Saturday, August 21, 2021

ഓർമയിലെ ഓണം

 കുട്ടികാലത്തെ ഓണ ഓർമകളിൽ നിറഞ്ഞു നിൽക്കുന്നത് പൂക്കളങ്ങളാണ് .... 

രാവിലെ നേരത്തെ എഴുന്നേറ്റ് പൂക്കൾ പറിക്കാനുള്ള തിടുക്കം...

കൂട്ടുകാർക്ക് കിട്ടാത്ത പൂക്കൾ കിട്ടിയാൽ  അഭിമാനം...

കിട്ടിയ പൂക്കൾ കൊണ്ട് ഭംഗിയായി പൂക്കളമൊരുക്കുമ്പോഴുള്ള  സംതൃപ്തി...

ഓണപരീക്ഷ കഴിഞ്ഞ് സ്കൂളടച്ചാലുള്ള സന്തോഷം ....


പട്ടം പറത്തൽ , കോട്ടികളി (ഗോലി) , പമ്പരം കൊത്ത് തുടങ്ങി പലതരം കളികൾ ....

കളികൾക്കിടയിൽ അച്ചപ്പം മുതൽ ശർക്ക ഉപ്പേരി വരെ നാവിൽ നുണയുന്ന രുചികൾ ...

ഓണക്കോടി, ഓണ സിനിമകൾ അങ്ങനെ , അങ്ങനെ നോക്കെത്താ ദൂരത്തോളം നിറഞ്ഞു നിൽക്കുന്നു കുട്ടിക്കാലത്തെ ഓണ ഓർമകൾ ....


പക്ഷെ കൗമാരക്കാലത്ത് എല്ലാ സന്തോഷങ്ങൾക്കും വിരാമമിട്ട് അച്ഛന്റെ വിയോഗം ....

പൂക്കളമിടാൻ മറന്ന , കോടിയുടുക്കാത്ത , ഓണ രുചികൾ ആസ്വദിക്കാത്ത ഓണങ്ങൾ ....

പിന്നീട്

ഓണത്തിനുവരെ പണിക്കു പോകുന്നവൻ എന്ന് കൂട്ടുകാർ കളിയാക്കി തുടങ്ങിയ ഓണങ്ങൾ ...


ഉത്രാടരാത്രിയിൽ കൂട്ടുകാരൊത്തു പാടിയ പാട്ടുകൾ .... 

സുരേട്ടന്റെ ആയിരം പാദസ്വരങ്ങൾ കിലുങ്ങി വിത്ത് മ്യൂസിക്ക് പുരുഷേട്ടന്റെ ശങ്കരാഭരണവും, വെങ്കലവും പിന്നെ പറന്ന് പറന്ന് പറന്ന് ചെല്ലാൻ ... 

അങനെ ബലികുടീരങ്ങളെ വരെ പാടി അവസാനിപ്പിക്കുന്ന പാട്ടോർമ്മകൾ...


തിരുവോണത്തിന് ഗുരുവായുരപ്പന്റെ സന്നിധിയിൽ കുട്ടൻ മാരാരുടെ മേളത്തിന്റെ അകമ്പടിയോടെയുള്ള കാഴ്ചശീവേലി....

ഭഗവാനോടാപ്പം ഓണ സദ്യ , പിന്നെ ജയശ്രീയിൽ നിന്ന് ഓണ സിനിമ ....

അങ്ങനെ ... അങ്ങനെ പോകുന്നു ഓണവും ഓർമകളും ....

Saturday, June 12, 2021

ഒരു സംരഭകൻ ജനിച്ച കഥ ... 1


ബർഹയിലെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ ഇരുന്നാൽ ലാന്റിങ്ങിനായി വരവരിയായി നിൽക്കുന്ന വിമാനങ്ങൾ, പാം ദൈരയുടെ നിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങി ദൈര കോർണിഷിന്റെ ഒരു വിധം കാഴ്ചകളും കാണാനാകും. 

ജോലി കഴിഞ്ഞ് നേരത്തെ റൂമിലെത്തിയ ഒരു ദിവസം സൂര്യാസ്തമനം കണ്ട് ചായ ആസ്വദിച്ചു കുടിക്കുന്നതിനിടയിൽ സനാഫും കൂടെ വന്നിരുന്നു. 

സൂര്യനെ പൂർണ്ണമായും കടൽ വിഴുങ്ങിയത്തിന്റെ പ്രതികരണമെന്നോണം ആകാശം ചുവന്ന് തുടുത്തു .. 

" നമുക്കൊരു കമ്പനി തുടങ്ങിയാലോ ..." 

എന്ന സനാഫിന്റെ ചോദ്യം എന്റെ ഉള്ളിൽ കെട്ടിയിട്ടിരിക്കുന്ന സംരഭകനെ ഉണർത്തി.

"പിന്നെന്താ , എന്റെ വലിയൊരു ആഗ്രഹമാണ് "

"എന്നാ നീ എണീറ്റേ നമുക്കൊരിടം വരെ പോകാം " 

സനാഫിന്റെ കൂടെ പോകുമ്പോൾ ഞാൻ തമാശക്ക് ചോദിച്ചു.

"ഷാർജയിലെ ട്രാഫിക്കിൽ കിടക്കാൻ ഒരു കൂട്ടിനു വേണ്ടി... എന്നെ വെറുതേ മോഹിപ്പിക്കേണ്ടിയിരുനില്ല "  സനാഫ് ചിരിച്ചു. 

അജ്മാനിലെ ബഷീർ ടൈപ്പിംഗ് സെന്ററിലേക്കായിരുന്നു ഞങ്ങളുടെ യാത്ര .. 


ഒരു കമ്പനി തുടങ്ങുന്ന കാര്യങ്ങൾ തന്നെയാണ് അവൻ അന്വേഷിച്ചത്.


തിരിച്ചു പോരുമ്പോൾ അവനോട് ചോദിച്ചു ...

"ആരാ കമ്പനി തുടങ്ങുന്നത് "

സനാഫ് ചിരിച്ചുകൊണ്ട് പറഞ്ഞു

" നമ്മൾ "

" തമാശ കള സനാഫേ "

" തമാശ അല്ല ... നീ ഉണ്ടെന്ന് ഉറപ്പു പറഞാൽ നമുക്ക് കമ്പനനി തുടങ്ങാം"

"സ്വന്തമായി കമ്പനി തുടങ്ങുക എന്നത് ചിന്തിക്കാതെ എടുക്കാവുന്ന തീരുമാനമല്ല " 

" നമ്മൾ മാത്രമല്ല കൂടെ മറ്റു രണ്ടു പേരും ഉണ്ട് ... വളരെ ആലോചിച്ച് തീരുമാനിച്ചതും ആണ് ... പക്ഷെ നീ കൂടെ ഉണ്ടെങ്കിലേ ഇത് നടക്കൂ "


" മറ്റു രണ്ടു പേർ ആരാണ് ... അതറിഞ്ഞിട്ട് തീരുമാനിക്കാം "

" നീ കൂടെ നിൽക്കും എന്ന് ഉറപ്പുണ്ടെങ്കിലേ അവരുടെ പേര് പറയൂ "

" സ്വന്തമായി ഒരു കമ്പനി എന്നത് എന്റെ വലിയ സ്വപ്നമാ... പക്ഷെ കൂടെ ഉള്ളവരെ അറിയാതെ ഞാനെങ്ങിനെ ഉറപ്പു തരും "

" എന്നെ നിനക്ക് വിശ്വാസമാണോ ... നിനക്ക് ഒരു പ്രശ്നവും ഇല്ലാതെ ഞാൻ നോക്കിക്കോളാം... ഇതെന്റെ വാക്കാ..."


"സനാഫിനെ എനിക്ക് വിശ്വാസാ ... ഞാനുണ്ടാകും പുതിയ കമ്പനിയിൽ "


" എന്നാ പിന്നെ കമ്പനി ഡയറക്ടേഴ്സിന്റെ ആദ്യ മീറ്റിംഗ് കരാമയിലെ പാരഗണിൻ ഉച്ചഭക്ഷണത്തോടൊപ്പം പ്ലാൻ ചെയ്യാം .... "


പുതിയ തീരുമാനവുമായാണ് റൂമിലെത്തിയത്. 

അനിയനുമായി സംസാരിച്ചു ... 

അവൻ പൂർണ്ണ പിന്തുണ അറിയിച്ചപ്പോൾ ധൈര്യം കൂടി.

രാത്രി ഉറക്കം വന്നില്ല ... 

വലിയൊരു ആഗ്രഹ സഫലീകരണത്തിന് വഴിയൊരുങ്ങുന്നതിന്റെ സന്തോഷം മനസിൽ അലയടിക്കുന്നു .... 

അടുത്ത ദിവസം പാരഗണിൽ എത്തി ഡയറക്ടേഴ്സിനെ കണ്ടപ്പോൾ കണ്ണടച്ച് വാക്കു കൊടുക്കേണ്ടിയിരുന്നില്ല എന്ന് തോനി പോയി.

അവരുടെ ജോലിയിൽ 100 % പെർഫക്ട് ആണെങ്കിലും ഇത്രയും കാലത്തെ അനുഭവത്തിന്റെ വെളിച്ചത്തിൽ ഇവരുമായി മുന്നോട്ടു പോകാൻ ബുദ്ധിമുട്ടായിരിക്കും എന്ന് തോനി.

ജീവിതത്തിലെ പ്രധാന തീരുമാനങ്ങൾ ഒരിക്കലും എല്ലാ കാര്യങ്ങളും പൂർണ്ണമായി മനസിലാക്കാതെ എടുക്കരുത് എന്ന വലിയ പാഠം അന്ന് പഠിച്ചു.

(തുടരും )

Saturday, February 6, 2021

എന്റെ യാത്രാനുഭവങ്ങൾ 5

സ്ക്കൂളിലേക്കുള്ള യാത്ര

നാലാം ക്ലാസിൽ പഠിക്കുന്ന സമയം അമ്മ ജോലിയുടെ ഭാഗമായി കോട്ടയത്തും അച്ഛൻ പാലക്കാടും ആയതിനാൽ ഞങ്ങൾ മാമന്റെ വീട്ടിൽ ആയിരുന്നു. 

മാമന്റെ വീട്ടിൽ നിന്ന് സ്കൂളിലേക്ക് വരുന്നത് ഇടവഴികളും, പാടവും കടന്നാണ് . 

പാടത്തെ ആമ്പൽ പൂവിറുത്തും , തോട്ടിലെ പരൽ മീൻ പിടിച്ചുമുള്ള യാത്രയിൽ പുതിയ സുഹൃത്തിനെ കിട്ടി  . 2 കൊല്ലം തോറ്റതിനാൽ സ്കൂളിലെയും ക്ലാസിലേയും കാര്യങ്ങലെ പരിചയ സമ്പന്നത എന്നെ വല്ലാതെ ആകർഷിച്ചു. 

സ്കൂൾ യാത്രയിൽ പുതിയ വഴികൾ പരീക്ഷിക്കുക എന്നത് ഞങ്ങളുടെ പ്രധാന വിനോദമായിരുന്നു. അരമണിക്കൂർ കൊണ്ടെത്തുന്ന സ്ഥലത്ത് ഒണിക്കൂറോ അധികമോ എടുത്ത് എത്തും. പക്ഷേ പുതിയ കാഴ്ചാനുഭവകൾ നൽകുന്ന സന്തോഷം പരീക്ഷണങ്ങൾക്ക് പ്രരണ നൽകി. 

പുതിയ വഴി കളിൽ ഒരു ദിവസം മറ്റൊരു സഹപാഠിയെ കണ്ടുമുട്ടി.  ക്ലാസിൽ കേട്ടെഴുത്ത് എടുത്ത് തെറ്റിയാൽ അടികിട്ടുന്ന ദിവസമായതിനാൽ അവൻ വരുന്നില്ല എന്ന് പറഞ്ഞു. അതു കേട്ട ഞങ്ങളുടെ മനസിലും സ്കൂളിൽ പോകാതിരുന്നു ലോ എന്ന ചിന്ത വന്നു. 

പിന്നെ ഒന്നും ആലോചിചില്ല , കളികൾ തുടങ്ങി വിശന്നപ്പോൾ ഭക്ഷണം കഴിച്ചു പിന്നെയും കളികൾ തുടർന്നു. 

സ്കൂൾ വിട്ട് കുട്ടികൾ വന്നു തുടങ്ങിയപ്പോൾ അവരോടൊപ്പം വീട്ടിലേക്ക് തിരിച്ചു. എല്ലാം പഴയതുപോലെ തന്നെ അടുത്ത ദിവസം ക്ലാസിൽ പോയപ്പോഴും ആർക്കും ഒരു സംശയവുമില്ല. പിന്നെ ഇടക്ക് ഇത് പതിവാക്കി.

ഒരു ദിവസം സ്കൂൾ വിട്ട് വീട്ടിലെത്തിയപ്പോൾ അമ്മ കാത്തു നിക്കുനുണ്ടായിരുന്നു.

 അമ്മ വരുമ്പോൾ പുതിയ കളിപ്പാട്ടമുണ്ടാകും പിന്നെ പലഹാരങൾ മിഠായികൾ മനസിൽ ഒരായിരം ചിന്തകളുമായി ഓടി ചെന്നു.

ചൂരൽ കൊണ്ട് തുരുതുരാ അടി വീണപ്പോൾ കള്ളി വെളിച്ചത്തായി എന്ന് മനസിലായി .... സാധാര ഒരടി വീണാൽ രണ്ടാമത്തെ അടിവന്ന് തടുക്കുന്ന അമ്മമയോ മേമമാരോ അടുത്തേക്ക് വന്നില്ല ...

അതോടെ സ്ക്കൂൾ യാത്രാ പരീക്ഷണങ്ങൾ അവസാനിപ്പിച്ചു.


Friday, February 5, 2021

എന്റെ യാത്രാനുഭവങ്ങൾ 4

 വിചിത്രാനുഭവങ്ങൾ

മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ അമ്മ ജോലിയുടെ ഭാഗമായി കോട്ടയത്ത് താമസിക്കുന്ന സമയം. 

ഞങ്ങൾ മാമന്റെ വീട്ടിലായിരുന്നു താമസം.

മാമൻ ഗൾഫിൽ നിന്ന് ലീവിനു വന്നിട്ടുള്ളതിനാൽ  എന്നും ആഘോഷമായിരുന്നു.

അമ്മാമ വഴക്കു പറയുന്നത വരെ ഉറങ്ങാതെ പാട്ടും കളികളുമായി സമയം കളഞ്ഞിരുന്ന കാലം.

കിഴക്കേ പുറത്ത് " ഒന്നാം രാഗം പാടി...''  എന്ന പാട്ടും കേട്ട് ഇരിക്കുകയായിരുന്നു.

അറിയാതെ കണ്ണ് തെക്കെ പറമ്പിലേക്ക് നീങ്ങി..

അവിടെ ആരോ നിൽക്കുന്ന പോലെ...

സൂക്ഷിച്ചു നോക്കിയപ്പോൾ മുടിയഴിച്ചിട്ട സ്ത്രീരൂപമാണെന്ന് മനസിലായി... 

ഞാൻ കരഞ്ഞു ഉറക്കെ... പിന്നെ നിലവിളിയായി മാറി...

എല്ലാവരും ഓടി വന്നു...

ഞാൻ കിതച്ചു കൊണ്ട് പറഞ്ഞു... " ഫോട്ടോയിലെ അമ്മാമ.. മുടിയഴിച്ചിട്ട് ചിരിച്ച് നിക്കുന്നു"

അവ്യക്തമായെങ്കിലും ആ മുഖം, രൂപം എല്ലാം മനസ്സിൽ പതിഞ്ഞിരുന്നു.

മാമൻ ടോർച്ചമായി തെക്കെപ്പുറത്ത് തിരഞ്ഞിട്ടും ആരെയും കണ്ടില്ല...

എന്റെ തോന്നലാകും എന്ന് എന്നെ ബോധ്യപ്പെട്ടത്താൻ ശ്രമിച്ചെങ്കിലും..

ഇന്നും എന്റെ മനസ്സിൽ അതിശയം ചോരാതെ ആ കാഴ്ച നില നിൽക്കുന്നു..

