Saturday, October 8, 2022

ഒരു സംരഭകന്റെ യാത്ര - 8


കണ്ണടച്ച് പൂച്ച പാലുകുടിക്കുന്നതുപോലെയുള്ള ദിനങ്ങൾ ....
സന്തോഷകരമായ ദിനങ്ങൾ സമ്മാനിച്ച മുറിയിൽ അസ്വസ്ഥമായ ദിനങൾ ...

വരുമാനമില്ലാത്ത ദിനങ്ങൾ ... 
കൈയ്യിൽ പൈസ ഇല്ല എന്ന് പറയാൻ കഴിയാത്ത , സുഹൃത്ത്ക്കളോട് അനിയനോട് ചോദിക്കാൻ കഴിയാത്ത ദിനങ്ങൾ ....

ഫ്ലാറ്റിന്റെ എഗ്രിമന്റ് കഴിഞ്ഞേപ്പോൾ പുതുക്കാതെ പുതിയ ഫ്ലാറ്റിലേക്ക് മാറുന്ന സമയത്ത് അജ്മാനിലെ ഓഫീസ് മുറിയിലേക് താമസം മാറി ....

പ്രവാസകാലത്ത് അനുഭവിച്ച ഏറ്റവും പ്രതിസന്ധി നിറഞ്ഞ കാലത്തിലൂടെ മുന്നോട്ട് നീങ്ങി ....

ചിലവ് ചുരുക്കി എങ്ങനെ ജീവിക്കാം എന്ന് പഠിച്ച ദിനങ്ങൾ ...

വീടുപണി അവസാന ഘട്ടത്തിലായതിനാൽ കിട്ടുന്നത് നാട്ടിലേക്ക് അയച്ച് .. 
അരവയർ നിറച്ച് കഴിഞ്ഞ നാളുകൾ ...

ഓഫീസിലെ താമസം പിടിക്കപ്പെട്ടപ്പോൾ ഷാർജയിൽ മണി മോൻചേട്ടനോടൊപ്പം താമസം മാറി ...

തൈരും കുമ്പൂസുമാണ് എന്റെ ഭക്ഷണം എന്ന് മനസിലാക്കിയിട്ടാവണം അദ്ദേഹം പല ദിവസങ്ങിലും കറി ഉണ്ടാക്കിയത് കൂടി പോയി എന്ന് പറഞ്ഞ് കറി തന്നുതുടങ്ങി ... 
അത് പതിവായപ്പോൾ ...
പച്ചക്കറി മാർക്കറ്റിലെ സ്റ്റമർ തന്നതാണ് എന്ന് പറഞ്ഞ് പച്ചക്കറി വാങ്ങി കൊടുത്ത് തുടങ്ങി ....
പിന്നെ പതുക്കെ ഞങ്ങൾ ഒരു മിച്ച് ഭക്ഷണം ഉണ്ടാക്കി കഴിച്ച്  തുടങ്ങി ....

പ്രയാസ കാലത്ത് ഏറ്റവും കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോടാണ് ...

പ്രതിസന്ധികൾക്കിടയിൽ നാട്ടിലെ സ്ഥാപനത്തെ പറ്റി ചിന്തിക്കാൻ കഴിയാതായി ...
അത്യാവശ്യം സർവ്വീസുകളും സെയിൽസും പിന്നെ ടാലി പഠിപ്പിക്കലുമായി തട്ടിമുട്ടി മുന്നോട്ട് പോയി ...

മണിമോൻ ചേട്ടൻ ജോലിയുടെ ഭാഗമായി കരാമയിലേക്ക് താമസം മാറി ... 
ഞങ്ങളുടെ കമ്പനി തെറ്റില്ലാത്തവരുമാനവുമായി പച്ചപിടിച്ചു തുടങ്ങി .... 
വരുമാനം ലഭിച്ചു തുടങ്ങി ....

കിസേസിലെ സുലേഖ ആശുപത്രിയുടെ അടുത്തുള്ള ഫ്ലാറ്റിലേക്ക് താമസം മാറി ....

അവിടെ വെച്ച് ബോസേട്ടനുമായുളള സൗഹൃദം തുടങ്ങി ....
ജീവിതത്തിലെ പ്രതിസന്ധിഘടത്തിൽ കൃത്യമായ ഉപദേശം തന്ന് നയിച്ചത് അദ്ദേഹമാണ്....

വർക്കുകൾ നല്ല രീതിയിൽ വന്നു തുടങ്ങി വരുമാനം ലഭിച്ചുതുടങിയപ്പോൾ കൂട്ടുകച്ചവടത്തിൽ പ്രശ്നങ്ങൾ തുടങ്ങി ... 
ഈഗോ തന്നെയായിരുന്നു പ്രധാന പ്രശ്നം ...

വീട് പണി കഴിഞ്ഞ് കല്യാണവും ഉപ്പിച്ച സമയത്ത് .... കമ്പനി പൊളിഞ്ഞ് നാട്ടിലേക്ക് തിരിച്ചു പോകേണ്ടി വരുന്ന അവസ്തയെ മറികടക്കാൻ കൂട്ടുകാരെ പരമാവധി കൂടെ നിർത്താൻ ശ്രമിച്ചു ...

ഉണ്ണിക്കുട്ടന് വിസ എടുത്ത് കൂടെ കൂട്ടി ... 
നാട്ടിലെ സ്ഥാപനം അടച്ചു പൂട്ടേണ്ടി വന്നു ...
ഉണ്ണിക്കുട്ടൻ എത്തിയതോടെ Tally കൂടാതെ system വെയിൽസ് സെർവ്വീസ് കൂടെ ചെയ്തുതുടങ്ങി ...
പക്ഷ... കട്ടു ച്ചവടത്തിലെ കുരുക്കുകൾ മുറുകി തന്നെ മുന്നോട് നീങ്ങി ..
എത്ര അഴിച്ചാലും കുരുക്കുകൾ മുറുകുന്ന അവസ്തയിൽ കൂട്ടുകച്ചവടത്തെ മുന്നോട് കൊണ്ടുപോകാൻ കഴിയാതെ വന്നപ്പോൾ എല്ലാമുപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി ....

ഞാനും ദൈവവും തമ്മിൽ എന്ന ബ്ലോഗ് ഈ കാലട്ടത്തിലെ കഥയാണ്...

ഒരു സംരഭകന്റെ യാത്ര -9

പ്രതീക്ഷിച്ച തകർച്ച തന്നെയാണ് സംഭവിച്ചത് . പരമാവധി ഒന്നിച്ച് പോകാൻ ശ്രമിചിട്ടും കഴിയാതെ വന്നപ്പോഴാണ് പിൻ വാങ്ങിയത് ...
സ്പോൺസറുടെ അദ്യക്ഷതയിൽ ഉണ്ടായ ഒത്ത് തീർപ്പിലാണ് ഒരാൾ കമ്പനി നടത്തുക ഭാക്കിയുള്ളവർ പിരിഞ്ഞു പോകുക എന്ന് തീരുമാനിച്ചത്.
കയ്യിൽ ഒന്നുമില്ലാതെ നാട്ടിലേക്ക് പോകേണ്ടി വരുന്ന അവസ്ത.... 
അതും കല്യാണം കഴിഞ്ഞ് ആദ്യമായി നാട്ടിൽ പോകുമ്പോൾ ....

ആരെയും ഒന്നും അറിയിക്കാതെ കൂടെ നിന്ന പ്രിയതമയയുടെ പിൻതുണയാണ് പിന്നീടുള്ള യാത്രയിൽ അടിപതറാതെ മുന്നോട്ട് നയിച്ചത്.

ഞാൻ നാട്ടിലെത്തിയപ്പോഴും സനാഫും ഉണ്ണിക്കുട്ടനും നാട്ടിലേക്ക് പോന്നില്ല. പുതിയ കമ്പനി തുടങ്ങാനുള്ള കാര്യങ്ങളുമായി മുന്നോട്ട് നീങ്ങി.

എന്നെ കുറിച്ച് അപവാദ പ്രചരണങൾ ഉണ്ടായതൊന്നും കേട്ടില്ല എന്ന് നടിച്ചു. 
എന്റെ പ്രിയപ്പെട്ടവർ പലരും അത് ഏറ്റ് പറഞ്ഞപ്പോൾ അതിന്റെ പ്രചാരകരായപ്പോൾ മനസ്സ് വല്ലാതെ വിഷമിച്ചു.
അതുവരെ പ്രിയപ്പെട്ട എന്ന് കരുതിയിരുന്നവരെ മനസിൽ നിന്ന് മാച്കളഞ്ഞു. 
ഏറെ പ്രതീക്ഷകളേടെ ഒരുപാട് പ്രയത്നിച്ച് ഉണ്ടാക്കിയ കൂട്ടായ്മയിൽ നിന്ന് ഒഴിവായി ...
നമ്മളെ മനസിലാക്കാത്തവരുമായി കൂട്ടു ചേർന്നിട്ട് എന്തു കാര്യം ...
 പലരുടെയും പ്രതിസന്ധിഘട്ടങ്ങളിൽ കൂടെ നിന്ന എന്നെ എന്റെ പ്രതിസന്ധി ഘട്ടത്തിൽ തള്ളി പറഞ്ഞവരുമായി ചേർന്ന് നടക്കാൻ മനസ്സ് അനുവധിച്ചില്ല. 
ദൈവം നടത്തിയ പ്യൂരിഫിക്കേഷൻ പ്രൊസസ്സിങ്ങ് ആയിരുന്നു ആ കാലഘട്ടം.... 
ആത്മാർത്ഥമായി കൂടെ നിൽകുന്ന സുഹൃത്തുക്കൾ മാത്രമുള്ള പുതിയ യാത്രയുടെ തുടക്കം അവിടെ നിന്നായിരുന്നു ....

കഴിഞ്ഞതിനെ പറ്റി ചിന്തിക്കാതെ....
തള്ളി പറഞ്ഞവരെ ഓർത്ത് വിലപിക്കാതെ ...
നെഗറ്റീവ് ആയ കാര്യങ്ങൾക്ക് ചെവി കൊടുക്കാതെ ...
ഒരു പുതിയ ലോകത്തിലെന്നപോലെ ജീവിക്കാൻ തുടങ്ങിയ കാലം.

പുതിയ കമ്പനി തുടങ്ങുന്നതിനു മുമ്പ് നമുക്ക് ഇരുന്ന് ചർച്ച ചെയ്ത് തീരുമാനിക്കണം എന്ന് എന്നെ കൊണ്ട് പറയിച്ചത് മാറ്റത്തിന്റെ തുടക്കമായിരുന്നു.

ഉണ്ണിക്കുട്ടനും സനാഫും കമ്പനി തുടങ്ങാതെ നാട്ടിലെത്തി. 

അതിനിടയിൽ Tally യിൽ നിന്ന് ഒരു ഓഫർ സിംഗപൂർ ബെയ്സ് ചെയ്ത് മലേഷ്യ , ഇന്തോനേഷ്യ എന്നിവിടങ്ങളിലെ Tally Sale & Service മാനേജ് ചെയ്യാനായിരുന്നു അത്.

നല്ല ശമ്പളം , ഫാമലിയോടെപ്പം താമസിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും ഓഫറിൽ ഉണ്ടായിരുന്നു. Online ആയി പ്രാഥമിക ഇന്റർവ്യൂ കഴിഞ്ഞു.

സനാഫും ഉണ്ണിക്കുട്ടനും വിശ്വസിച്ച് കൂടെ നിന്നവരാണ് അവരുമായി ആലോചിച്ച് തീരുമാനിച്ചാൽ മതി എന്ന് സഹധർമിണി.

നീയില്ലാതെ കമ്പനി തുടങ്ങിയിൽ വിജയിക്കില്ല ... ഞങ്ങൾ എന്തെങ്കിലും ജോലി നോക്കേണ്ടിവരും.... 
അവരുടെ വാക്കിലെ നിരാശ എനിക്ക് മനസിലായി ... 

അന്ന് പ്രിയ സുഹൃത്ത് ദുബായിൽ നിന്ന് വിളിച്ചു. ദുബായിൽ എത്തിയ സമയത്ത് ആദ്യം Tally install ചെയ്ത കമ്പനിയിലെ അക്കൗണ്ടൻ്റ് ആണ് ... അതു മുതലുള്ള സൗഹൃദമാണ് .. 
 
" നിന്നെ പറ്റി ഒരു പാട് ഗോസിപ്പുകൾ കേൾക്കുന്നുണ്ടല്ലോ?... പറഞ്ഞതൊന്നും ശരിയാവില്ല എന്ന് എനിക്കറിയാം പക്ഷെ നീ ദുബായിൽ വരാതെ ഇരുന്നാൽ അവർ പറയുന്നത് ശരിയാണ് എന്ന് എല്ലാവരും കരുതും , എന്തായാലും ദുബായിൽ വന്നതിനു ശേഷം മറ്റ് ജോലിക്ക് പോയാൽ മതി ... "

ഈ ഫോൺ വന്നില്ലായിരുന്നെങ്കിൽ ഞാൻ Tally യിലെ ജോലി സ്വീകരിച്ചേനേ...
 ഉണ്ണിക്കുട്ടനും സനാഫിനും അവിടെ ജോലി ശരിയാക്കിയാൽ മതിയല്ലോ ?
ആ ചിന്ത മാറ്റിയത് ഈ കോളാണ് ....

സുഹൃത്ത് എന്ന വാക്കിന്റെ അർത്ഥം മനസിലാക്കിതന്ന ചിലരുണ്ട് ജീവിതത്തിൽ , അവരോടുള്ള കടപ്പാട് എന്നും ഹൃദയത്തിൻ സൂക്ഷിക്കുന്നു ...

അങനെ കമ്പനി തുടങ്ങാൻ സഹായിക്കാം എന്നു പറഞ്ഞ പ്രിയ സുഹൃത്ത് അഷ്റഫിനെ കാണാൻ യാത്രയായി ...

Monday, September 12, 2022

ഒരു സംരഭകന്റെ യാത്ര - 7


നാട്ടിലെത്തിയതോടെ ആശ്വാസമായി , എന്തായാലും പുതിയ കമ്പനിയിലേക്ക് പോകുന്നില്ല എന്ന് തീരുമാനിച്ചു സനാഫിനെ എങ്ങിനെയെങ്കിലും പറഞ്ഞ് സമ്മതിപ്പിക്കാം .... പിന്നെ 6 മാസം കഴിഞ്ഞല്ലേ വിസ എടുക്കൂ .... പൈസ ഇല്ല എന്ന് പറഞ്ഞ് ഒഴിവാക്കാം എന്നിങനെ പല പ്ലാനുകളുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചു.

വീടു പണിയുമായി ബന്ധപ്പെട്ട പ്രശന്ങ്ങൾ പരിഹരിക്കാനുള്ള നടത്തത്തിനിടയിൽ ബാക്കിയെല്ലാം മറന്നു.

അതിനിടയിൽ ഉണ്ണിക്കുട്ടനുമായി കമ്പ്യൂട്ടർ സ്ഥാപനം തുടങ്ങുന്നതിനെ കുറിച്ച് ആലോചിച്ചു. ഷിനുവും ബിജേഷും കൂടെ കൂടാം എന്ന് പറഞ്ഞു. 
അങ്ങനെ ഞങ്ങൾ തൃത്തല്ലൂരിൽ ആശുപത്രിക്ക് എതിർ വശത്ത് ബിൽഡിങ്ങിൽ റൂം വാടകക്ക് എടുത്തു ... 

Best Option Total IT Solutions എന്ന പേരിൽ സ്ഥാപനം തുടങ്ങാനുള്ള പ്രവർത്തനങ്ങൾ തുടങ്ങി.

സത്യത്തിൽ സനാഫ് നാട്ടിലെത്തി വിളിക്കുന്നതു വരെ ദുബായിലെ കമ്പനി തുടങ്ങുന്ന കാര്യം മറന്നു പോയിരുന്നു.

"വിസ വേഗം ശരിയാവും, എല്ലാ കാര്യങ്ങളും വേഗം തന്നെ ശരിയാക്കാൻ നോക്കിക്കോ " എന്ന് അവൻ പറഞ്ഞപ്പോൾ മനസ് വീണ്ടും അസ്വസ്ഥമായി.

"6 മാസത്തെ ബാൻ ഉണ്ടാകില്ലേ ... അത് കഴിഞ്ഞല്ലേ വിസ എടുക്കൂ ....
എനിക്ക് അങ്ങോട്ട് വരാൻ തീരെ ഇഷ്ടമില്ല ... പിന്നെ ഇവിടെ പുതിയ ഓഫീസ് തുടങ്ങാനുള്ള കാര്യങ്ങൾ നടക്കുന്നു .... പെട്ടന്ന് വരാൻ കഴിയില്ല " 
ഒറ്റ ശ്വാസത്തിൽ പറഞ്ഞ് കഴിഞ്ഞപ്പോൾ വല്ലാത്ത ആശ്വാസം തോനി.
നേരിൽ സംസരിക്കാം എന്ന് പറഞ്ഞ് സനാഫ് ഫോൺ കട്ട് ചെയ്തു.

എന്തു തന്നെയായാലും തിരിച്ചു പോകുന്നില്ല എന്ന തീരുമാനത്തിൽ കാര്യങ്ങൾ മുന്നോട്ട് പോയി. 

ചിങ്ങമാസത്തിൽ പുതിയ സ്ഥാപനത്തിന്റെ ഉത്ഘാടനം തീരുമാനിച്ച് കാര്യങ്ങൾ വേഗത്തിലാക്കിയതിനിടയിൽ സനാഫ് വന്നു ... 
കൈയ്യിൽ എന്റെ വിസയുടെ കോപ്പിയുമുണ്ടായിരുന്നു.  "5000 ദർഹം ചിലവാക്കിയാണ് നിന്റെ ബാൻ ഒഴിവാക്കി വിസ എടുത്തത്. നീ തന്നെ തീരുമാനിക്ക് ... " വിസയുടെ കോപ്പികയ്യിൽ തന്ന് സനാഫ് പറഞ്ഞു.

"വിസക്ക് പൈസ ചിലവാക്കും മുമ്പ് എന്നോട് പറയാമായിരുന്നു ? "

" ഞാൻ ഇപ്പോഴാ അറിഞ്ഞേ ...! " 
" നുണ പറയണ്ട സനാഫേ ... ഇവിടെ ഓഫീസ് ഉദ്ഘാടനം ചെയ്ത് ... Set ആക്കാനുള്ള സമയം പോലും ഇല്ലല്ലോ?...''

വല്ലാത്ത പ്രതിസന്ധിയിൽ എത്തിയ നിമിഷം ....

ഒരുപാട് നാളത്തെ ആഗ്രഹത്തിന്റെ സാക്ഷാത്കാരമായ Best option എന്ന ആദ്യ സംരഭത്തെ അനാഥമാക്കി .... മനസുകൊണ്ട് ആഗ്രഹിക്കാത്ത മറ്റൊരു സംരഭത്തിന്റെ ഭാഗമാകാൻ ദുബയിലേക്ക് യാത്രയായി....

ഒരേ സമയത്ത് രണ്ട് സംരംഭങ്ങൾ തുടങ്ങാനുള്ള വലിയ ഒരവസരമാണ് ലഭിച്ചതെങ്കിലും
ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണ കാലമായിരുന്നു . 

തൈരും കമ്പൂസും കഴിച്ച് വിശപ്പടക്കേണ്ടി വന്ന കാലം...

റൂമിൽ വന്നിരുന്ന അഥിതികൾക്ക് കട്ടിൽ ഒഴിഞ്ഞ് കൊടുത്ത് നിലത്തു കിടന്നിരുന്ന എന്നിക്ക് നിലത്ത് കിടക്കാൻ പോലും അവസരം തരാതെ ഉപകാരസ്മരണ പുതുക്കിയവരെ മനസിലാക്കി തന്ന കാലം....

ചെറുപ്പം മുതൽ കളിച്ചു വളർന്നവർ തള്ളി പറഞ്ഞപ്പോഴും .. 
ചുരുങ്ങിയ കാലത്തെ സൗഹൃദം കൊണ്ട് എന്നെ മനസിലാക്കി പ്രതിസന്ധിഘട്ടങ്ങളിൽ ചേർത്ത് പിടിച്ച നല്ല സുഹൃത്തുക്കളെ നൽകിയിയ കാലം ...

കൂട്ടുകച്ചവടത്തിന്റെ നേരും നെറിയും മനസിലാക്കി തന്ന കാലം...

ജീവിത പാഠങ്ങളിലൂടെ ദൈവം എന്നിലെ സംരഭകനെ വാർത്തെടുത്ത കാലം ....

Saturday, September 10, 2022

ഒരു സംരഭകന്റെ യാത്ര - 6


ബർഹയിലെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ ഇരുന്നാൽ ലാന്റിങ്ങിനായി ആകാശത്ത് വരിവരിയായി നിൽക്കുന്ന വിമാനങ്ങൾ, പാം ദൈരയുടെ നിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങി ദൈര കോർണിഷിന്റെ ഒരു വിധം കാഴ്ചകളും കാണാനാകും. 

ജോലി കഴിഞ്ഞ് നേരത്തെ റൂമിലെത്തിയ ഒരു ദിവസം കാഴ്ചകൾ കണ്ട് ചായ ആസ്വദിച്ചു കുടിക്കുന്നതിനിടയിൽ സനാഫും കൂടെ വന്നിരുന്നു. 

സൂര്യനെ പൂർണ്ണമായും കടൽ വിഴുങ്ങിയത്തിന്റെ പ്രതികരണമെന്നോണം ആകാശം ചുവന്ന് തുടുത്തു .. 

" നമുക്കൊരു കമ്പനി തുടങ്ങിയാലോ ..." 

എന്ന സനാഫിന്റെ ചോദ്യം എന്റെ ഉള്ളിൽ കെട്ടിയിട്ടിരിക്കുന്ന സംരഭകനെ ഉണർത്തി.

"പിന്നെന്താ , എന്റെ വലിയൊരു ആഗ്രഹമാണ് "

"എന്നാ നീ എണീറ്റേ നമുക്കൊരിടം വരെ പോകാം " 

സനാഫിന്റെ കൂടെ പോകുമ്പോൾ ഞാൻ  ചോദിച്ചു.

"ഷാർജയിലെ ട്രാഫിക്കിൽ കിടക്കാൻ ഒരു കൂട്ടിനു വേണ്ടി... എന്നെ വെറുതേ മോഹിപ്പിക്കേണ്ടിയിരുനില്ല "  സനാഫ് ചിരിച്ചു. 

അജ്മാനിലെ ബഷീർ ടൈപ്പിംഗ് സെന്ററിലേക്കായിരുന്നു ഞങ്ങളുടെ യാത്ര .. 

ഒരു കമ്പനി തുടങ്ങുന്ന കാര്യങ്ങൾ തന്നെയാണ് അവൻ അന്വേഷിച്ചത്.

തിരിച്ചു പോരുമ്പോൾ അവനോട് ചോദിച്ചു ...

"ആരാ കമ്പനി തുടങ്ങുന്നത് "

സനാഫ് ചിരിച്ചുകൊണ്ട് പറഞ്ഞു

" നമ്മൾ "

" തമാശ കള സനാഫേ "

" തമാശ അല്ല ... നീ ഉണ്ടെന്ന് ഉറപ്പു പറഞാൽ നമുക്ക് കമ്പനനി തുടങ്ങാം"

"സ്വന്തമായി കമ്പനി തുടങ്ങുക എന്നത് ചിന്തിക്കാതെ എടുക്കാവുന്ന തീരുമാനമല്ല " 

" നമ്മൾ മാത്രമല്ല കൂടെ മറ്റു രണ്ടു പേരും ഉണ്ട് ... വളരെ ആലോചിച്ച് തീരുമാനിച്ചതും ആണ് ... പക്ഷെ നീ കൂടെ ഉണ്ടെങ്കിലേ ഇത് നടക്കൂ "

" മറ്റു രണ്ടു പേർ ആരാണ് ... അതറിഞ്ഞിട്ട് തീരുമാനിക്കാം "

" നീ കൂടെ നിൽക്കും എന്ന് ഉറപ്പുണ്ടെങ്കിലേ അവരുടെ പേര് പറയൂ , വാവുട്ടിയോടല്ലാതെ ആരുമായും ചർച്ച ചെയ്യില്ല എന്ന് വാക്കു തരണം  "

" സ്വന്തമായി ഒരു കമ്പനി എന്നത് എന്റെ വലിയ സ്വപ്നമാ... പക്ഷെ കൂടെ ഉള്ളവരെ അറിയാതെ ഞാനെങ്ങിനെ ഉറപ്പു തരും "

" എന്നെ നിനക്ക് വിശ്വാസമാണോ ... നിനക്ക് ഒരു പ്രശ്നവും ഇല്ലാതെ ഞാൻ നോക്കിക്കോളാം... ഇതെന്റെ വാക്കാ..."

"സനാഫിനെ എനിക്ക് വിശ്വാസാ ... ഞാനുണ്ടാകും പുതിയ കമ്പനിയിൽ .. ഞാൻ പറഞ്ഞ് ഇതാരും അറിയില്ല "

" എന്നാ പിന്നെ കമ്പനി ഡയറക്ടേഴ്സിന്റെ ആദ്യ മീറ്റിംഗ് കരാമയിലെ പാരഗണിൻ ഉച്ചഭക്ഷണത്തോടൊപ്പം പ്ലാൻ ചെയ്യാം .... "

പുതിയ തീരുമാനവുമായാണ് റൂമിലെത്തിയത്. 
അനിയനുമായി സംസാരിച്ചു ... 
അവൻ പൂർണ്ണ പിന്തുണ അറിയിച്ചപ്പോൾ ധൈര്യം കൂടി.
രാത്രി ഉറക്കം വന്നില്ല ... 
വലിയൊരു ആഗ്രഹ സഫലീകരണത്തിന് വഴിയൊരുങ്ങുന്നതിന്റെ സന്തോഷം മനസിൽ അലയടിക്കുന്നു .... 

അടുത്ത ദിവസം പാരഗണിൽ എത്തി ഡയറക്ടേഴ്സിനെ കണ്ടപ്പോൾ കണ്ണടച്ച് വാക്കു കൊടുക്കേണ്ടിയിരുന്നില്ല എന്ന് തോനി പോയി.
അവരുടെ ജോലിയിൽ 100 % പെർഫക്ട് ആണെങ്കിലും ഇത്രയും കാലത്തെ അനുഭവത്തിന്റെ വെളിച്ചത്തിൽ ഇവരുമായി മുന്നോട്ടു പോകാൻ ബുദ്ധിമുട്ടായിരിക്കും എന്ന് തോനി.

ജീവിതത്തിലെ പ്രധാന തീരുമാനങ്ങൾ ഒരിക്കലും എല്ലാ കാര്യങ്ങളും പൂർണ്ണമായി മനസിലാക്കാതെ എടുക്കരുത് എന്ന വലിയ പാഠം അന്ന് പഠിച്ചു.

സനാഫിനോടൊപ്പം റൂമിലേക്ക് പേരുമ്പോൾ ഞാൻ അസ്വസ്ഥനായിരുന്നു...
വിഷമത്തോടെ ഞാൻ ചോദിച്ചു.
"ഇത്രയും വലിയ ചതി എന്നോട് വേണ്ടിയിരുന്നില്ല ... സനാഫേ " 
" നീ കൂടെ നിന്നില്ലേൽ , നിന്നെ പുറത്ത് ചാടിച്ചേ അവർ കമ്പനി തുടങ്ങൂ... നിന്നെ കുടുക്കാൻ അവർക്ക് എളുപ്പമല്ലേ ....''
" എന്നാലും ... " ഞാൻ പറയാൻ തുടങ്ങുന്നതിനിടയിൽ സനാഫ് കയറി പറഞ്ഞു
 " ഒരു എന്നാലും ഇല്ല ... ഇങ്ങനെ ഒരു കാര്യം നടന്നില്ല എന്ന് കരുതക... എല്ലാം ശരിയാവും "
ജീവിതത്തിൽ ഒരു കാര്യവും മറച്ചുവെച്ച് നടക്കേണ്ടി വന്നിട്ടില്ല ... മാനസിക സങ്കർഷർഷഭരിതമായ ദിനങൾ .... 
കൂടെയുള്ളവർ ചോദിച്ചു തുടങ്ങി ...
ആ സമയത്താണ് അമ്മക്ക് ആക്സിഡന്റ് ഉണ്ടാകുന്നത് .... 
കൂട്ടുകാർ എന്റെ വിഷമം അതുകൊണ്ടാകാം എന്ന് കുതി ....

പിടിച്ചു നിൽക്കാൻ ആവില്ല എന്ന് വന്നപ്പോൾ വിസ കാൻസൽ ചെയ്യാൻ തീരുമാനിച്ചു ...
കാരണമായി അമ്മയുടെ അവസ്ഥയും കുടുംബ പ്രശ്നങ്ങളും പറഞ്ഞു ....
സത്യത്തിൽ നാട്ടിലെ പ്രശ്നങ്ങൾ പരിഹരിക്കാവുന്നതാണ് ...

അങ്ങനെ മനസില്ലാമനസോടെ ... 
കമ്പനിയിൽ നിന്ന് തന്ന വലിയ ഓഫറുകൾ നിരസിച്ച് കൊണ്ട് നാട്ടിലെത്തി.

Sunday, August 28, 2022

ഒരു സംരഭകന്റെ യാത്ര - 5

മുത്തീനയിലെ ചെറിയ മുറിയിൽ നിന്ന് ജബാറിക്കയും, മോഹനേട്ടനും ഷമീറും മാറിയപ്പോൾ അനിയനും ഞാനും മാത്രമായി ....

ഞങ്ങളുടെ കമ്പനിയിലെ പഴയ മാനേജരും സുഹൃത്തും പുതിയ കമ്പനി തുടങ്ങി.
വർക്കിനിടയിൽ സംശയകൾക്ക് എന്നെ വിളിക്കാറുണ്ടായിരുന്നു. വർക്കുകൾ കൂടി വന്നപ്പോൾ പരിചയത്തിൽ ആരെങ്കിലും ഉണ്ടെങ്കിൽ പറയൂ വിസ കൊടുക്കാം എന്ന് പറഞ്ഞു.

