Friday, February 7, 2020

എന്റെ യാത്രാനുഭവങ്ങൾ 2

കുളപ്പുള്ളിയിലേക്ക് ഒരു ബസ്സ് യാത്ര ...

അച്ഛൻ ജോലി ചെയ്തിരുന്നത്   കുളപ്പുള്ളിയിൽ ശ്രീനാരായണ എഞ്ചിനീയറിങ് ഇൻഡസ്ട്രീസ് എന്ന കമ്പനിയിലാണ്. കമ്പനി ക്വാർട്ടേസിലാണ് താമസിച്ചിരുന്നത്.
സ്കൂൾ അവധിയാകുമ്പോൾ ഞങ്ങൾ അവിടേക്ക് പോകും , രണ്ടര മണിക്കൂർ നീളുന്ന ബസ് യാത്ര...

ബസ്റ്റിൽ മുൻപിലെ സൈഡ് സീറ്റിലിരുന്ന് യാത്ര ചെയ്യാനായിരുന്നു ഇഷ്ടം. ഡ്രൈവരുടെ ഓരോ ചലനങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ട് , മുന്നിൽ തെളിയുന്ന കാഴ്ചകൾ ആസ്വദിച്ചുള്ള യാത്ര. ഗുരുവായൂർ വരെയേ അതിനുള്ള അനുവാദം ഉണ്ടാകൂ...

അവിടെ നിന്ന് പാലക്കാട് ബസ്സിൽ യാത്ര തുടരുമ്പോൾ ഡൈവരുടെ പുറകിലുള്ള സീറ്റിലേക്ക് മാറും.
മയിൽ വാഹനം ട്രാവൽസിന്റെ വണ്ടികൾ മാത്രമായിരുന്നു അന്ന് ആ റൂട്ടിൽ ഉണ്ടായിരുന്നത്. കുന്ദംകുളം സ്റ്റാറ്റിലെത്തിയിൽ ഇഞ്ചിമുട്ടായി വാങ്ങിക്കും പിന്നെ അതും നുണഞ്ഞു കൊണ്ടായിരിക്കും യാത്ര... പെരുമ്പിലാവിൽ നിന്ന് പട്ടാമ്പി റോഡിലൂടെ യാത്ര തുടരുമ്പോൾ കാഴ്ചയിൽ മാറ്റങ്ങൾ വന്നു തുടങ്ങും. ചെറിയ പാടങ്ങളെയും വഴിയരികിലെ പടുകൂറ്റൻ മരങ്ങളെയും പിന്നിലാക്കി യാത്ര തുടരും.. ചാലിശ്ശേരിയിലെ ക്ഷേത്രവും വലിയ മൈതാനവും കടന്ന് കൂറ്റനാട് കഴിഞ്ഞാൽ വലിയ കയറ്റങ്ങളും ഇറക്കങ്ങളും തുടങ്ങുകയായി.
 കൂട്ടുപാതയെത്തിയാൽ ഭാരതപുഴയെത്തുന്നതും നോക്കിയുള്ള ഇരുപ്പാണ്.. ഭാരതപുഴയുടെ മുകളിലൂടെ യാത്ര ചെയ്യുമ്പോൾ അവിടെ ഇവിടെയായി ചെറിയ കുളങ്ങൾ പോലെ നീർച്ചാലുകൾ കാണാം, പിന്നെ മരുഭൂമി പോലെ പരന്നു കിടക്കുന്ന മണൻ പരപ്പുകൾ കാഴ്ചയിലെ വ്യത്യസ്തമായ അനുഭവമാണ്.

 പട്ടാമ്പി മുതൽ ഭാഷയിലെ, വസ്ത്രധാരണത്തിലെ വൈവിധ്യങ്ങൾ കൗതുകത്തോടെ നോക്കിയിരിക്കും.
മേലെ പട്ടാമ്പിയും ഓങ്ങല്ലൂർ ക്ഷേത്രവും കഴിഞ്ഞാൽ പാടങ്ങളും കരിമ്പപനകളും കാഴ്ചയിലേക്കെത്തും..
വാടാനാംകുറിശ്ശി റെയിൽവേ ക്രോസെത്തിയാൽ പിന്നെ ബസ്സിൽ നിന്നിറങ്ങാനുള്ള തയാറെടുപ്പുകൾ തുടങ്ങുകയായി.
 കമ്പനിയുടെ മുന്നിൽ ബസ്റ്റിറങ്ങിയാൽ മെയിൻ ഗെയിറ്റിൽ തന്നെയാണ് അച്ഛന്റെ ഓഫീസ്..

ഓഫീസിൽ ബാഗുവെച്ച് നേരെ ക്യാൻറീനിലേക്ക് അന്നത്തെ സ്പെഷൽ മുന്നിലെത്തും...

ഭക്ഷണശേഷം ക്വാർട്ടേസിലേക്ക്..
 ഒരു ചെറിയ  മലയിലേക്കുള്ള കയറ്റത്തിലാണ് ക്വാർട്ടേസ്, താഴെ  മുതൽ ക്വാർട്ടേ സുകൾ തുടങ്ങുകയായി. അച്ഛൻ താമസിച്ചിരുന്നത് ഏറ്റവും മുകളിലെ ക്വാർട്ടേസിലാണ്..
മല കയറി റൂമിലെത്താൻ അനിയനുമായി മത്സരമാണ് ആദ്യമെത്തുന്ന ആൾക്ക് അച്ഛന്റെ ചാരുകസേരയിൽ വിശ്രമിക്കാം ...

പൂമുഖത്ത് ചാരുകസേരയിൻ കയറി കിടന്നാൽ അറിയാതെ ഉറങ്ങി പോകും...

2 comments: