Friday, February 5, 2021

എന്റെ യാത്രാനുഭവങ്ങൾ 4

 വിചിത്രാനുഭവങ്ങൾ

മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ അമ്മ ജോലിയുടെ ഭാഗമായി കോട്ടയത്ത് താമസിക്കുന്ന സമയം. 

ഞങ്ങൾ മാമന്റെ വീട്ടിലായിരുന്നു താമസം.

മാമൻ ഗൾഫിൽ നിന്ന് ലീവിനു വന്നിട്ടുള്ളതിനാൽ  എന്നും ആഘോഷമായിരുന്നു.

അമ്മാമ വഴക്കു പറയുന്നത വരെ ഉറങ്ങാതെ പാട്ടും കളികളുമായി സമയം കളഞ്ഞിരുന്ന കാലം.

കിഴക്കേ പുറത്ത് " ഒന്നാം രാഗം പാടി...''  എന്ന പാട്ടും കേട്ട് ഇരിക്കുകയായിരുന്നു.

അറിയാതെ കണ്ണ് തെക്കെ പറമ്പിലേക്ക് നീങ്ങി..

അവിടെ ആരോ നിൽക്കുന്ന പോലെ...

സൂക്ഷിച്ചു നോക്കിയപ്പോൾ മുടിയഴിച്ചിട്ട സ്ത്രീരൂപമാണെന്ന് മനസിലായി... 

ഞാൻ കരഞ്ഞു ഉറക്കെ... പിന്നെ നിലവിളിയായി മാറി...

എല്ലാവരും ഓടി വന്നു...

ഞാൻ കിതച്ചു കൊണ്ട് പറഞ്ഞു... " ഫോട്ടോയിലെ അമ്മാമ.. മുടിയഴിച്ചിട്ട് ചിരിച്ച് നിക്കുന്നു"

അവ്യക്തമായെങ്കിലും ആ മുഖം, രൂപം എല്ലാം മനസ്സിൽ പതിഞ്ഞിരുന്നു.

മാമൻ ടോർച്ചമായി തെക്കെപ്പുറത്ത് തിരഞ്ഞിട്ടും ആരെയും കണ്ടില്ല...

എന്റെ തോന്നലാകും എന്ന് എന്നെ ബോധ്യപ്പെട്ടത്താൻ ശ്രമിച്ചെങ്കിലും..

ഇന്നും എന്റെ മനസ്സിൽ അതിശയം ചോരാതെ ആ കാഴ്ച നില നിൽക്കുന്നു..

എനിക്ക് ശേഷം മേമമാരുടെ മക്കളും പല സാഹചര്യത്തിൽ ഫോട്ടോയിലെ അമ്മാമയെ കണ്ടപ്പോൾ എന്റെ ആദ്യ പ്രേത അനുഭവമായി അത് മാറി.

പിന്നീട്  കുറച്ച് വർഷങ്ങൾക്ക് ശേഷം അച്ഛൻ മദർ ഹോസ്പിറ്റലിൽ സുഖമില്ലാതെ കിടക്കുന്ന സമയം..

രാവിലെ 5 മണിക്ക് കഞ്ഞി എത്തിക്കേണ്ടതിനാൽ പുലർച്ചെ 3.30 ന് മാമന്റെ വീട്ടിൽ നിന്ന് ഭക്ഷണവുമായി സൈക്കിളിൽ പുറപ്പെട്ടു.

സെന്തോമസ് പള്ളിയുടെ ശവക്കോട്ടക്കടുത്ത് ഒരു രൂപം അവ്യക്തമായ രീതിയിൽ കണ്ടു.

സെക്കിൾ നിർത്തി കുറച്ചു നേരം അവിടെ നിന്നു.

ആളെനെക്കം ഇല്ല എന്ന് ഉറപ്പു വരുത്തി പറ്റാവുന്ന സ്പീഡിൽ സൈക്കിൾ ചവുട്ടി.

എന്റെ തലക്കു ചുറ്റും വട്ടമിട്ട് ഒരു വച്ചാൽ പറന്നു തുടങ്ങി.,

സർവ്വ ശക്തിയുമെടുത്ത് കൈ കൊണ്ട് അതിനെ അടിച്ചു...

അപ്പഴേക്കും ഞാൻ ഒരു പാട് ദൂരം പിന്നിട്ടിരുന്നു

പിന്നെ അത് ശല്യമായില്ല.

വാടാനപ്പള്ളിയിൽ സൈക്കിൾ വെച്ച് 4.30നുള്ള ആദ്യ ബസ്സിൽ ഹോസ്പിറ്റലിലെത്തി.

അമ്മ ചോദിച്ചപ്പോഴാണ് എന്റെ വലതു കണ്ണ് ചുവന്നത് അറിയുന്നത്...

കണ്ട രൂപത്തേയോ , വവ്വാലിന്റ ആക്രമണത്തേയോ പറ്റി ആരോടും പറഞ്ഞില്ല.,,

അതിനേക്കാൾ വലിയ പ്രതിസന്ധിയെ അതിജീവിക്കാനുള്ള തത്രപ്പാടിലായിരുന്നു ഞങ്ങൾ.

പിന്നീട് അച്ഛനെ നഷ്ടപ്പെട്ട ശേഷം ... 

പ്രേതമായെങ്കിലും ഒന്ന് കാണാൻ ഒരു പാട് ശ്രമിച്ചിട്ടും നടന്നില്ല..

പിന്നീടൊരിക്കലും രാത്രിയാത്രകളിൽ വിചിത്രമായ പ്രേത അനുഭവങ്ങൾ ഉണ്ടായിട്ടില്ല.

Wednesday, February 3, 2021

എന്റെ യാത്രാനുഭവങ്ങൾ 3

ഒരു അവധിക്കാലം

ചാരുകസേരയിലെ സുഖകരമായ ഉറക്കത്തിൽ നിന്ന് ഉണർത്തുന്നത് കൂട്ടുകാരുടെ കോലാഹലമായിരിക്കും.

അകത്ത് വിദ്യമ്മായി, സുബിമ്മായി മുതൽ അമ്മയുടെ കൂട്ടുകാർ.

പുറത്ത് സന്ദീപ്, സജി തുടങ്ങിയ ഞങ്ങളുടെ സുഹൃത്തുക്കളും.

നാട്ടിൽ നിന്ന് വരുമ്പോൾ കൊണ്ടുവന്ന പലഹാരങ്ങളുമായി ചായ കുടിച്ച് പിരിയും.

അതിനിടയിൽ ഇനിയുള്ള ദിവസങ്ങളിൽ ചെയ്യേണ്ട കാര്യങ്ങൾ പ്ലാൻ ചെയ്യും.

ആദ്യ ദിവസം Ncc ട്രെയിനിങ്ങ് നടന്ന സ്ഥലത്ത് പോയി വെടിയുണ്ടകൾ പറക്കലായിരിക്കും.

അത് ചൂടാക്കി ഉള്ളിലെ ഈയം ശേഖരിക്കും. അത് വിറ്റാൽ ചിലവിനുള്ള പണമായി.

ഒരു ദിവസം സൈക്കിൾ വാടകയ്ക് എടുത്ത് 

അന്തിമഹാകാളൻ കാവ് ക്ഷേത്രം മുതൽ സജ്ഞീവനിയിലെ ഔഷദ ഉദ്യാനം വരെ കറക്കം തുടങ്ങുകയായി.. 

പുതിയ കാഴ്ചകൾ.. അറിവുകൾ .

ഒരു ദിവസം കമ്പനിയിൽ ഇരുമ്പ് ഉരുക്കുന്നതും അത് വ്യത്യസ്ത മോൾഡുകളിൽ നിറച്ച് ചീനച്ചട്ടി മുതൽ കത്തിവരെ നിർമ്മിക്കുന്നതും പിന്നെ ഡെസ് പാച്ച് ചെയ്യുന്നതും വരെയുള്ള കാര്യങ്ങൾ മനസിലാക്കും.

അച്ഛെൻറ ഓഫീസിൽ ചെന്നാൽ അവിടെ ഔസേപ്പുമാമനും ചേന്ദ്രേട്ടനും ഉണ്ടാകും. ഓസേപ്പേട്ടൻ എല്ലവർക്കും മിഠായി നൽകും, ചന്ദ്രേട്ടൻ കാന്റീനിൽ നിന്ന് ചായയും സുഖിയനും ഓർഡർ ചെയ്ത് തരും.

കൂട്ടുകാരുടെ അച്ഛന്മാരുടെ സെക്ഷനിലെത്തുമ്പോഴും ഇതുപോലെ സൽക്കാരമുണ്ടാകും..

തിരിച്ച് വീട്ടിലേക്ക് പോകുന്നതിനിടയിൽ മണിയേട്ടന്റെ കടയിൽ കയറി ഉപ്പിലിട്ട മാങ്ങയും, നെല്ലിക്കയുമെല്ലാം വാങ്ങി കഴിക്കും.

വേനൽക്കാലത്ത് പടിക്കെട്ടുകൾ ഇറങ്ങി വെള്ളം  കോരി എടുക്കാവുന്ന കിണറുണ്ടവിടെ.

ഗോവണിപ്പടി പോലെ കല്ലുകൾ വെട്ടിയുണ്ടാക്കിയ പടികൾ ഇറങ്ങി ചെന്നാൽ നല്ല തെളിമയുള്ള വെള്ളം കിട്ടും.

ഒരു ദിവസം മലകയറ്റമാണ് കാടും മലയും കയറിയുള്ള യാത്ര... 

മലയുടെ മുകളിലെ പാറക്കെട്ടിൽ കിടന്നുറങ്ങും ...

ചെറിയ ചൂടുണ്ടാകും.. 

പക്ഷെ ഒരു സുഖമാണ് ആ കിടത്തം

നല്ല ശുദ്ധവായു ശ്വസിച്ച് ഒരു ഭാഗത്ത് നെൽ പാടങ്ങൾ അതിനിടയിലൂടെ റെയിൽ പാളം... 

അതൂടെ കളിപ്പാട്ടം  പോകുന്നതു പോല ട്രെയിൻ പോകുന്നതും മനസ്സിലെ മായാ കാഴ്ചകയും നഷ്ടങ്ങളുമാണ്...

ഒരിക്കലും തിരിച്ചു കിട്ടാത്ത കാലത്തെ ഓർമ്മകൾ...

അവധി കഴിഞ്ഞ് വിങ്ങുന്ന മനസ്സുമായാണ് തിരിച്ച് പോരുക.

 അച്ഛനെ പിന്നാലാക്കി ബസ്സ് നീങ്ങി തുടങ്ങുമ്പോൾ കണ്ണുനീർ കാഴ്ചയെ മൂടിയിരിക്കും.