ആദ്യം വിളിച്ചത് ഉണ്ണിക്കുട്ടനെ ആയിരുന്നു ... 
അവന് താൽപര്യമില്ലായിരുന്നു ....
അടുത്ത കോൾ റിയാഷിനായിരുന്നു അവൻ സമ്മതമെന്ന് പറഞ്ഞു.

റിയാഷിന്റെ അമ്മ സുഖമില്ലാതെ ഒരു പാട് നാള് കിടപ്പിലായിരുന്നു .... മരിക്കുന്നതുവരെ അമ്മയുടെ അടുത്ത് നിന്ന് മാറാതെ ശുശ്രൂഷിച്ചത് അവനാണ്...
 അവന്റെ അമ്മ മരിച്ചതിന് ശേഷമാണ് അവനുമായുള്ള സൗഹൃദം തുടങ്ങുന്നത് ...
ഓട്ടോറിക്ഷ വാങ്ങി ... ഓട്ടോ ഓടിച്ച് ജീവിക്കണം എന്ന ജീവിത ലക്ഷ്യമായി നടന്ന അവനെ Tally Sotware ന്റെ ലോകത്തേക്ക് കൈപിടിച്ച് നടത്തി.

ദുബായിലേക്ക് പോരുമ്പോൾ തിലകേട്ടന്റെ അടുത്ത് റിയാഷിനെ ആക്കിയാണ് ഞാൻ പോന്നത്. 

മുത്തീനയിലെ റൂമിലേക്ക് റിയാഷ് വന്നു ....
പിന്നെ കണ്ണൻ വന്നു ....
അവസാനം കുട്ടാപ്പു വന്നു ....
വീണ്ടും 5 പേർ .... സന്തോഷകരമായ ദിനങ്ങൾ ....
ദുബായ് ജീവിതത്തിലെ നല്ല ദിനങ്ങൾ ആയിരുന്നു.

പിന്നെ സ്ഥിരം സന്തർശകരായിരുന്നു അനി ചേട്ടനും ഷിനുവും ...

പതുക്കെ നേഷണൽ സ്കൂളിന്റെ പരിസരവാസികളുടെ ഒത്തുചേരൽ കേന്ദ്രമായി മുത്തിനയിലെ റൂം മാറി.
അൽ കൂസിലെ സത്യേട്ടന്റെ റൂമിലായിരുന്നു അതുവരെ ഒത്ത് കൂടിയിരുന്നത് ....

ഒഴിവു ദിനങ്ങൾ ആഘോഷങ്ങളായ ദിനങ്ങൾ ...

സ്വഹാനിലെ രാജേട്ടന്റെ റൂമിൽ ഒഴിവുദിനങൾ ആഘോഷിച്ച കാലം ....

പതുകെ ഈ കൂട്ടായ്മ സംഘടനയായി മാറി ....
പേരിടാൻ മിടുക്കനായ ജിബു National Expatriate Social Trust(NEST) എന്ന് പേരുമിട്ടു ...
ദാസേട്ടൻ പ്രസിഡണ്ടും ഞാൻ സെക്രട്ടറിയുമായി നെസ്റ്റ് രൂപീകരിച്ചു.

മുതീനയിലെ റൂമിൽ നിന് ബർഹയിലെ റൂമിലേക്ക് മാറേണ്ടിവന്നു ...

ബർഹയിലെ അൽ വന്ത് റെസ്റ്റോറന്റിന്റെ മുകളില വലിയ റൂമിലേക്ക് മാറിയപോൾ കൂടെ നെല്ലായി സതീശേട്ടൻ , പാർപ്പിടം സതീശേട്ടൻ , ഷിനു , സനാഫ് പിന്നെ നൗഷാദും ഉണ്ടായിരുന്നു.
ജ്യോതി ചേട്ടൻ , ചിന്ത ചേട്ടൻ , നിഷാദ് എന്നിവർ ഇടക്ക് ഉണ്ടാകാറുണ്ട്. 5 പേരിൽ നിന്ന് 12 പേരുടെ റൂമിലേക്ക് മാറിയെങ്കിലും സന്തോഷകരമായി കഴിയാൻ ഞങ്ങൾക്കായി .
എന്തു വിഷമവും നിമിഷ നേരം കൊണ്ട് ഇല്ലാതാവുന്ന ഒരിടമായിരുന്നു അവിടം.

നേഷണൽ പെയിന്റിന്റെ അടുത്ത് ഒരു കമ്പനിയിലെ Accountant ആയി വിസ ബിജേഷിന് ശരിയാക്കി എങ്കിലും ... അവന് അത് മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞില്ല. സഹപ്രവർത്തകരുടെ നിസ്സഹകരണം അതിജീവിക്കാൻ അവനായില്ല ... 

ഗിരീഷിന് ഞങ്ങളുടെ കമ്പനിയിലേക്ക് വിസ ശരിയാക്കാനായത് യാദൃശ്ചിമയാണ് ...

ഏതോ ജോബ് കൺസൾട്ടൻസി നൽകിയ ബയോ ഡാറ്റകളിൽ തൃശ്ശൂർകാരനെ കണ്ടപ്പോൾ .. മാനേജർ അറിയുമോ എന്ന് ചോദിച്ചു.

ഗിരീഷിനെ ആദ്യമായി കാണുന്നത് വാർട്ടർ ടാങ്ക് ഉണ്ടാക്കുന്ന കമ്പനിയിൽ Tally Implement ചെയ്യാൻ പോയപ്പോൾ ആണ്.
കഴിവുള്ള പയ്യനാണ് എന്ന് തലകേട്ടനേട് അന്നേ പറഞ്ഞിരുന്നു. പിന്നീട് തിലകേട്ടന്റ സ്ഥാപനത്തിൽ ജോലിക്ക് കയറിയത് അറിഞ്ഞിരുന്നു.

ബയോഡാറ്റ കണ്ടപ്പോൾ ഒന്നും ആലോചിക്കാതെ എടുത്തോ നല്ല പയ്യനാണ് എന്ന് മാനേജരോട് പറഞ്ഞു.

അങ്ങനെ ഗിരീഷും ഞങ്ങളുടെ റൂമിലെ അന്തേവാസിയായി ....

ഈ കാലയളവിൽ ഒരു പാട് പേർക്ക് വിസ ശരിയാക്കാൻ അവസരമുണ്ടായി എന്നത് ഒരു നിയോഗമായി മാത്രം കാണുന്നു. 

ദൈവം ചിലക്ക് നൽകിയ അവസരങ്ങൾക്ക് നിമിത്തമാവാൻ കഴിഞ്ഞു എന്നത് സന്തോഷപരമായ ഒർമയാണ്.

Wednesday, August 17, 2022

ഒരു സംരഭകന്റെ യാത്ര - 4


മുത്തീനയിലെ വില്ലയിൽ നിന്നാണ് പ്രവാസിയുടെ പ്രയാസങ്ങൾ മനസിലാക്കിയത് .
വില്ലയിലെ ചെറിയ മുറിയിൽ ഞങ്ങൾ 5 പേർ.... ജബാറിക്ക, മോഹനേട്ടൻ , ഷമീർ പിന്നെ അനിയനും ഞാനും ....

രണ്ട് ഡബിൾ കട്ടിൽ കഴിഞ്ഞാൽ ഒരാൾക്ക് നിൽക്കാവുന്ന സ്ഥലം മാത്രം .... 
 അതിനുള്ളിൽ 5 പേർക്ക് സന്തോഷത്തോടെ ജീവിക്കാം എന്ന് മനസിലാക്കിയ ദിവസങ്ങൾ ...

രാത്രി ഡ്യൂട്ടി കഴിഞ്ഞ് ഉറങ്ങുന്നവനെ ശല്യപ്പെടുത്താതെ കഴിയാൻ പഠിച്ച ദിനങ്ങൾ ...

തക്കാളിയും,സവാളയും , ഇഞ്ചിയും വെളുത്തുളയും പച്ചമുളകും എണ്ണയിൽ വഴറ്റി മല്ലിപൊടി , മുളകുപൊടി മഞ്ഞപ്പെട്ടി എന്നിവയിട്ട്  കുറച്ച് വെള്ളം ഒഴിച്ച് തിളപ്പിച്ചതിൽ ... മീൻ ഇട്ടാൽ മീൻ കറിയും, കോഴി ഇട്ടാൽ കോഴിക്കറിയും കടല ഇട്ടാൽ കടലക്കറിയും ആകുന്ന മാജിക് പഠിച്ച ദിവസങ്ങൾ ...

ദുബായിൽ എത്തിയത് ഒരു വെള്ളിയാഴ്ച ആയിരുന്നു ... ശനിയാഴ്ച രാവിലെ 3 കമ്പനികളിലേക്ക് C V അയച്ചു. 
പരസ്യത്തിൽ കണ്ടതിൽ അനുയോജ്യമെന്ന് തോനിയത് അത് മാത്രമായിരുന്നു.

വൈകുന്നേരമാകുമ്പോഴേക്കും 3 സ്ഥലത്തു നിന്നും ഇന്റർവ്യൂവിന് വിളിച്ചു.

ആദ്യം പോയത് നാസർ സ്കൊയറില ഒരു സോഫ്റ്റ്വെയർ കമ്പനിയിലേക്ക് ആയിരുന്നു ... 
ഇന്റർവ്യൂവിൽ സെലക്ടട് ആയി .... 
അടുത്തത് ബർദ്ദുബായായിൽ ബിസിനസ്സ് സെൻററിൽ ആയിരുന്നു ... 
അവിടെ Tally Support executive ആയിട്ടായിരുന്നു ...

ആദ്യത്തെ കമ്പനിയായിരുന്നു ശബളം അധികം പറഞ്ഞിരുന്നത് ...
എന്തുകൊണ്ടാ കുറഞ്ഞ ശബളത്തിൽ ബർദുബായിൽ ജോലി ചെയ്യാൻ തീരുമാനിച്ചു.
ജീവിതത്തിലെ പല തീരുമാനങ്ങളും ഇങ്ങനെ ഒക്കെയായിരുന്നു ... 
വന്നതേ അല്ലേ ഉള്ളൂ .... ഇതിലും നല്ല ശബളത്തിൻ ജോലി കിട്ടിയാലോ? 
പലരും പലത് പറഞ്ഞെങ്കിലും ....
അതൊന്നും ചെവി കൊണ്ടില്ല ....
അങ്ങനെ ജോബ് വിസയിൽ വന്നപോലെ വന്നതിന്റെ മൂന്നാം ദിവസം മുതൽ ജോലിയിൽ പ്രവേശിച്ചു.

കോഡിനേറ്ററും, ഡ്രൈവർമാരും മലയാളികളായിരുന്നിട്ടും ഹൈദ്രാബാദികൾ കയ്യടക്കി വെച്ചിരുന്ന Tally ഡിവിഷനിൽ നിന്ന്  എന്നെ പുകച്ച് പുറത്ത് ചാടിക്കാനുള്ള ശ്രമങ്ങൾ നടന്നു. 
പണ്ട് സ്കൂളിൽ കമ്പ്യൂട്ടർ പഠിപ്പക്കുമ്പോൾ അനുഭവിച്ച നിസ്സഹകരണവും , രണ്ടാം തരം പരിഗണനയും അതിജീവിച്ചതിന്റെ അനുഭവസമ്പത്ത് ഉപകാരപ്പെട്ട സമയമായിരുന്നു. 
വിസിറ്റ് വിസയുടെ കാലാവധി കഴിയാനായിട്ടും വിസ പുതുക്കാതെ മടക്കി അയക്കാനുള്ള ശ്രമത്തെ പരാജയപ്പെത്തിയത് മലയാളി ഡ്രൈവർമാരുടെ ഇടപെടൽ കൊണ്ടായിരുന്നു.

കഫ്തീരിയ ജോലിയിൽ നിന്ന് ഡൈവിങ് ലൈസൻസ് എടുത്ത് ഒരേ കാലയളവിൽ കമ്പനിയിൽ ജോലിയിൽ കയറിയ സുഹൃത്ത് നൗഷാദിനെ ഹൈദ്രാബാദികൾ വട്ടം കറക്കിയിരുനതിനാൽ എന്റെ സാരഥിയായി നാഷാദ് നിയോഗിക്കപ്പെട്ടു. 
ആദ്യമായി ഞങ്ങൾ രണ്ടു പേരും പോയത് അവീറിലെ ഒരു കമ്പനിയിലേക്കായിരുന്നു ....
റൂട്ട് മാപ്പ് നോക്കി സീനിയർ ആയ സനാഫ് വഴി പറഞ്ഞു കൊടുത്തു..
റൂട്ട് മാപ്പ് പ്രകാരം ഞങൾ കമ്പനിയുടെ അടുത്ത് എത്തി റോഡിനപ്പുറത്ത് കമ്പനി കാണാം .... 
അപ്പുറത്തേക്ക് കടക്കാൻ പാലം കയറി 2nd exit എടുക്കണം ...
നൗഷാദ് പാലം കയറി തെറ്റി 1st എകിറ്റ് എടുത്തു .. കിലോമീറ്ററുകളോളം സഞ്ചരിച് യുടേൺ എടുത്ത് തിരിച്ച് വീണ്ടും പാലത്തിലെത്തി .... 

എക്സിറ്റുകൾ തെറ്റി വഴിതെറ്റി ... 
സമയമൊരുപാട് പോയി .... 
അവസാനം നൗഷാദിന്റെ കയ്യിൽ നിന്ന് റൂട്ട് മാപ്പ് വാങ്ങി അതിനുസരിച് പറഞ്ഞ് കൊടുത്ത് കമ്പനിയിൽ എത്തി.  

പിന്നീട്ടുള്ള യാത്രകളിൽ റൂട്ട് മാപ്പ് അനുസരിച്ച് പറഞ്ഞു കൊടുക്കേണ്ട ചുമതല കൂടി വന്നു ....
അങ്ങനെ യു എ യിലെ മുക്കിലും മൂലയിലും യാത്ര ചെയ്തു ....

പിന്നീട് കമ്പനിയാൽ വന്ന നിഷാദ് , വലീദ് എന്നിവർക്കും വഴി കിട്ടിയാവാൻ കഴിഞ്ഞു.

ഓഫീസ് ബോയ് മുതൽ മാനേജരുടെ  ചുമതല വരെ 3 വർഷത്തിനിടയിൽ അവിടെ നിർവ്വഹിച്ചു...

അകറ്റി നിർത്തിയവർ ചേർത്ത് പിടിച്ചു ... 

ചിരിച് കൊണ്ട് കഴുത്തറക്കുന്നവരാണ് എന്ന് അറിഞ്ഞിട്ടു കൂടി ,
മനസ്സില്ലാമനസ്സോടെ അവരോട് ചേർന്ന് നടക്കേണ്ടി വന്നു ....

Sunday, August 7, 2022

ഒരു സംരഭകന്റെ യാത്ര -3


ശമ്പളമെന്താണ്, എന്താണ് ജോലി എന്നോ ചോദിക്കാതെ ലാലേട്ടനോടുള്ള വിശ്വാസത്തിൽ എടുത്ത തീരുമാനം ജീവിതത്തിന്റെ വഴിതിരിവാകും എന്ന് അറിയില്ലായിരുന്നു.

കോഴിക്കോട്ടെ താമസത്തിനും ചിലവിനും എന്റെ ശബളം തികയില്ലായിരുന്നു. രവി പാപ്പനും ഇളയമ്മയും അവരോടൊപ്പം താമസിക്കാൻ അനുവദിച്ചതിനാൽ മാത്രം തുടർന്ന ജോലി.  അവർ നൽകിയ സ്നേഹത്തിന്റെ, കരുതലിന്റെ ഒരംശം പോലും തിരിച്ചു നൽകാൻ ആയിട്ടില്ല.

പുതിയ സ്ഥലങ്ങൾ, പുതിയ സൗഹൃദങ്ങൾ , അറിവുകൾ ജോലിയായിരുന്നില്ല .... ഓരോ ദിവസവും പഠിക്കുകയായിരുന്നു.

കസ്റ്റമറുടെ പ്രശ്നങ്ങൾ പരിഹരിച്ചു കഴിയുമ്പോൾ കിട്ടുന്ന ആത്മ സംതൃപ്തി ... അവർ നൽകുന്ന ഭഹുമാനം ...
കോഴിക്കോടിന്റെ മുക്കിലും മൂലയയിലും യാത്ര ചെയ്ത അനുഭവങ്ങൾ , സൗഹൃദങ്ങൾ.... 

നാട്ടിൽ ടൂഷ്യൻ എടുത്തും , കമ്പ്യൂട്ടർ പഠിപ്പിച്ചും , ലൈബ്രേറിയനായും ലഭിച്ചതിനേക്കാൻ കുറഞ്ഞ ശബളത്തിലാണ് ജോലി ചെയ്തിരുന്നത് ...

പഠിക്കുന്ന സമയത്ത് പോലും അമ്മയുടെ കൈയ്യിൽ നിന്ന് പണം വാങ്ങേണി വന്നിട്ടില്ല ....
പക്ഷെ ഇപ്പോൾ അതും വേണ്ടി വന്നു ....
പക്ഷെ പണത്തിനേക്കാൾ ഞാൻ വിലകൽപിച്ചത് ഒരോദിവസവും ഞാൻ ആർജിക്കുന്ന അറിവുകൾക്കാണ്.... 

ഒഴിവുസമയങ്ങൾ Tally യെ കൂടുതൽ മനസിലാക്കാൻ ചിലവഴിച്ചു.

Tally customisation ചെയ്തിരുന്നത് ചെന്നെയിലെ ഒരു കമ്പനിയായിരുന്നു. ഇപ്ലിമെന്റ് ചെയ്യുമ്പോൾ ചെറിയ മാറ്റങ്ങൾ വേണമെങ്കിൽ തിരിച്ച് അയച്ച് കൊടുത്ത് ശരിയാക്കാൻ മറ്റൊരു ദിവസം കസ്റ്റമറുടെ അടുത്ത് പോകണമായിരുന്നു.

TDL (Tally defenition Language) ആണ് കസ്റ്റമൈസ് ചെയ്യാൻ ഉപയോഗിക്കുന്നത് ....
പ്രോഗ്രാമിങ്ങ് പഠിച്ചിട്ടുള്ളതിനാൽ പഴയ കോഡുകൾ മനസിലാക്കാനും ചെറിയ തിരുത്തലുകൾ വരുത്തി ഉപയോഗിക്കാനും തുടങ്ങി ...
പ്രധാനമായും ഇൻ വോയ്സ് കസ്റ്റമൈസേഷൻ ആയിരുന്നു ... 
സന്തോഷേട്ടൻ ആയിരുന്നു അത് ചെയ്തിരുന്നത് .... 

തിലകേട്ടൻ പ്രോൽസാഹിപ്പിച്ചു. 
ഒരു കസ്റ്റമൈസേഷന് 1000 രൂപ തരാം എന്നു പറഞ്ഞു.

അങ്ങനെ സ്വതന്ത്രമായി ചെയ്ത് തുടങ്ങി ....

മംഗലാപുരം മുതൽ തിരുവനന്തപുരം വരെ  യാത്ര ചെയ്ത് വർക്ക് ചെയ്ത് തുടങ്ങി ....

Tally സോഫ്റ്റ് വെയറിനെ കസ്റ്റമറുടെ ആവിശ്യങ്ങൾക്ക് അനുസരിച്ച് മാറ്റാൻ കഴിഞ്ഞു ... 
കസ്റ്റമറുടെ സൈറ്റിൽ ഇരുന്ന് തന്നെ വേണ്ട മാറ്റങ്ങൾ വരുത്താവുന്ന രീതിയിൽ ആത്മവിശ്വാസം വളർന്നു.

ഒരു പാട് നല്ല പ്രൊജക്ടുകളുടെ ഭാഗമായി പ്രവർത്തിക്കാനായി ... 

പുതിയ അറിവുകൾക്കായി മാറ്റി വെച്ചനാളുകൾ ....

അതിനിടയിൽ അനിയൻ ദുബായിലേക്ക് പോയി . തിലകേട്ടന്റെ ഡീലർഷിപ്പ് പോയി .... 
തൃശ്ശൂർ പുതിയ ഓഫീസ് തുടങ്ങി ...
കോഴിക്കോട് നിന്ന് താമസം വീട്ടിലേക്ക് മാറി ...

ഒരു ദിവസം അമ്മക്ക് സുഖമില്ലാതായി ...

മരണത്തിന്റെ വക്കിൽ നിന്ന് അമ്മയെ തിരികെ കൊണ്ടു വരാൻ ഒരു മാസം ആശുപത്രിയിൽ കഴിയേണ്ടി വന്നു ....

അറിവുകൾക്ക് പിന്നാലെ പോയ ഊരു തെണ്ടിയുടെ ഓട്ടകീശയിൽ ഒന്നുമില്ല എന്ന തിരിച്ചറിവ് നൽകിയ ദിനങൾ ...

1000 രൂപ തരാം എന്ന് പറഞ്ഞിട്ടും ഒരു രൂപ പോലും വാങ്ങിക്കാത്ത നൂറിൽപരം വർക്കുകൾ ....
കരയുന്ന കുട്ടിക്കേ പാലുള്ളൂ ... 
എന്ന് തിരിച്ചറിഞ്ഞ നാളുകൾ ...

വയസെത്രയായി ...?
കല്യാണം കഴിക്കണ്ടേ?...
പുതിയ വീട് വെക്കണ്ടേ ?...
ഇങ്ങനെ നടന്നാൽ ഇത് വല്ലതും നാക്കുമോ ?
അമ്മയുടെ ചോദ്യങ്ങൾക്ക് മറുപടി ഇല്ലായിരുന്നു ...

സ്വന്തമായി ഇവിടെ ബിസിനസ്റ്റ് തുടങ്ങിയാൽ ....
തിലകേട്ടന്റെ കസ്റ്റമേർസിൽ ഭൂരിഭാഗവും എന്നോടൊപ്പം പോരും ...
പാൽ നൽകിയ കൈക്ക് കടിച്ചവൻ എന്ന ദുഷ് പേര്‌ വേണ്ട ....
ജീവിതത്തിലെ വഴിത്തിരുവിലേക്ക് കൈപിടിച്ച് നടത്തിയർക്ക് ദോഷമുണ്ടാക്കുന്നത് ചെയ്യാനാവില്ല ...
ഗുരുത്വമില്ലെങ്കിൽ മറ്റെന്തുണ്ടായിട്ട് എന്ത്  കാര്യം....

അങനെ പ്രവാസിയാക്കാൻ തീരുമാനിച്ചു ...

Thursday, July 28, 2022

ഒരു സംരഭകന്റെ യാത്ര ... 2


കാർത്തികേയൻ മാസ്റ്റർ ട്യൂഷൻ സെന്റർ നിർത്താൻ തീരുമാനിച്ചപ്പോൾ ... 
ചില കുട്ടികളുടെ രക്ഷിതാക്കൾ എന്നെ സമീപിച്ചു.
മാഷിന് ട്യൂഷൻ സെന്റർ തുടങ്ങി കൂടെ എന്ന് ചോദിച്ചു.
അവിടെ നിന്നാണ് ആദ്യ സംരഭം തുടങ്ങാനുള്ള ആഗ്രഹം മുള പൊട്ടിയത്.

സ്ഥാനം കൊണ്ട് പാപ്പനും മേമയും ആണെങ്കിലും .... വിളിച്ച് ശീലിച്ചത് രാജേട്ടൻ ഉഷേച്ചി എന്നാണ്....

ഇല്ലായ്മയിൽ ചേർത്ത് പിടിച്ചവരിൽ മുൻപന്തിയിൽ നിൽകുന്നവർ...

ചോദിക്കാൻ അവസരം തരാതെ ... കണ്ടറിഞ്ഞ് സഹായിച്ചവർ ...

ആഗ്രഹം അറിഞ്ഞപ്പോൾ നീ വേറെ സ്ഥലം നോകണ്ട നമുക്ക് നമ്മുടെ ബിൽഡിങ്ങിന്റെ മുകളിൽ തുടങ്ങാം .... 

അടുത്ത ദിവസങ്ങളിൽ തന്നെ ബിൽഡിങിന്റെ മുകളിലെ നിലയിൽ ക്ലാസ് റൂമിന്റെ പണി തുടങ്ങി .... 
ഡെസ്ക് , ബഞ്ച് എന്നിവക്ക് ഓർഡർ കൊടുത്തു ...
കണക്ക് ഒഴിച്ച് ബാക്കി വിഷയങൾ പഠിപ്പിക്കാൻ അധ്യാപകരെ കണ്ടെത്തി.... സംസാരിച്ച് ധാരണയായി ....

കാര്യങ്ങൾ തകൃതിയായി നടക്കുന്നതിനിടയിൽ ഒരു  ദിവസം ലാലേട്ടൻ വിളിച്ചു. തിലകേട്ടന്റെ ഓഫീസിലേക്ക് ഒരാളെ നോക്കുനുണ്ട് ,
തിലകേട്ടൻ അടുത്ത ദിവസം ഗുരുവായൂരിൽ വരുന്നുണ്ട് ഒന്ന് വന്ന് കാണണം എന്നു പറഞ്ഞു. 
Tally Sofware മായി ബന്ധപ്പെട്ടാണ് തിലകേട്ടൻ ജോലി ചെയ്യുന്നത് എന്ന് അറിയാമായിരുന്നു .. കുറിച്ച് നാൾ മുൻപ് കണ്ടപ്പോൾ Tally പഠിക്കാനും പറഞ്ഞിരുന്നു.

ഉഷേച്ചിയോട് പറഞ്ഞപ്പോൾ ..
നല്ല കാര്യമാണെങ്കി OK പറഞ്ഞോ .. ട്യൂഷൻ സെന്ററിനു വേണ്ടി ചിലവാക്കിയ പൈസ ഓർത്ത് വിഷമിക്കണ്ട ... എന്തായാലും പോയി കണ്ട് നോക്കൂ ...

അടുത്ത ദിവസം മേൽത്തൂർ ഓഡിറ്റോറിയത്തിനുമുന്നിൽ വച്ച് ലാലേട്ടനേയും തിലകേട്ടനേയും കണ്ടു. 
മുണ്ടും ഷർട്ടും പറ്റില്ല പാന്റും ഷർട്ടും വേണം , കോഴിക്കോട് താമസിക്കാൻ ഒരിടം ശരിയാക്കണം എന്നുമാണ് പ്രധാന ചർച്ച വിഷയമായത്.
 2000 രൂപ തന്നിട്ട് നല്ല പേന്റും ഷർട്ടും വാങ്ങി എക്സിക്യൂട്ടീവ് ലുക്കിൽ അടുത്ത ദിവസം കോഴിക്കാട് ഓഫീസിൽ വരാൻ പറഞ്ഞു.

അച്ഛൻ ഉപയോഗിച്ചിരുന്ന മുണ്ടുകളും ഷർട്ടുകളും , മാമൻ ഗൾഫിലേക്ക് തിരിച്ചു പോകുമ്പോൾ തന്നിട്ടു പോകുന്ന ഷർട്ടുകളും മുണ്ടു കളുമായിരുന്നു എന്റെ പ്രധാന വേഷം ....
ഓണത്തിന് അമ്മ എടുത്തു തരുന്ന ഷർട്ട് മുണ്ട്, ബന്ധുക്കളുടെ കല്യാണത്തിന് കിട്ടുന്ന ഷർട്ട് മുണ്ട് .... മാത്രമാണ് പുതിയതായി ഉപയോഗിചിരുന്ന വേഷങ്ങൾ ...

 ഇതറിയാവുന്നതു കൊണ്ടാകാം ഡ്രസ്റ്റ് വാങ്ങാൻ പണം തന്നത്...

രവി പാപ്പനും ഇളയമ്മയും കോഴിക്കോട് ആണ് താമസം ... അമ്മ അവരെ വിളിച് സംസാരിച്ച് താമസം ശരിയാക്കി ...

അടുത്ത ദിവസം രവി പാപ്പ നോടൊപ്പം കോഴിക്കോട്ടേക്ക് യാത്രയായി ....

അങ്ങനെ ആദ്യ സംരംഭം പാതിവഴിയിൽ ഉപേക്ഷിച്ച് പുതിയ മേച്ചിൽപുറം തേടിയുള്ള യാത്ര ....

Tuesday, July 26, 2022

ഒരു സംരഭകന്റെ യാത്ര... 1

26 വർഷങ്ങൾക്ക് മുമ്പ് പഠിപ്പ് നിർത്തി പണിക്ക് പോകാൻ നിൽക്കുന്ന പതിനാറുകാരനിൽ നിന്ന് തുടങ്ങാം.

ലാസറേട്ടന്റെ കടയിലെ പറ്റ് തീർക്കാൻ അച്ഛൻ ഇല്ല എന്ന യാഥാർത്യമുൾകൊണ്ട നാളുകൾ
 
റേഷനരി കഴിക്കില്ലെന്ന വാശി മാറിയതും , ചമ്മന്തിയും ചോറും ശ്രേഷ്ട വിഭവങ്ങളു കൂട്ടത്തിൽ സ്ഥാനം പിടിച്ചതും എത്ര പെട്ടന്നാണ് ...

"ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ആയിരം പേർ വരും.. "
എന്ന പാട്ടിന്റെ അർത്ഥം മനസിലായ നാളുകൾ ....

പഠിപ്പ് നിർത്തി പണിക്ക് പോയി കുടുംബം പുലർത്തേണ്ട അവസ്ഥയൊന്നും നമുക്കില്ല ...
 പഠിച്ച് നല്ല ജോലി നേടാൻ നോക്ക് .... 
എന്ന അമ്മയുടെ ഉപദേശത്തിൽ മനസ് മാറി പഠനം തുടരുന്നതിനിടയിലാണ്
ഗാന്ധിജിയുടെ  സത്യാന്വേഷണ പരീക്ഷണ കഥ വായിച്ചത്. പഠനത്തോടൊപ്പം ജോലി ചെയ്യത് സ്വയം പര്യാപ്തത നേടണം എന്ന ആഗ്രഹം മനസിൽ നിറഞ്ഞു...

വൈദ്യൻ കൽപിച്ചതും ... രോഗി ഇഛിച്ചതും പാല് എന്ന് പറഞ്ഞതുപോലെ ... കാർത്തികേയൻമാഷുടെ ട്യൂഷൻ സെന്ററിൽ കണക്ക് പഠിപ്പിക്കാൻ ഒരവസരം കിട്ടി.

ഒന്നും ആലോചിച്ചില്ല ധൈര്യ പൂർവ്വം ഏറ്റെടുത്തു....

പ്രീഡിഗ്രി ക്കാരനായ ഞാൻ എട്ട്, ഒമ്പത്,പത്ത് ക്ലാസുകാർക്ക് ട്യൂഷൻ എടുത്തു തുടങ്ങി ...

പഠിപ്പിച്ച് തുടങ്ങിയപ്പോൾ .... കുട്ടികളുടെ സംശയങൾ എന്റെയും സംശയങ്ങൾ ആയിരുന്നു... 
തുടക്കത്തിൽ തോനിയ ആവേശം കെട്ടടങ്ങി ...

അന്ന് ഞാൻ ട്യൂഷന് പോകുന്നത് നാട്ടികയിലെ മാസ്റ്റേർസിൽ ആണ് .... 
കണക്ക് മാഷ് രാമദാസ് മാഷാണ് ....
മാഷോട് കാര്യം പറഞ്ഞു ....
മാഷിന്റെ ടിപ്പ് ഉപകാരം ചെയ്തു .... 
പത്താം ക്ലാസിലെ കുട്ടികളെല്ലാം ഉയർന്ന മാർക്കോടെ കണക്കിൽ വിജയിച്ചു.

മറ്റ് രണ്ട് ട്യൂഷൻ സെന്ററിൽ പത്താം ക്ലാസുകാർക്ക് കണക്ക് പഠിപ്പിക്കാൻ അവസരം ലഭിച്ചു. 
കൂടാതെ ഒരു കുട്ടിക്ക് ഹോം ട്യൂഷനും എടുത്തു തുടങ്ങി.
അതിനിടയിൽ സി.കൃഷ്ണവിലാസം ലൈബ്രറിയിൽ പാർട്ട് ടൈം ലൈബ്രറിയനായും ചാർജ് എടുത്തു.
നേഷണൽ സ്കൂളിൽ കമ്പ്യൂട്ടർ ലാബ് വന്നപ്പോൾ കമ്പ്യൂട്ടർ അദ്ധ്യാപകനായും ജോലി ചെയ്തു.

ജോലിയോടൊപ്പം പഠനവും കൊണ്ടുപോയി ....
IRS ൽ നിന്ന് PGDCA , അളഗപ്പ പോളിയിലെ വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിൽ നിന്ന് കമ്പൂട്ടർ ഹാർഡ് വെയർ & നെറ്റ്‌വർക്കിങ് ഡിപ്ലോമ , തൃപ്രയാർ അഥീനയിൽ ചേർന്ന് പഠിച്ച് BCom എന്നിവ നേടിയത് ഈ കാലയളവിലാണ്.

കുടുംബ ക്ഷേത്രത്തിലെ കീഴ് ശാന്തിയായി ഇരുന്നതും പൂജയും ,ജ്യോതിഷവും പഠിച്ചതും ...
പാചകവും , ചിത്രകലയും അഭ്യസിച്ചതും
 ഇതേ കാലയളവിലാണ് ...

SFI , DYFI , SNDP യുത്ത് മുവ്മെന്റ് എന്നിവയുടെ സെക്രട്ടറിയായതും ഒരു പാട് നല്ല പ്രവർത്തനങ്ങളുടെ ഭാഗമാവാനായതും ഇതേ കാലയളവിലാണ് ...

എന്നെ പാകപ്പെടുത്തിയ കാലം ...

Saturday, February 12, 2022

എന്റെ യാത്രാനുഭവങ്ങൾ - 9


പുന: പ്രതിഷ്ഠയും തീർത്ഥാടനവും കഴിഞ്ഞതോടെ ഭക്തിമാർഗ്ഗത്തിലൂടെ സഞ്ചരിച്ചുതുടങ്ങി...

വൈവിദ്യങ്ങളായ ആചാരങ്ങളും അനുഷ്ടാനങ്ങളും ... 

ഒരു ക്ഷേത്രത്തത്തിലെ ആചാരമല്ല മറ്റൊരു ക്ഷേത്രത്തിൽ ....

 മനസ്സു നിറയെ സംശയങ്ങൾ ...

സി.കൃഷ്ണവിലാസം ലൈബ്രറി എന്ന അമൂല്യ ശേഖരത്തിൽ നിന്ന് ... കോട്ടയം പുഷ്പ നാഥിന്റെയും പമ്മന്റെയും പുസ്തകങ്ങൾ എടുത്ത് വായിച്ചിരുന്ന ഞാൻ .... ആചാരങ്ങളെയും അനുഷ്ടാനങ്ങളെയും കുറിച്ച്‌ ഉള്ള പുസ്തകങ്ങളിലേക്ക് മാറി ...

ലൈബ്രേറിയൻ കുട്ടേട്ടൻ അത്തരം പുസ്തകങ്ങൾ തിരഞ്ഞടുക്കാൻ സഹായിച്ചു.

വായിച്ചറിഞ്ഞതിനേക്കാൾ അച്ഛൻ ലളിതമായി പറഞ്ഞു തന്ന കാര്യങ്ങളാണ് ഇന്നും മനസ്സിലുള്ളത്...

ഗുരുദേവൻ പാകപ്പെടുത്തിയെടുത്ത ജീവിത ചര്യകൾ പിൻതുടരാൻ തീരുമാനിച്ചത് അങ്ങിനെയാണ് ...

രാവിലെയും വൈകുന്നേരവും ക്ഷേത്രത്തിലെത്തി ശാന്തിയെ സഹായിക്കും...

അവധി ദിവസത്തിലും പരീഷാകാലത്തും പഠനം ക്ഷേത്ര നടപ്പുരയിൽ ആയിരുന്നു.

പൂജ വിധികൾ പഠിച്ചു.... ജ്യോതിഷം പഠിച്ചു...ആത്മീയതയിലൂന്നിയുള്ള ജീവിതചര്യകൾ ...

രണ്ടക്കമാർക്ക് വാങ്ങാൻ വിഷമിച്ചിരുന്ന എനിക്ക് പരീക്ഷകളിൽ നല്ല മാർക്ക് ലഭിച്ചു തുടങ്ങിയത് എന്നെ അത്ഭുതപ്പെടുത്തി...

മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ  കൂട്ടുകാർ ചെയ്ത കുറ്റത്തിന് ടീച്ചറുടെ കയ്യിൽ കിട്ടിയത് എന്നെയായതിനാൽ ദേഷ്യം തീരുന്നതുവരെ അടിച്ചു ... 

കാല് പൊട്ടിയത് വീട്ടിലെത്തിയപ്പോഴാണ് അറിഞത് ...

ഞാനൊരു തെറ്റും ചെയ്തിട്ട് എന്ന് പറഞ്ഞത് ആരും വിശ്വസിചില്ല ... കുരുത്തം കെട്ടവൻ എന്ന് കരുതിയിരുന്ന വീട്ടുകാർ മാറി ചിന്തിച്ചു തുടങ്ങി ...

നല്ല കൂട്ടുകാർ, അദ്ധ്യാപകർ എല്ലാ വിധത്തിലും ജീവിതത്തിലെ സന്തോഷപ്രദമായ കാലത്തിലൂടെയുള്ള യാത്ര ആരംഭിച്ചു.

Wednesday, February 2, 2022

എന്റെ യാത്രാനുഭവങ്ങൾ - 8


പാമ്പൻ പാലത്തിലൂടെ ...


പഴനി മുരുകനെ തൊഴുത് ...

 മധുരയിലേക്ക് യാത്ര തിരിച്ചു.

വഴിയിൽ കക്കരിക്ക മുളകും ഉപ്പും തേച്ച് വിൽക്കുന്നവരെ കണ്ടു. മുന്തിരി വിളഞ്ഞു നിൽക്കുന്ന കൃഷിയിടങ്ങൾ കണ്ടു ..

പുതിയ രുചികൾ, കാഴ്ചകൾ ....

മധുര മീനാക്ഷിയമ്മയെ തെഴുതു....

കരിങ്കല്ലിൽ തീർത്ത വിസ്മയങ്ങൾ ... പ്രകൃതിയിലെ വർണ്ണങ്ങൾ ചാലിച്ച അത്ഭുതങ്ങൾ ... കണ്ടാലും കണ്ടാലും മതിവരാത്ത കാഴ്ചകൾ കണ്ട് ... രാമേശ്വരത്തേക്ക് യാത്ര തിരിച്ചു. ഡിണ്ടിക്കൽ കഴിഞ്ഞ് .... വിജനമായ നിരന്നു കിടക്കുന്ന വഴിയിലൂടെ സഞ്ചരിച്ച് പാമ്പൻ പാലത്തിൽ എത്തി ...

കടലിനു കുറുകെ തീർത്ത വിസ്മയത്തിലൂടെ യാത്ര ചെയ്ത് രാമേശ്വരത്ത് എത്തിയപ്പോൾ ബന്ത് ആയിരുന്നു. ശാത്രികളുടെ വീട്ടിലായിരുന്നു താമസവും ഭക്ഷണവും ...

പൂജകളും കർമ്മങ്ങളുമായി ഒരു ദിനം .... രാമതീർത്ഥത്തിൽ തുടങ്ങിയ തീർത്ഥ സ്നാനങ്ങൾ ...


ആയിരം കാൽ മണ്ഡപമെന്ന വിസ്മയം ... 

വലിയ ദുരന്തത്തിന്റെ സ്മാരകമായ ദനുഷ്കോടി ... 

അങ്ങനെ കാഴ്ചയുടെ അറിവിന്റെ ഭക്തിയുടെ 5 ദിവസങ്ങൾ ...

Sunday, January 30, 2022

എന്റെ യാത്രാനുഭവങ്ങൾ 7

5 ദിവസം നീണ്ടു നിന്ന തീർത്ഥാടനമായിരുന്നു പഴനി മഥുര രാമേശ്വരം യാത്ര . 

തറവാട്ടിലെ സോമേട്ടന്റെ വാനിൽ ആയിരുന്നു യാത്ര . 

12 പേരിൽ കുട്ടികൾ ആയി ഞാനും അനിയനും മാത്രം. 

വൈകീട്ട് 7 മണിക്ക് യാത്ര തുടങ്ങിയ ഞങളുടെ വണ്ടി രാത്രി 10 മണിക്ക് ബ്രേക്ക് ഡൗൺ ആയി. എല്ലാവരും ഉറക്കത്തിലേക്ക് വഴുതി വീണു കൊണ്ടിരിക്കുന്ന സമയമായിരുന്നു. 

നല്ല മെക്കാനിക്കായ സോമേട്ടനും സഹ സാരഥിയും കിണഞ്ഞ് പരിശ്രമിചിട്ടും സ്റ്റാർട്ട് ആകുന്നില്ല. 

ഏതോ തമിഴ് ഗ്രാമത്തിലെ ക്ഷേത്രത്തിനടുത്താണ് വണ്ടി നിന്നത്. പരിസരത്ത് ആളനക്കം ഒന്നും ഇല്ല.

ചാണകം മെഴുകിയ ക്ഷേത്രമുറ്റത്ത് പായവിരിച് ഞങ്ങൾ ഇരുന്നു.

സോമേട്ടൻ അസ്വസ്തനായി. പുതിയ വാനാണ് കൂടാതെ service ചെയ്ത് നല്ല കണ്ടീഷൻ ആണെന്ന് ഉറപ്പ് വരുത്തിയതുമാണ്. 

എന്നിട്ടും എന്തുപറ്റി എന്ന് ചിന്തിച്ച് അദ്ദേഹം കൂട്ടത്തിൽ വന്നിരുന്നു.

കാരണവരായ ഗോവിന്ദ അച്ഛാച്ചൻ പറഞ്ഞു ...

നമ്മുടെ കൂടെയുള്ള ആൾ നിസാരക്കാരനല്ല..

പണ്ട് കൊണ്ടുവാൻ നോക്കീട്ട് പറ്റിയിട്ടില്ല ... ഇത്തവണ കൂടെ വന്നെങ്കിലും അത്ര എളുപ്പം നമ്മളെ അവിടെ എത്തിക്കുന്ന് തോനുനില്ല.

പ്രേത വേർപാട് നടത്തി കൊണ്ടുപോകുന്ന പ്രേതങ്ങളിൽ ഒരാൾ പഴയ ആശ്രിതനാണ്... അദ്ദേഹത്തെ പഴയ കാരണവർ പുഴയിൽ കെട്ടി താത്തി കൊന്നതാണത്രേ ...

അദ്ദേഹത്തിന്റെ ശാപത്തിനാലാണ് തറവാട്   നാശത്തിലേക്കെത്തിയത്. 

അദ്ദേഹത്തിന്റെ പ്രേതത്തിന്റെ ഉപദ്രവത്തിന്റെ കഥകൾ പറഞ്ഞു തുടങ്ങിയതും ആരോ തടഞ്ഞു ... 

പിള്ളേരെ വെറുതെ പേടിപ്പിക്കാൻ ഓരോ കഥകൾ ... 

കിടന്ന് ഉറങ്ങാൻ നോക്ക് എന്ന് പറഞ്ഞു ...

നിലത്ത് പായയിൽ ആകാശം നോക്കി കിടക്കുന്നത് ആദ്യമായാണ് ... 

എലാവരും കിടക്കുകയാണ് ലാലേട്ടനും , ഗോവിന്ദ അച്ഛാച്ചനും ഉറങ്ങാതെ കാവലിരിക്കുന്നുണ്ട്. 

അമ്മ വിളിച്ച് ഉണർത്തുമ്പോൾ നേരം വെളുക്കുന്നതേ ഉള്ളു ... 

വണ്ടി ശരിയായത്രേ...

എങ്ങനെ ശരിയായി എന്ന് ആർക്കും അറിയില്ല .... 

കുറച്ച് യാത്ര ചെയ്തപ്പോഴേക്കും പഴനി മല മുന്നിൽ തെളിഞ്ഞു വരുന്നുണ്ടായിരുന്നു.

എന്റെ യാത്രാനുഭവങ്ങൾ ... 6


അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് കുടുംബ ക്ഷേത്രത്തിൽ പുന പ്രതിഷ്ഠ വന്നത്. 

അതുവരെ ക്ഷേത്രങ്ങളുമായോ ദൈവങ്ങളുമായോ ഒരു ബന്ധവുമില്ലാതിരുന്ന എന്നെ ക്ഷേത്രത്തിലേക്കും ആചാര- അനുഷ്ഠാനങ്ങളുടെ വലിയ ലോകത്തേക്കും നയിച്ചത് അവിടെ മുതലാണ്.

എന്റെ വീടായിരുന്നു കടവിൽ കൊട്ടുക്കൽ കുടുംബത്തിന്റെ തറവാട് ... 

പഴയ തറവാട് വീട് കഥകളിൽ പറഞ്ഞു കേട്ടിട്ടേ ഉള്ളൂ, അച്ഛന്റെ ഓർമയിൽ പോലും ആ വീട് ഉണ്ടായിരുന്നില്ല. 

അച്ഛമ്മ പറഞ്ഞു കേട്ട അറിവേ അച്ഛന് ഉണ്ടായിരുന്നുള്ളൂ .. 

അച്ഛൻ വളർന്നത് അച്ഛമ്മയുടെ വീടായ മണത്തലയിലുള്ള നെടിയേടത്ത് തറവാട്ടിൽ ആണ്.

പലരിൽ നിന്നും അറിഞ്ഞ കഥകൾ ഒരു പാട് ഉണ്ട് .

അവസാനം പഴയ തറവാട് നശിച്ച് അതിന്റെ കയ്യാല യാണ് ഞങ്ങൾ വളർന്ന വീട്. 

കയ്യാലയിൽ പണ്ട് വ്യാപാര വിജയത്തിനായി ചില വെച്ചാരാധനകൾ ഉണ്ടായിരുന്നത്രേ ? 

അച്ഛമ്മയും അച്ഛനും ആരാധനകൾ തുടർന്നു പോന്നു. 

പഴയ വ്യവസായത്തിന്റെ ശേഷിപ്പായി കൈത്തറി വസ്ത്രങൾ നെയ്യുന്ന യൂണിറ്റ് എനിക്ക് ഓർമയുള്ള കാലത്തോളം പ്രവർത്തിചിരുന്നു. 

അഞ്ചാം ക്ലാസ്റ്റ് വരെ ദൈവവുമായി അടുപ്പം കാണിക്കാത്ത ഞങ്ങൾ (ഞാനും അനിയനും ) ഈ ആരാധനകൾ തുടരില്ല എന്ന് തോനിയ അച്ഛൻ പുനപ്രതിഷ്ഠയോടൊപ്പം വീട്ടിലെ വെച്ചാരാധന കുടുംബ ക്ഷേത്രത്തിലേക്ക് മാറ്റാൻ തീരുമാനിച്ചു.

അങ്ങനെ ഭാഗവത സപ്താഹവും , പുന പ്രതിഷ്ഠാ ചടങ്ങുകളും രാമേശ്വര യാത്രയുമായി ഒരു മാസക്കാലം ക്ഷേത്രത്തിൽ ചിലവഴിച്ചു. 

ആദ്യം എനിക്ക് കൂട്ടുകാരുമായി കളിക്കാനൊരവസരമായി മാത്രമാണ് ഇത് തോനിയത് പിന്നീട് ചടങ്ങുകളിലെ ചില കർമ്മങ്ങൾക്ക് എന്നെ വിളിച് ശാന്തിമാർ കൂടെ ഇരുത്തി.  

തുടക്കത്തിൽ ഇഷ്ടപ്പെട്ടില്ലെങ്കിലും പിന്നീട് അതെല്ലാം ഇഷ്ടപ്പെട്ടു തുടങ്ങി. 

വീട്ടിലെത്തിയിൽ അച്ഛനോട് ചോദിച്ച് മനസിലാക്കും അന്ന് എന്തെല്ലാം കർമ്മങ്ങൾ ആണ് ചെയ്തത് ... 

ഓരോന്നും കൃത്യമായി അച്ഛൻ വിവരിച്ചു തരും .  ആചാരങ്ങൾ, വിശ്വാസങ്ങൾ കൂടെ അതു അനുവർത്തിച്ചാലുള്ള ഗുണങ്ങൾ എന്നിവ വിശദമായി പറഞ്ഞു തരും . 

തികഞ്ഞ ശ്രീ നാരായണീയനായ അച്ഛൻ  ഞങ്ങളിൽ മതം നിറക്കാൻ ഇഷ്ടപ്പെട്ടിരുന്നില്ല. 

നമ്മുടെ പൂർവ്വികർ പറഞ്ഞു വെച്ച ആചാര അനുഷ്ഠാനങ്ങൾ ഉണ്ട് ... 

അതിതെല്ലാം നമ്മളെ സ്പുടം ചെയ്തെടുക്കാനുള്ള കഴിവുണ്ട്. 

അതോടൊപ്പം നമുക്ക് നല്ലതെന്ന് തോനുന്നതിനെ സ്വീകരിക്കാനും അല്ലാത്തതിനെ തള്ളാനും നമുക്ക് സ്വാതന്ത്രമുണ്ട്.

നല്ലതും ചീത്തയും തിരിച്ചറിയാനുള്ള അറിവാണ് നാം സമ്പാതിക്കേണ്ടത്.

ഒന്നിനെയും കണ്ണുമടച്ച് സ്വീകരിക്കുകയാ , തള്ളുകയോ ചെയ്യരുത് ... 

നമുക്ക് ചീത്തയെന്ന് തോനുന്നത് മറ്റൊരാൾക്ക് നല്ലതാവാം 

പക്ഷെ ഗുരുവചനം മറക്കരുത്

അവനവനാത്മസുഖത്തിനാചരിപ്പത്

അപരനു സുഖത്തിനായ് വരേണം ...

അച്ഛൻ ഒരിക്കൽ പോലും ഞങ്ങളെ അടിച്ചിട്ടില്ല. ഞങ്ങൾ ചെയ്ത കാര്യം തെറ്റായിരുന്നു എന്ന് ഞങ്ങളെ ബോധ്യപെടുത്തും ... 

അത് മനസിലാകുമ്പോൾ പിന്നീട് അത് ആവർത്തിക്കാറില്ല. 

അച്ഛൻ കൊളുത്തി വെച്ച അറിവിന്റെ വെളിച്ചത്തിലാണ് ഞാൻ യാത്ര ചെയ്യുന്നത്.