Friday, October 21, 2016

ദേശാടനകിളിയുടെ കൂട്...!!!

“ഏട്ടാ.. നമുക്ക് റൂം മാറണ്ടാ... ചെറുതാണെങ്കിലും എന്തോ ഒരു സമാധാം ഉണ്ട് ഇവിടെ..”
“ഇപ്പൊകൊടുക്കണ പൈസയുണ്ടേൽ ഇതിലും നല്ലത് കിട്ടും അതാ.. ”
“അതു കൊഴപ്പില്ലേട്ടാ...ഇവിടെ തന്നെ മതി”
“കുട്ട്യേ നമ്മൾ ദേശാടനക്കിളികളാ... സഞ്ചരിക്കുന്നതിനിടയിൽ നമ്മൾ തങ്ങുന്ന ഒരു സ്ഥലവും നമ്മുടേതല്ല... അതു മറക്കല്ലേ ട്ടാ..”
പതുക്കേ പതുക്കേ എന്റെ ഉള്ളിലും  അടുപ്പം വന്നു തുടങ്ങി.
അവൾ പ്രസവത്തിനു നാട്ടിൽ നിന്നപ്പോ പലരും റൂം വാടകക്ക് ചോദിച്ചെങ്കിലും മനസ്സുവന്നില്ല കൊടുക്കാൻ.
മകനേയും അവളേയും ഞങ്ങളുടെ സ്വർഗ്ഗത്തിലേക്ക്ം കൊണ്ടുവരാൻ തിടുക്കമായിരുന്നു.
ഞങ്ങൾക്ക് ഇവിടം സ്വർഗ്ഗമാണെങ്കിലും മകന്‌ അങ്ങിനെ ആയിരുന്നില്ല എന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു.
ഞങ്ങൾ കളിച്ചു ചിരിച്ചിരിക്കുന്നതിനിടയിൽ നാട്ടിൽ നിന്ന് അച്ഛമ്മയോ,അമ്മാമ്മയോ അച്ഛാച്ചനോ, വിളിച്ചാൽ അവന്റെ മുഖത്ത് നിറയുന്ന വിഷമം ഞങ്ങൾ വായിച്ചെടുത്തു. പറയാനറിയാത്ത പ്രായത്തിൽ അവനെ ഒരു ചെറിയ മുറിയിൽ തളച്ചിടുന്നത് ശരിയല്ല എന്ന് ഞങ്ങൾക്ക് തോനി.
ജോലിക്ക് പോകുന്നതിനു മുമ്പും, വന്നതിനുശേഷവും അവനുമായി പുറത്തിറങ്ങിനടക്കാൻ ശ്രമിച്ചു.
അപ്പോൾ അവൻ അനുഭവിക്കുന്ന സ്വാതന്ത്രം മനസ്സിൽ നീറ്റലായി നിറഞ്ഞു.

“കുട്ട്യേ നമുക്ക് ഉണ്ണിയെ ദേശാടനക്കിളിയാക്കണ്ട..അവൻ നാട്ടിൽ പാറിക്കളിച്ച് വളരട്ടെ..മുത്തശ്ശിക്കഥകൾ കേട്ട് വളരട്ടെ..“
മനസ്സിൽ നിറയുന്ന വിഷമങ്ങളൊതുക്കി അവൾ പറഞ്ഞു
”നമ്മുടെ ഉണ്ണിക്ക് വേണ്ടിയല്ലേ.. സഹിക്കാം“

അവർ വീണ്ടും ദേശാടനക്കിളികളായി..മകനു വേണ്ടി..മാതാപിതാക്കൾക്ക് വേണ്ടി..
Thursday, October 6, 2016

പിറവി

നല്ല ഉറക്കത്തിനിടയിൽ അരോ പിടിച്ചു വലിക്കുന്നതായി തോനിയപ്പോഴാണ്‌ ഉണർന്നത്‌,ഏതോ ഒഴുക്കിൽ പെട്ടപോലെ.
ചെറുത്തുനിൽക്കാൻ കഴിയാത്തതിനാൽ ഒഴിക്കിനൊപ്പം നീങ്ങാൻ തുടങ്ങി.ഇത്രയും കാലം ചുരുണ്ടുമടങ്ങി കിടന്നപ്പോൾ ആഗ്രഹിച്ചതാണ്‌ ഒന്ന്‌ നിവരാൻ പക്ഷേ കാലുനീട്ടുമ്പോഴെല്ലാം എവിടെയോ ചെന്നിടിക്കും.
അപ്പോൾ ഒരു അശ്ശരീരികേൾക്കും “കള്ളൻ ചവിട്ടിതുടങ്ങി..ചവുട്ടല്ലെടാകള്ളാ...”.
പിന്നെ അനങ്ങാതെ കിടക്കാം എന്നു കരുതിയാലോ അപ്പോൾ  കേൾക്കാം
“എന്താ അനക്കമൊന്നുമില്ലേ.. ?”
എത്രകാലം അങ്ങനെ  കഴിഞ്ഞു എന്ന്‌ ഓർത്തെടുക്കാൻ കഴിയുന്നില്ല.ഇനി അതെല്ലം ഓർമ്മയായി എന്ന്‌  തോനി.താനെവിടേക്കോ സഞ്ചരിക്കുകയാണ്‌,ഓർമ്മകളും കാഴ്ചകളും മങ്ങുന്നപോലെ.

ശക്തമായ വെളിച്ചം കണ്ണിനെ വേദനിപ്പിച്ചപ്പോഴാണ്‌ ഓർമ്മതിരിച്ചുകിട്ടിയത്‌.
അപരിചിതമായ ശബ്ദങ്ങൾ ചെവിയെ വേദനിപ്പിക്കുന്നു.
കരഞ്ഞു.. ഉറക്കെ.. ഉറക്കെ..
ഏതോ ജീവികൾ  എടുത്ത്‌ എന്തിലോ മുക്കുന്നു.ശരീരത്തിൽ തിരുമ്മുന്നു.
ഇവരോട്‌ വേദനിക്കുന്നു എന്ന്‌ പറയണമെന്നുണ്ട്‌ കഴിയുന്നില്ല.
വീണ്ടും കരഞ്ഞു ഉറക്കെ ഉറക്കെ...
അവർ ശരീരം എന്തുകൊണ്ടോ പൊതിഞ്ഞു.ആരുടേയോ അടുത്ത്‌ കിടത്തി.
എന്തോ ഒരു സുരക്ഷിതത്വം അനുഭവപ്പെടുന്നതായി തോനി.
ഇറുക്കിയടച്ചിരുന്ന കണ്ണുകൾ പതുക്കെ തുറന്നു.
“അമ്മേടെ മോനേ..”
പരിചിതമായ ശബ്ദം ഇത്രയും കാലം കേട്ടിരുന്ന,ഏതു ശബ്ദം കേൾക്കാനായിരുന്നോ കാലുകൾകൊണ്ട്‌ ചവിട്ടിയിരുന്നത്‌ അതേശബ്ദം.
കണ്ണുതുറന്ന്‌ സൂക്ഷിച്ചു നോക്കി,സുരക്ഷിതമായ ഒരിടത്താണ്‌ എത്തിപ്പെട്ടത്‌ എന്ന വിശ്വാസത്തിൽ
കുറേ നേരമായി  ശല്യപ്പെടുത്തുന്ന ഉറക്കത്തിന്‌ പിടികൊടുത്തു.