Sunday, August 28, 2022

ഒരു സംരഭകന്റെ യാത്ര - 5

മുത്തീനയിലെ ചെറിയ മുറിയിൽ നിന്ന് ജബാറിക്കയും, മോഹനേട്ടനും ഷമീറും മാറിയപ്പോൾ അനിയനും ഞാനും മാത്രമായി ....

ഞങ്ങളുടെ കമ്പനിയിലെ പഴയ മാനേജരും സുഹൃത്തും പുതിയ കമ്പനി തുടങ്ങി.
വർക്കിനിടയിൽ സംശയകൾക്ക് എന്നെ വിളിക്കാറുണ്ടായിരുന്നു. വർക്കുകൾ കൂടി വന്നപ്പോൾ പരിചയത്തിൽ ആരെങ്കിലും ഉണ്ടെങ്കിൽ പറയൂ വിസ കൊടുക്കാം എന്ന് പറഞ്ഞു.

ആദ്യം വിളിച്ചത് ഉണ്ണിക്കുട്ടനെ ആയിരുന്നു ... 
അവന് താൽപര്യമില്ലായിരുന്നു ....
അടുത്ത കോൾ റിയാഷിനായിരുന്നു അവൻ സമ്മതമെന്ന് പറഞ്ഞു.

റിയാഷിന്റെ അമ്മ സുഖമില്ലാതെ ഒരു പാട് നാള് കിടപ്പിലായിരുന്നു .... മരിക്കുന്നതുവരെ അമ്മയുടെ അടുത്ത് നിന്ന് മാറാതെ ശുശ്രൂഷിച്ചത് അവനാണ്...
 അവന്റെ അമ്മ മരിച്ചതിന് ശേഷമാണ് അവനുമായുള്ള സൗഹൃദം തുടങ്ങുന്നത് ...
ഓട്ടോറിക്ഷ വാങ്ങി ... ഓട്ടോ ഓടിച്ച് ജീവിക്കണം എന്ന ജീവിത ലക്ഷ്യമായി നടന്ന അവനെ Tally Sotware ന്റെ ലോകത്തേക്ക് കൈപിടിച്ച് നടത്തി.

ദുബായിലേക്ക് പോരുമ്പോൾ തിലകേട്ടന്റെ അടുത്ത് റിയാഷിനെ ആക്കിയാണ് ഞാൻ പോന്നത്. 

മുത്തീനയിലെ റൂമിലേക്ക് റിയാഷ് വന്നു ....
പിന്നെ കണ്ണൻ വന്നു ....
അവസാനം കുട്ടാപ്പു വന്നു ....
വീണ്ടും 5 പേർ .... സന്തോഷകരമായ ദിനങ്ങൾ ....
ദുബായ് ജീവിതത്തിലെ നല്ല ദിനങ്ങൾ ആയിരുന്നു.

പിന്നെ സ്ഥിരം സന്തർശകരായിരുന്നു അനി ചേട്ടനും ഷിനുവും ...

പതുക്കെ നേഷണൽ സ്കൂളിന്റെ പരിസരവാസികളുടെ ഒത്തുചേരൽ കേന്ദ്രമായി മുത്തിനയിലെ റൂം മാറി.
അൽ കൂസിലെ സത്യേട്ടന്റെ റൂമിലായിരുന്നു അതുവരെ ഒത്ത് കൂടിയിരുന്നത് ....

ഒഴിവു ദിനങ്ങൾ ആഘോഷങ്ങളായ ദിനങ്ങൾ ...

സ്വഹാനിലെ രാജേട്ടന്റെ റൂമിൽ ഒഴിവുദിനങൾ ആഘോഷിച്ച കാലം ....

പതുകെ ഈ കൂട്ടായ്മ സംഘടനയായി മാറി ....
പേരിടാൻ മിടുക്കനായ ജിബു National Expatriate Social Trust(NEST) എന്ന് പേരുമിട്ടു ...
ദാസേട്ടൻ പ്രസിഡണ്ടും ഞാൻ സെക്രട്ടറിയുമായി നെസ്റ്റ് രൂപീകരിച്ചു.

മുതീനയിലെ റൂമിൽ നിന് ബർഹയിലെ റൂമിലേക്ക് മാറേണ്ടിവന്നു ...

ബർഹയിലെ അൽ വന്ത് റെസ്റ്റോറന്റിന്റെ മുകളില വലിയ റൂമിലേക്ക് മാറിയപോൾ കൂടെ നെല്ലായി സതീശേട്ടൻ , പാർപ്പിടം സതീശേട്ടൻ , ഷിനു , സനാഫ് പിന്നെ നൗഷാദും ഉണ്ടായിരുന്നു.
ജ്യോതി ചേട്ടൻ , ചിന്ത ചേട്ടൻ , നിഷാദ് എന്നിവർ ഇടക്ക് ഉണ്ടാകാറുണ്ട്. 5 പേരിൽ നിന്ന് 12 പേരുടെ റൂമിലേക്ക് മാറിയെങ്കിലും സന്തോഷകരമായി കഴിയാൻ ഞങ്ങൾക്കായി .
എന്തു വിഷമവും നിമിഷ നേരം കൊണ്ട് ഇല്ലാതാവുന്ന ഒരിടമായിരുന്നു അവിടം.

നേഷണൽ പെയിന്റിന്റെ അടുത്ത് ഒരു കമ്പനിയിലെ Accountant ആയി വിസ ബിജേഷിന് ശരിയാക്കി എങ്കിലും ... അവന് അത് മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞില്ല. സഹപ്രവർത്തകരുടെ നിസ്സഹകരണം അതിജീവിക്കാൻ അവനായില്ല ... 

ഗിരീഷിന് ഞങ്ങളുടെ കമ്പനിയിലേക്ക് വിസ ശരിയാക്കാനായത് യാദൃശ്ചിമയാണ് ...

ഏതോ ജോബ് കൺസൾട്ടൻസി നൽകിയ ബയോ ഡാറ്റകളിൽ തൃശ്ശൂർകാരനെ കണ്ടപ്പോൾ .. മാനേജർ അറിയുമോ എന്ന് ചോദിച്ചു.

ഗിരീഷിനെ ആദ്യമായി കാണുന്നത് വാർട്ടർ ടാങ്ക് ഉണ്ടാക്കുന്ന കമ്പനിയിൽ Tally Implement ചെയ്യാൻ പോയപ്പോൾ ആണ്.
കഴിവുള്ള പയ്യനാണ് എന്ന് തലകേട്ടനേട് അന്നേ പറഞ്ഞിരുന്നു. പിന്നീട് തിലകേട്ടന്റ സ്ഥാപനത്തിൽ ജോലിക്ക് കയറിയത് അറിഞ്ഞിരുന്നു.

ബയോഡാറ്റ കണ്ടപ്പോൾ ഒന്നും ആലോചിക്കാതെ എടുത്തോ നല്ല പയ്യനാണ് എന്ന് മാനേജരോട് പറഞ്ഞു.

അങ്ങനെ ഗിരീഷും ഞങ്ങളുടെ റൂമിലെ അന്തേവാസിയായി ....

ഈ കാലയളവിൽ ഒരു പാട് പേർക്ക് വിസ ശരിയാക്കാൻ അവസരമുണ്ടായി എന്നത് ഒരു നിയോഗമായി മാത്രം കാണുന്നു. 

ദൈവം ചിലക്ക് നൽകിയ അവസരങ്ങൾക്ക് നിമിത്തമാവാൻ കഴിഞ്ഞു എന്നത് സന്തോഷപരമായ ഒർമയാണ്.

Wednesday, August 17, 2022

ഒരു സംരഭകന്റെ യാത്ര - 4


മുത്തീനയിലെ വില്ലയിൽ നിന്നാണ് പ്രവാസിയുടെ പ്രയാസങ്ങൾ മനസിലാക്കിയത് .
വില്ലയിലെ ചെറിയ മുറിയിൽ ഞങ്ങൾ 5 പേർ.... ജബാറിക്ക, മോഹനേട്ടൻ , ഷമീർ പിന്നെ അനിയനും ഞാനും ....

രണ്ട് ഡബിൾ കട്ടിൽ കഴിഞ്ഞാൽ ഒരാൾക്ക് നിൽക്കാവുന്ന സ്ഥലം മാത്രം .... 
 അതിനുള്ളിൽ 5 പേർക്ക് സന്തോഷത്തോടെ ജീവിക്കാം എന്ന് മനസിലാക്കിയ ദിവസങ്ങൾ ...

രാത്രി ഡ്യൂട്ടി കഴിഞ്ഞ് ഉറങ്ങുന്നവനെ ശല്യപ്പെടുത്താതെ കഴിയാൻ പഠിച്ച ദിനങ്ങൾ ...

തക്കാളിയും,സവാളയും , ഇഞ്ചിയും വെളുത്തുളയും പച്ചമുളകും എണ്ണയിൽ വഴറ്റി മല്ലിപൊടി , മുളകുപൊടി മഞ്ഞപ്പെട്ടി എന്നിവയിട്ട്  കുറച്ച് വെള്ളം ഒഴിച്ച് തിളപ്പിച്ചതിൽ ... മീൻ ഇട്ടാൽ മീൻ കറിയും, കോഴി ഇട്ടാൽ കോഴിക്കറിയും കടല ഇട്ടാൽ കടലക്കറിയും ആകുന്ന മാജിക് പഠിച്ച ദിവസങ്ങൾ ...

ദുബായിൽ എത്തിയത് ഒരു വെള്ളിയാഴ്ച ആയിരുന്നു ... ശനിയാഴ്ച രാവിലെ 3 കമ്പനികളിലേക്ക് C V അയച്ചു. 
പരസ്യത്തിൽ കണ്ടതിൽ അനുയോജ്യമെന്ന് തോനിയത് അത് മാത്രമായിരുന്നു.

വൈകുന്നേരമാകുമ്പോഴേക്കും 3 സ്ഥലത്തു നിന്നും ഇന്റർവ്യൂവിന് വിളിച്ചു.

ആദ്യം പോയത് നാസർ സ്കൊയറില ഒരു സോഫ്റ്റ്വെയർ കമ്പനിയിലേക്ക് ആയിരുന്നു ... 
ഇന്റർവ്യൂവിൽ സെലക്ടട് ആയി .... 
അടുത്തത് ബർദ്ദുബായായിൽ ബിസിനസ്സ് സെൻററിൽ ആയിരുന്നു ... 
അവിടെ Tally Support executive ആയിട്ടായിരുന്നു ...

ആദ്യത്തെ കമ്പനിയായിരുന്നു ശബളം അധികം പറഞ്ഞിരുന്നത് ...
എന്തുകൊണ്ടാ കുറഞ്ഞ ശബളത്തിൽ ബർദുബായിൽ ജോലി ചെയ്യാൻ തീരുമാനിച്ചു.
ജീവിതത്തിലെ പല തീരുമാനങ്ങളും ഇങ്ങനെ ഒക്കെയായിരുന്നു ... 
വന്നതേ അല്ലേ ഉള്ളൂ .... ഇതിലും നല്ല ശബളത്തിൻ ജോലി കിട്ടിയാലോ? 
പലരും പലത് പറഞ്ഞെങ്കിലും ....
അതൊന്നും ചെവി കൊണ്ടില്ല ....
അങ്ങനെ ജോബ് വിസയിൽ വന്നപോലെ വന്നതിന്റെ മൂന്നാം ദിവസം മുതൽ ജോലിയിൽ പ്രവേശിച്ചു.

കോഡിനേറ്ററും, ഡ്രൈവർമാരും മലയാളികളായിരുന്നിട്ടും ഹൈദ്രാബാദികൾ കയ്യടക്കി വെച്ചിരുന്ന Tally ഡിവിഷനിൽ നിന്ന്  എന്നെ പുകച്ച് പുറത്ത് ചാടിക്കാനുള്ള ശ്രമങ്ങൾ നടന്നു. 
പണ്ട് സ്കൂളിൽ കമ്പ്യൂട്ടർ പഠിപ്പക്കുമ്പോൾ അനുഭവിച്ച നിസ്സഹകരണവും , രണ്ടാം തരം പരിഗണനയും അതിജീവിച്ചതിന്റെ അനുഭവസമ്പത്ത് ഉപകാരപ്പെട്ട സമയമായിരുന്നു. 
വിസിറ്റ് വിസയുടെ കാലാവധി കഴിയാനായിട്ടും വിസ പുതുക്കാതെ മടക്കി അയക്കാനുള്ള ശ്രമത്തെ പരാജയപ്പെത്തിയത് മലയാളി ഡ്രൈവർമാരുടെ ഇടപെടൽ കൊണ്ടായിരുന്നു.

കഫ്തീരിയ ജോലിയിൽ നിന്ന് ഡൈവിങ് ലൈസൻസ് എടുത്ത് ഒരേ കാലയളവിൽ കമ്പനിയിൽ ജോലിയിൽ കയറിയ സുഹൃത്ത് നൗഷാദിനെ ഹൈദ്രാബാദികൾ വട്ടം കറക്കിയിരുനതിനാൽ എന്റെ സാരഥിയായി നാഷാദ് നിയോഗിക്കപ്പെട്ടു. 
ആദ്യമായി ഞങ്ങൾ രണ്ടു പേരും പോയത് അവീറിലെ ഒരു കമ്പനിയിലേക്കായിരുന്നു ....
റൂട്ട് മാപ്പ് നോക്കി സീനിയർ ആയ സനാഫ് വഴി പറഞ്ഞു കൊടുത്തു..
റൂട്ട് മാപ്പ് പ്രകാരം ഞങൾ കമ്പനിയുടെ അടുത്ത് എത്തി റോഡിനപ്പുറത്ത് കമ്പനി കാണാം .... 
അപ്പുറത്തേക്ക് കടക്കാൻ പാലം കയറി 2nd exit എടുക്കണം ...
നൗഷാദ് പാലം കയറി തെറ്റി 1st എകിറ്റ് എടുത്തു .. കിലോമീറ്ററുകളോളം സഞ്ചരിച് യുടേൺ എടുത്ത് തിരിച്ച് വീണ്ടും പാലത്തിലെത്തി .... 

എക്സിറ്റുകൾ തെറ്റി വഴിതെറ്റി ... 
സമയമൊരുപാട് പോയി .... 
അവസാനം നൗഷാദിന്റെ കയ്യിൽ നിന്ന് റൂട്ട് മാപ്പ് വാങ്ങി അതിനുസരിച് പറഞ്ഞ് കൊടുത്ത് കമ്പനിയിൽ എത്തി.  

പിന്നീട്ടുള്ള യാത്രകളിൽ റൂട്ട് മാപ്പ് അനുസരിച്ച് പറഞ്ഞു കൊടുക്കേണ്ട ചുമതല കൂടി വന്നു ....
അങ്ങനെ യു എ യിലെ മുക്കിലും മൂലയിലും യാത്ര ചെയ്തു ....

പിന്നീട് കമ്പനിയാൽ വന്ന നിഷാദ് , വലീദ് എന്നിവർക്കും വഴി കിട്ടിയാവാൻ കഴിഞ്ഞു.

ഓഫീസ് ബോയ് മുതൽ മാനേജരുടെ  ചുമതല വരെ 3 വർഷത്തിനിടയിൽ അവിടെ നിർവ്വഹിച്ചു...

അകറ്റി നിർത്തിയവർ ചേർത്ത് പിടിച്ചു ... 

ചിരിച് കൊണ്ട് കഴുത്തറക്കുന്നവരാണ് എന്ന് അറിഞ്ഞിട്ടു കൂടി ,
മനസ്സില്ലാമനസ്സോടെ അവരോട് ചേർന്ന് നടക്കേണ്ടി വന്നു ....

Sunday, August 7, 2022

ഒരു സംരഭകന്റെ യാത്ര -3


ശമ്പളമെന്താണ്, എന്താണ് ജോലി എന്നോ ചോദിക്കാതെ ലാലേട്ടനോടുള്ള വിശ്വാസത്തിൽ എടുത്ത തീരുമാനം ജീവിതത്തിന്റെ വഴിതിരിവാകും എന്ന് അറിയില്ലായിരുന്നു.

കോഴിക്കോട്ടെ താമസത്തിനും ചിലവിനും എന്റെ ശബളം തികയില്ലായിരുന്നു. രവി പാപ്പനും ഇളയമ്മയും അവരോടൊപ്പം താമസിക്കാൻ അനുവദിച്ചതിനാൽ മാത്രം തുടർന്ന ജോലി.  അവർ നൽകിയ സ്നേഹത്തിന്റെ, കരുതലിന്റെ ഒരംശം പോലും തിരിച്ചു നൽകാൻ ആയിട്ടില്ല.

പുതിയ സ്ഥലങ്ങൾ, പുതിയ സൗഹൃദങ്ങൾ , അറിവുകൾ ജോലിയായിരുന്നില്ല .... ഓരോ ദിവസവും പഠിക്കുകയായിരുന്നു.

കസ്റ്റമറുടെ പ്രശ്നങ്ങൾ പരിഹരിച്ചു കഴിയുമ്പോൾ കിട്ടുന്ന ആത്മ സംതൃപ്തി ... അവർ നൽകുന്ന ഭഹുമാനം ...
കോഴിക്കോടിന്റെ മുക്കിലും മൂലയയിലും യാത്ര ചെയ്ത അനുഭവങ്ങൾ , സൗഹൃദങ്ങൾ.... 

നാട്ടിൽ ടൂഷ്യൻ എടുത്തും , കമ്പ്യൂട്ടർ പഠിപ്പിച്ചും , ലൈബ്രേറിയനായും ലഭിച്ചതിനേക്കാൻ കുറഞ്ഞ ശബളത്തിലാണ് ജോലി ചെയ്തിരുന്നത് ...

പഠിക്കുന്ന സമയത്ത് പോലും അമ്മയുടെ കൈയ്യിൽ നിന്ന് പണം വാങ്ങേണി വന്നിട്ടില്ല ....
പക്ഷെ ഇപ്പോൾ അതും വേണ്ടി വന്നു ....
പക്ഷെ പണത്തിനേക്കാൾ ഞാൻ വിലകൽപിച്ചത് ഒരോദിവസവും ഞാൻ ആർജിക്കുന്ന അറിവുകൾക്കാണ്.... 

ഒഴിവുസമയങ്ങൾ Tally യെ കൂടുതൽ മനസിലാക്കാൻ ചിലവഴിച്ചു.

Tally customisation ചെയ്തിരുന്നത് ചെന്നെയിലെ ഒരു കമ്പനിയായിരുന്നു. ഇപ്ലിമെന്റ് ചെയ്യുമ്പോൾ ചെറിയ മാറ്റങ്ങൾ വേണമെങ്കിൽ തിരിച്ച് അയച്ച് കൊടുത്ത് ശരിയാക്കാൻ മറ്റൊരു ദിവസം കസ്റ്റമറുടെ അടുത്ത് പോകണമായിരുന്നു.

TDL (Tally defenition Language) ആണ് കസ്റ്റമൈസ് ചെയ്യാൻ ഉപയോഗിക്കുന്നത് ....
പ്രോഗ്രാമിങ്ങ് പഠിച്ചിട്ടുള്ളതിനാൽ പഴയ കോഡുകൾ മനസിലാക്കാനും ചെറിയ തിരുത്തലുകൾ വരുത്തി ഉപയോഗിക്കാനും തുടങ്ങി ...
പ്രധാനമായും ഇൻ വോയ്സ് കസ്റ്റമൈസേഷൻ ആയിരുന്നു ... 
സന്തോഷേട്ടൻ ആയിരുന്നു അത് ചെയ്തിരുന്നത് .... 

തിലകേട്ടൻ പ്രോൽസാഹിപ്പിച്ചു. 
ഒരു കസ്റ്റമൈസേഷന് 1000 രൂപ തരാം എന്നു പറഞ്ഞു.

അങ്ങനെ സ്വതന്ത്രമായി ചെയ്ത് തുടങ്ങി ....

മംഗലാപുരം മുതൽ തിരുവനന്തപുരം വരെ  യാത്ര ചെയ്ത് വർക്ക് ചെയ്ത് തുടങ്ങി ....

Tally സോഫ്റ്റ് വെയറിനെ കസ്റ്റമറുടെ ആവിശ്യങ്ങൾക്ക് അനുസരിച്ച് മാറ്റാൻ കഴിഞ്ഞു ... 
കസ്റ്റമറുടെ സൈറ്റിൽ ഇരുന്ന് തന്നെ വേണ്ട മാറ്റങ്ങൾ വരുത്താവുന്ന രീതിയിൽ ആത്മവിശ്വാസം വളർന്നു.

ഒരു പാട് നല്ല പ്രൊജക്ടുകളുടെ ഭാഗമായി പ്രവർത്തിക്കാനായി ... 

പുതിയ അറിവുകൾക്കായി മാറ്റി വെച്ചനാളുകൾ ....

അതിനിടയിൽ അനിയൻ ദുബായിലേക്ക് പോയി . തിലകേട്ടന്റെ ഡീലർഷിപ്പ് പോയി .... 
തൃശ്ശൂർ പുതിയ ഓഫീസ് തുടങ്ങി ...
കോഴിക്കോട് നിന്ന് താമസം വീട്ടിലേക്ക് മാറി ...

ഒരു ദിവസം അമ്മക്ക് സുഖമില്ലാതായി ...

മരണത്തിന്റെ വക്കിൽ നിന്ന് അമ്മയെ തിരികെ കൊണ്ടു വരാൻ ഒരു മാസം ആശുപത്രിയിൽ കഴിയേണ്ടി വന്നു ....

അറിവുകൾക്ക് പിന്നാലെ പോയ ഊരു തെണ്ടിയുടെ ഓട്ടകീശയിൽ ഒന്നുമില്ല എന്ന തിരിച്ചറിവ് നൽകിയ ദിനങൾ ...

1000 രൂപ തരാം എന്ന് പറഞ്ഞിട്ടും ഒരു രൂപ പോലും വാങ്ങിക്കാത്ത നൂറിൽപരം വർക്കുകൾ ....
കരയുന്ന കുട്ടിക്കേ പാലുള്ളൂ ... 
എന്ന് തിരിച്ചറിഞ്ഞ നാളുകൾ ...

വയസെത്രയായി ...?
കല്യാണം കഴിക്കണ്ടേ?...
പുതിയ വീട് വെക്കണ്ടേ ?...
ഇങ്ങനെ നടന്നാൽ ഇത് വല്ലതും നാക്കുമോ ?
അമ്മയുടെ ചോദ്യങ്ങൾക്ക് മറുപടി ഇല്ലായിരുന്നു ...

സ്വന്തമായി ഇവിടെ ബിസിനസ്റ്റ് തുടങ്ങിയാൽ ....
തിലകേട്ടന്റെ കസ്റ്റമേർസിൽ ഭൂരിഭാഗവും എന്നോടൊപ്പം പോരും ...
പാൽ നൽകിയ കൈക്ക് കടിച്ചവൻ എന്ന ദുഷ് പേര്‌ വേണ്ട ....
ജീവിതത്തിലെ വഴിത്തിരുവിലേക്ക് കൈപിടിച്ച് നടത്തിയർക്ക് ദോഷമുണ്ടാക്കുന്നത് ചെയ്യാനാവില്ല ...
ഗുരുത്വമില്ലെങ്കിൽ മറ്റെന്തുണ്ടായിട്ട് എന്ത്  കാര്യം....

അങനെ പ്രവാസിയാക്കാൻ തീരുമാനിച്ചു ...