Tuesday, February 4, 2020

എന്റെ യാത്രാനുഭവങ്ങൾ - 1

ഗുരുവായൂർ യാത്ര
--------------------------------
യാത്രാനുഭവങ്ങൾ എഴുതി തുടങ്ങുമ്പോൾ ഓർമ്മയിലേക്ക് എത്തുന്ന ബാല്യകാലത്തെ യാത്രകൾ പറയാതിരിക്കുന്നതെങ്ങനെ?

ഓർമ്മ വെച്ച നാൾ മുതൽ എല്ലാമാസവും ഗുരുവായൂരിലേക്കുള്ള യാത്രയുടെ ചിത്രങ്ങൾ മനസിൽ മായാതെ കിടപ്പുണ്ട്.

കുഞ്ഞമ്മാമയുടെ പെൻഷൻ വരുന്നതും നോക്കിയിരിക്കുന്നതു മുതൽ ഒരുക്കങ്ങൾ തുടങ്ങുകയായി. യാത്രാ തിയതി തീരുമാനിച്ചാൽ അത് കഴിയുന്നതുവരെ ഉറക്കമില്ലാത്ത രാത്രികളാണ്. ഉറങ്ങി പോയാൽ എന്നെ കൂട്ടാതെ പോയാലോ എന്ന ആശങ്കയാണ് കാരണം.

നേരത്തേ കുളിച്ച് വിശ്വാപ്പന്റെ വെളുത്ത അമ്പാസിഡർ കാർ വരുന്നത് കാത്തിരിക്കുന്നതും, കാറിൽ കയറിയാൽ  കത്തിച്ചു വെച്ച സൈക്കിൾ അഗർബത്തിയുടെ സുഗന്ദവും, ഇരുൾ വീണ നാട്ടുവഴിയിലുടെ കാർ നീങ്ങുമ്പോൾ ഹെഡ് ലൈറ്റിൽ തെളിയുന്ന ചിത്രങ്ങളും മായാതെ മനസ്സിൽ കിടപ്പുണ്ട്.

ചേറ്റുവയിൽ ചങ്ങാടത്തിൽ കാർ കയറ്റുന്നതും, ചങ്ങാടത്തിൽ പുഴ കടക്കുമ്പോൾ തെളിയുന്ന പുലർക്കാല സൗന്ദര്യവും, ചെറിയ വെളിച്ചമായി നീങ്ങുന്ന കെട്ടുവള്ളങ്ങളും, തോണികളും മനസിന്റെ ക്യാൻവാസിൽ വരച്ചു വെച്ച ചിത്രങ്ങൾ ഇന്നും തെളിമയോടെ നിലനിൽക്കുന്നു.

കിക്കേ നടയിലുള്ള ഇന്ത്യൻ കോഫി ഹൗസിനു മുന്നിൽ കാർ നിർത്തിയിൽ ഭഗവൽ ദർശനത്തേക്കാൾ മനസിലുണ്ടാകുന്നത് അവിടുത്തെ ഉഴുന്നുവടയും കാപ്പിയും കുടിക്കണം എന്നതാണ്. 
ഭഗവൽ ദർശന ശേഷം വന്ന് മൊരിഞ്ഞ ഉഴുന്നുവട ചട്ടിണിയിൽ മുക്കി വായിൽ വച്ചു ചവക്കുന്ന ചിന്ത പോലും വായിൽ വെള്ളമൂറിക്കുന്നു.
പുതിയ കളിപ്പാട്ടമോ, ചിത്രകഥയോ നെഞ്ചോട് ചേർത്ത് കാറിൽ കയറി മടങ്ങുമ്പോൾ മനസമാധനത്തോടെ ഉറക്കത്തിന് പിടികൊടുക്കും. വീട്ടിലെത്തി തട്ടി വിളിക്കുമ്പോൾ തിരികെ വരുമ്പോൾ നഷ്ടപ്പെടുത്തിയ കാഴ്ചകളോർത്ത് വിങ്ങുന്ന മനസുമായി കാറിൽ നിന്ന് ഇറങ്ങി നടക്കുന്നതു വരെയുള്ള ചിത്രങ്ങൾ മറവിക്ക് പിടികൊടുക്കാതെ നിലനിൽക്കുന്നു.

പിന്നെ അടുത്ത യാത്രക്കുള്ള കാത്തിരിപ്പാണ്...

1 comment: