക്ഷേത്രത്തില്‍ വിളക്ക്‌ വെച്ചു..കാവില്‍ വിളക്ക്‌ വെച്ചു.. ദീപാരാധന നടത്തി..
 "ശ്രീമതാ ..ശ്രീ മഹാ രാഞ്ജീ..ശ്രീമത്‌.. " സഹസ്രനാമംജപിച്ചു ധ്യാനിച്ചു.. നടയടച്ചു വീട്ടിലെത്തി...
അമ്മയുടെ രാമായണവായന കേള്‍ക്കുന്നുണ്ട്‌...കൈകാലുകള്‍ ശുദ്ധമാക്കി അകത്തു കയറി അമ്മ വായന മതിയാക്കി അടുക്കളയിലേക്ക്‌...
 രാമായണം കയ്യിലെടുത്ത്‌ ഭഗവാനെ ധ്യനിച്ച്‌ തുറന്നു...ആരണ്യകണ൦ത്തിലെ ലക്ഷ്മണോപദേശം.
."മായ കൊണ്ടല്ലോ വിശ്വമുണ്ടെന്നു തോനിക്കുന്നു.. "
ഭക്ഷണം കഴിക്കാറായപ്പോള്‍ വായന നിര്‍ത്തി.. ഭഗവല്‍ പ്രാര്‍ഥനയോടെ കിടന്നു...
 എനിക്ക്‌ അടുത്ത ദിവസവും ഈ ശരീരത്തെ നിയന്ത്രിക്കാനവണമേ എന്ന പ്രാര്‍ഥനയോടെ ഞാന്‍ യാത്രയാരംബിക്കുകയായി എണ്റ്റെ മാത്രമായ ലോകത്തിലൂടെ...എനിക്കു തിരിച്ചു വരാനായില്ലെങ്കില്‍ ഈ ശരീരം നിശ്ചലം...
"ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവില്‍ ഉണ്ടായൊരിണ്ടലുകള്‍ തീര്‍ക്കേണം...ഹരി നാരായണായ നമ.. " 

Friday, August 17, 2012

ഒര്‍മയിലെ ഓണക്കാലം...

  മനസില്‍ എന്നും മായാതെ നില്‍ക്കുന്ന ഓണം കുട്ടിക്കാലത്തേതാണ്‌.
അതിരാവിലെ എഴുന്നേറ്റ്‌ പൂക്കൂടയുമായ്‌ പൂവിറുക്കുവാനുള്ളയാത്ര.. മുക്കുറ്റിയും,തുംബയും,തെച്ചിയും,ചെംബരത്തീന്നു വേണ്ടാ കണ്ണില്‍ കണ്ട എല്ലാ പൂക്കളും പൂക്കൂടയില്‍ നിറച്ച്‌ തിരികെയെത്തുംബോഴേക്കും അമ്മ മുറ്റത്ത്‌ കളം മെഴുകിയിട്ടുണ്ടാകും ...
ചാണകം കൊണ്ട്‌ മെഴുകിയ കളത്തില്‍ രണ്ട്‌ തുംബ്ബ പൊട്ടിച്ചിട്ടുണ്ടായിരിക്കും.
കളം വെരുതെ ഇടാന്‍ പാടില്ല അതിനലാ അങ്ങിനെ ചെയ്യുന്നത്‌. അതുമല്ല കളത്തില്‍ ഒരു തുംബപൂവെങ്കിലും വേണം എന്നതും നിര്‍ബന്ധാ...
 മൂലകളമൊഴിച്ച്‌ ബാക്കിയെല്ലാ കളങ്ങളും വട്ടത്തിലാണു മെഴുകാറ്‌.
അടുത്ത പടി കൊണ്ടു വന്ന പൂക്കള്‍ ഉപയോഗിച്ച്‌ കളം അലങ്കരിക്കുകയാണ്‌ ഞാനിടുന്നത്‌ അനിയന്‌ ഇഷ്ടമാകില്ല..അവനിടുന്നത്‌ എനിക്കും..അങ്ങിനെ കളം അലങ്കോലമാക്കിയതിനുശേഷം...
പട്ടം പറത്താന്‍ ഇറങ്ങും .. എന്തെങ്കിലും കഴിച്ചിട്ടു പോയാമതി എന്ന്‌ അമ്മപറയും എന്തെങ്കിലും കഴിച്ചെന്നു വരുത്തി നേരെ ഗ്രൌണ്ടിലേക്ക്‌ പട്ടാം പറത്താന്‍ അപ്പോഴേക്കും അവിടം കൂട്ടുകാരെകൊണ്ട്‌ നിറഞ്ഞിരിക്കും...
പുതുമയുള്ളപട്ടങ്ങള്‍ പറത്താന്‍ മത്സരമാണ്‌...പട്ടത്തിണ്റ്റെ വാലരിയുക..ഏറ്റവും ഉയരത്തില്‍ പട്ടം പറത്തുക എന്നീ മത്സരങ്ങള്‍..സമയം പോകുന്നത്‌ അറിയില്ല... അതിനിടയില്‍ പട്ടം പൊട്ടിയാല്‍ അതു പിടിക്കാനുള്ള ഓട്ടമാണ്‌..പൊട്ടിയ പട്ടം പിടിക്കുന്നവനുള്ളതാണ്‌..അതിലുപരി അത്‌ ഓടി പിടിച്ചാല്‍ ലോകം കീഴടക്കിയ ജേതാവിനെ പോലെയായി..
വെയിലാകുംബോഴേക്കും തിരിച്ച്‌ വീട്ടിലേക്ക്‌..
 ഉച്ചക്ക്‌ മാവില്‍ ചോട്ടില്‍ കോട്ടി (ഗോലി) കളിക്കും.. കോട്ടി തന്നെ പലതരം കളികളുണ്ട്‌.. നിര,പെട്ടി,കുഴി എന്നീ പലകളികള്‍..
 വൈകീട്ട്‌ കോട്ടചാടി,കുറ്റിയും കോലും,ട്രങ്ക്‌..എന്നിങ്ങനെ..എത്രയെത്ര കളികള്‍ കളിച്ചിട്ടും കളിച്ചിട്ടും മതിവരാത്ത നമ്മുടെ സ്വന്തം കളികള്‍..
 ഉത്രാടത്തിന്‌ തുംബപൂവറുത്ത്‌ കിഴക്കേ ചരുമുറിയില്‍ കൂട്ടും..വാടാതിരിക്കാന്‍ അതില്‍ ഇടക്കിടക്ക്‌ വെള്ളം തെളിക്കും... അധികം തുംബപൂവിള്ളവീട്ടിലേ മാവേലി വരൂ എന്ന വിശ്വാസം..
 അന്ന്‌ വൈകീട്ട്‌ അഛന്‍ വരും.. എല്ലവര്‍ക്കും ഓണക്കോടിയുമായ്‌..രാത്രി കാക്കരപ്പന്‌(തൃക്കാക്കരപ്പന്‍) ഊട്ടാനുള്ള തയ്യറെടുപ്പുകള്‍ അഛണ്റ്റെ നേതൃത്തത്തിലാണ്‌..അഛന്‍ പറയുന്നതു പോലെ ഞങ്ങള്‍ ഭക്തിപൂവ്വം ചെയ്യും..
അഛന്‍ എല്ലാതവണയും മാവേലി വാണിരുന്ന കാലത്തെ കുറിച്ച്‌ ഓര്‍മിപ്പിക്കും.മാവേലി തംബുരാനോടുള്ള ബഹുമാനവും ആദരവും മനസില്‍ നിറയും..
ആദ്യം പൂജാ ദ്രവ്യങ്ങല്‍ തയ്യാറാക്കും..പുഷ്പങ്ങള്‍..തുളസി പ്രദാനം..ചന്ദനം,ദൂപം ,ദീപം,മുതലായവ..
മെഴുകിയ കളത്തില്‍ തീര്‍ഥം തളിച്ച്‌ ശുദ്ധിയാക്കി പീാം വക്കും..അതിലൊരു നാക്കിലവെച്ച്‌..കാക്കാക്കരപ്പനെ വച്ച്‌ പൂജിച്ച്‌..അണിഞ്ഞ്‌ (അണിയാനായി പച്ചരി അരച്ച്‌ ഉപയോഗിക്കുന്നു)അതിലേക്ക്‌ തുംബപൂനിറക്കുന്നു..അതിനുശേഷം അട നിവേദിക്കുന്നു.. ഒരു നാളികേരം ഉടച്ച്‌..ആണ്‍ മുറി വലത്തും പെണ്‍മുറി എടത്തുമായി വെച്ച്‌ അതില്‍ ഒരു തുംബയില ഇടുന്നു.. തുംബയിലയുടെ കിടപ്പു നോക്കി അഛന്‍ ലക്ഷ്ണം പറയും..
 പിന്നീട്‌ ഞങ്ങള്‍ കൂട്ടുകാരെല്ലാവരും ഉച്ചത്തില്‍ വിളിച്ചു പറയും..
 "ആര്‍ ആര്‍ പൂവ്വേ..പൂ...പൂ..പൂ.." മൂന്നു തവണ വിളിച്ചു പറഞ്ഞതിനു ശേഷം എല്ലാവരും അകത്തു കയറി വാതിലടക്കും...
 അപ്പോള്‍ കാക്കരപ്പന്‍ (മാവേലി) വന്ന്‌ പൂജയിലും നിവേദ്യത്തിലും സന്തുഷ്ടനായി അനുഗ്രഹിച്ച്‌ പോകും എല്ലാ വീട്ടിലും ഞങ്ങള്‍ കൂട്ടുകാര്‍ എല്ലവരും കൂടിയാണ്‌ കക്കരപ്പനെ ഊട്ടുന്നത്‌..
 എല്ലാ വീട്ടിലേയും ഊട്ടല്‍ കഴിഞ്ഞാല്‍ അതിണ്റ്റെ പ്രസാധമായ അടകഴിക്കാന്‍ എല്ലയിടത്തും ഞങ്ങള്‍ പോകും.. 
അന്നത്തെ രാത്രി ഭക്ഷണം അങ്ങിനെ കഴിയും.. ഉത്രാട രാത്രിയില്‍ ഉറക്കമില്ല..വീട്ടിലെല്ലാവരും സദ്യവട്ടങ്ങളുടെ തിരക്കിലും ഞങ്ങള്‍ കുട്ടികള്‍ തിരുവോണത്തിന്‌ നടത്തുന്ന കുമ്മാട്ടികുള്ള തയ്യാറെടുപ്പിലായിരിക്കും..
 തിരുവോണത്തിന്‌ അതിരാവിലെ ഗുരുവായൂരപ്പനെ ദര്‍ശിച്ച്‌..വീട്ടിലെത്തിയിട്ടാണ്‌ ഓണസദ്യ ..സദ്യക്കിടയില്‍ ഓരോകറിയെകുറിച്ചും അഛന്‍ പറയും..ചില കറികളുടെ ഉത്ഭവ കഥയും കേട്ടിരുന്ന്‌ കഴിച്ചിട്ടുള്ള ഓണസദ്യ മനസില്‍ മായാതെ നില്‍ക്കുന്നു..
 സദ്യക്കുശേഷം കുമ്മാട്ടി കെട്ടല്‍ തുടങ്ങും...പലവേഷം കെട്ടി ആട്ടവൂം പാട്ടുമായ്‌ എല്ലാവീട്ടിലും കയറി ഇറങ്ങും...സ്നേഹപൂര്‍വ്വം നല്‍കുന്ന ദക്ഷിണ സിനിമ കാണാനുള്ളത്താണ്‌.. അടുത്ത ദിവസം തൃശ്ശൂറ്‍ പോയി പുതിയ സിനിമ കാണും.തിക്കിലും തിരക്കും നിന്ന്‌ കൂട്ടൂകൂടി കണ്ടിട്ടൂള്ള സിനിമ ആസ്വധിച്ചതു പോലെ എനിക്കിതു വരെ ആസ്വധിക്കനായിട്ടില്ല..
 അതിനുശേഷം ഭക്ഷണവും കഴിച്ച്‌ തിരികെ വീട്ടിലേക്ക്‌.
. അങ്ങിനെ പോകുന്നു കുട്ടിക്കാലത്തെ ഓണം.. 

Thursday, August 16, 2012

ചിങ്ങമാസം വന്നു ചേര്‍ന്നാല്‍...

 "ഏെട്ടാ.. നാളെ ഒന്നാംതിയാട്ടാ..കൊല്ലം പിറക്കുന്ന ഒന്നാം തിയതി.."
ഓര്‍മപ്പെടുത്തലോടെയാണ്‌ അവള്‍ ടെലിഫോണ്‍ സംഭാഷണം അവസാനിപ്പിച്ചത്‌.
ഒരു ചിങ്ങമസം കൂടി വരവായ്‌ എന്ന ഒര്‍മ മരുഭൂമിയിലെ കത്തുന്ന ചൂടിലും ഒരു കുളിര്‍മ നല്‍കുന്നു.

ഒരു ചിങ്ങമാസത്തിലാണ്‌ അവളെ ഞാന്‍ കണ്ടത്‌. ഒരുപാട്‌ നാളത്തെ അന്വേഷണത്തിനൊടുവില്‍ എണ്റ്റെ സഹയാത്രികയെ കണ്ടെത്തിയത്‌.
 ജാതകപൊരുത്തങ്ങള്‍ എല്ലാമുണ്ടായിനാലാകാം ചിങ്ങമാസത്തിണ്റ്റെ നന്‍മയെ മറന്ന് മകരമാസത്തിണ്റ്റെ തെളിമയെ വിവാഹത്തിനായ്‌ തിരഞ്ഞെടുത്തത്‌.
പക്ഷെ കാലചക്രം എന്നിക്ക്‌ കാട്ടിത്തന്നത്‌ എണ്റ്റെ തെറ്റായതീരുമാനത്തെയാണ്‌. വിവാഹത്തിണ്റ്റെ രണ്ടു ദിവസം മുന്‍പുണ്ടായ അമ്മായിയുടെ മരണത്തില്‍ മുങ്ങിപോയ വിവാഹവും..,
രണ്ടുവര്‍ഷം കൊണ്ട്‌ ഉയര്‍ത്തികൊണ്ടുവന്ന വ്യവസായ നഷ്ടവും...,
 ജീവിതത്തെ ആകെ പിടിച്ചുലച്ചു..
 പിന്നീടുവന്ന ചിങ്ങമാസത്തിലാണ്‌ പുതിയ പ്രതീക്ഷകള്‍ മൊട്ടിട്ടത്‌..
ഈ ചിങ്ങമാസത്തില്‍ മൊട്ടുകളെല്ലാം വിരിഞ്ഞ്‌ സുഗന്ദം പരത്തിതുടങ്ങിയിരിക്കുന്നു...

 ഒരു ചിങ്ങമാസ രാത്രിയില്‍ അടച്ചുവച്ച എണ്റ്റെ ഓര്‍മച്ചെപ്പ്‌ തുറന്ന് അതിണ്റ്റെ തണലില്‍ ഞാനൊന്ന് വിശ്രമിച്ചോട്ടേ..