എനിക്ക് ശേഷം മേമമാരുടെ മക്കളും പല സാഹചര്യത്തിൽ ഫോട്ടോയിലെ അമ്മാമയെ കണ്ടപ്പോൾ എന്റെ ആദ്യ പ്രേത അനുഭവമായി അത് മാറി.

പിന്നീട്  കുറച്ച് വർഷങ്ങൾക്ക് ശേഷം അച്ഛൻ മദർ ഹോസ്പിറ്റലിൽ സുഖമില്ലാതെ കിടക്കുന്ന സമയം..

രാവിലെ 5 മണിക്ക് കഞ്ഞി എത്തിക്കേണ്ടതിനാൽ പുലർച്ചെ 3.30 ന് മാമന്റെ വീട്ടിൽ നിന്ന് ഭക്ഷണവുമായി സൈക്കിളിൽ പുറപ്പെട്ടു.

സെന്തോമസ് പള്ളിയുടെ ശവക്കോട്ടക്കടുത്ത് ഒരു രൂപം അവ്യക്തമായ രീതിയിൽ കണ്ടു.

സെക്കിൾ നിർത്തി കുറച്ചു നേരം അവിടെ നിന്നു.

ആളെനെക്കം ഇല്ല എന്ന് ഉറപ്പു വരുത്തി പറ്റാവുന്ന സ്പീഡിൽ സൈക്കിൾ ചവുട്ടി.

എന്റെ തലക്കു ചുറ്റും വട്ടമിട്ട് ഒരു വച്ചാൽ പറന്നു തുടങ്ങി.,

സർവ്വ ശക്തിയുമെടുത്ത് കൈ കൊണ്ട് അതിനെ അടിച്ചു...

അപ്പഴേക്കും ഞാൻ ഒരു പാട് ദൂരം പിന്നിട്ടിരുന്നു

പിന്നെ അത് ശല്യമായില്ല.

വാടാനപ്പള്ളിയിൽ സൈക്കിൾ വെച്ച് 4.30നുള്ള ആദ്യ ബസ്സിൽ ഹോസ്പിറ്റലിലെത്തി.

അമ്മ ചോദിച്ചപ്പോഴാണ് എന്റെ വലതു കണ്ണ് ചുവന്നത് അറിയുന്നത്...

കണ്ട രൂപത്തേയോ , വവ്വാലിന്റ ആക്രമണത്തേയോ പറ്റി ആരോടും പറഞ്ഞില്ല.,,

അതിനേക്കാൾ വലിയ പ്രതിസന്ധിയെ അതിജീവിക്കാനുള്ള തത്രപ്പാടിലായിരുന്നു ഞങ്ങൾ.

പിന്നീട് അച്ഛനെ നഷ്ടപ്പെട്ട ശേഷം ... 

പ്രേതമായെങ്കിലും ഒന്ന് കാണാൻ ഒരു പാട് ശ്രമിച്ചിട്ടും നടന്നില്ല..

പിന്നീടൊരിക്കലും രാത്രിയാത്രകളിൽ വിചിത്രമായ പ്രേത അനുഭവങ്ങൾ ഉണ്ടായിട്ടില്ല.

Wednesday, February 3, 2021

എന്റെ യാത്രാനുഭവങ്ങൾ 3

ഒരു അവധിക്കാലം

ചാരുകസേരയിലെ സുഖകരമായ ഉറക്കത്തിൽ നിന്ന് ഉണർത്തുന്നത് കൂട്ടുകാരുടെ കോലാഹലമായിരിക്കും.

അകത്ത് വിദ്യമ്മായി, സുബിമ്മായി മുതൽ അമ്മയുടെ കൂട്ടുകാർ.

പുറത്ത് സന്ദീപ്, സജി തുടങ്ങിയ ഞങ്ങളുടെ സുഹൃത്തുക്കളും.

നാട്ടിൽ നിന്ന് വരുമ്പോൾ കൊണ്ടുവന്ന പലഹാരങ്ങളുമായി ചായ കുടിച്ച് പിരിയും.

അതിനിടയിൽ ഇനിയുള്ള ദിവസങ്ങളിൽ ചെയ്യേണ്ട കാര്യങ്ങൾ പ്ലാൻ ചെയ്യും.

ആദ്യ ദിവസം Ncc ട്രെയിനിങ്ങ് നടന്ന സ്ഥലത്ത് പോയി വെടിയുണ്ടകൾ പറക്കലായിരിക്കും.

അത് ചൂടാക്കി ഉള്ളിലെ ഈയം ശേഖരിക്കും. അത് വിറ്റാൽ ചിലവിനുള്ള പണമായി.

ഒരു ദിവസം സൈക്കിൾ വാടകയ്ക് എടുത്ത് 

അന്തിമഹാകാളൻ കാവ് ക്ഷേത്രം മുതൽ സജ്ഞീവനിയിലെ ഔഷദ ഉദ്യാനം വരെ കറക്കം തുടങ്ങുകയായി.. 

പുതിയ കാഴ്ചകൾ.. അറിവുകൾ .

ഒരു ദിവസം കമ്പനിയിൽ ഇരുമ്പ് ഉരുക്കുന്നതും അത് വ്യത്യസ്ത മോൾഡുകളിൽ നിറച്ച് ചീനച്ചട്ടി മുതൽ കത്തിവരെ നിർമ്മിക്കുന്നതും പിന്നെ ഡെസ് പാച്ച് ചെയ്യുന്നതും വരെയുള്ള കാര്യങ്ങൾ മനസിലാക്കും.

അച്ഛെൻറ ഓഫീസിൽ ചെന്നാൽ അവിടെ ഔസേപ്പുമാമനും ചേന്ദ്രേട്ടനും ഉണ്ടാകും. ഓസേപ്പേട്ടൻ എല്ലവർക്കും മിഠായി നൽകും, ചന്ദ്രേട്ടൻ കാന്റീനിൽ നിന്ന് ചായയും സുഖിയനും ഓർഡർ ചെയ്ത് തരും.

കൂട്ടുകാരുടെ അച്ഛന്മാരുടെ സെക്ഷനിലെത്തുമ്പോഴും ഇതുപോലെ സൽക്കാരമുണ്ടാകും..

തിരിച്ച് വീട്ടിലേക്ക് പോകുന്നതിനിടയിൽ മണിയേട്ടന്റെ കടയിൽ കയറി ഉപ്പിലിട്ട മാങ്ങയും, നെല്ലിക്കയുമെല്ലാം വാങ്ങി കഴിക്കും.

വേനൽക്കാലത്ത് പടിക്കെട്ടുകൾ ഇറങ്ങി വെള്ളം  കോരി എടുക്കാവുന്ന കിണറുണ്ടവിടെ.

ഗോവണിപ്പടി പോലെ കല്ലുകൾ വെട്ടിയുണ്ടാക്കിയ പടികൾ ഇറങ്ങി ചെന്നാൽ നല്ല തെളിമയുള്ള വെള്ളം കിട്ടും.

ഒരു ദിവസം മലകയറ്റമാണ് കാടും മലയും കയറിയുള്ള യാത്ര... 

മലയുടെ മുകളിലെ പാറക്കെട്ടിൽ കിടന്നുറങ്ങും ...

ചെറിയ ചൂടുണ്ടാകും.. 

പക്ഷെ ഒരു സുഖമാണ് ആ കിടത്തം

നല്ല ശുദ്ധവായു ശ്വസിച്ച് ഒരു ഭാഗത്ത് നെൽ പാടങ്ങൾ അതിനിടയിലൂടെ റെയിൽ പാളം... 

അതൂടെ കളിപ്പാട്ടം  പോകുന്നതു പോല ട്രെയിൻ പോകുന്നതും മനസ്സിലെ മായാ കാഴ്ചകയും നഷ്ടങ്ങളുമാണ്...

ഒരിക്കലും തിരിച്ചു കിട്ടാത്ത കാലത്തെ ഓർമ്മകൾ...

അവധി കഴിഞ്ഞ് വിങ്ങുന്ന മനസ്സുമായാണ് തിരിച്ച് പോരുക.

 അച്ഛനെ പിന്നാലാക്കി ബസ്സ് നീങ്ങി തുടങ്ങുമ്പോൾ കണ്ണുനീർ കാഴ്ചയെ മൂടിയിരിക്കും.