Wednesday, September 3, 2025

ശബരിമല യാത്ര ആചാര അനുഷ്ഠാനങ്ങൾ

അച്ഛൻ പറഞ്ഞു തന്ന കഥയിൽ നിന്നാണ് ശബരിമലയും അയ്യപ്പനും എന്റെ മനസ്സിൽ പ്രതിഷ്ഠ നേടിയത്. 

ഹിന്ദു മത വിശ്വാസ പ്രകാരം പ്രപഞ്ചം മുഴുവനും നിറഞ്ഞുനിൽക്കുന്ന ചൈതന്യധാരയാണ് ബ്രഹ്മം.എല്ലാം ബ്രഹ്മത്തിൽനിന്ന് ഉണ്ടാകുന്നു. നിലനിൽക്കുമ്പോഴും ബ്രഹ്മത്തിന്റെ ഭാഗം തന്നെ. നശിക്കുമ്പോഴും ബ്രഹ്മത്തിലേക്ക് പോകന്നു.
ബ്രഹ്മത്തിന്റെ സൃഷ്ടി-സ്ഥിതി-സംഹാര ഭാവങ്ങൾ ബ്രഹ്മ-വിഷ്ണു-മഹേശ്വരന്മാർ ആയി സങ്കല്പിച്ചിരിക്കുന്നു. 
പ്രപഞ്ചത്തിലെ ചരാചരങ്ങളെല്ലാം ബ്രഹ്മത്തിൽ നിന്ന് ഉത്ഭവിച്ചിട്ടുള്ളതും ബ്രഹ്മത്തിൽ ചെന്ന് ചേരേണ്ടതുമാണ്. 
ബ്രഹ്മത്തിന്റെ അംശമായ ഓരോ ജീവന്റെയും ലക്ഷ്യം ബ്രഹ്മസാക്ഷാത്കാരമാണ്.

നാനാത്വത്തിൽ ഏകത്വമെന്ന ശ്രേഷ്ഠത ഹിന്ദു മതത്തിന്റെ പ്രത്യകതയാണ്. ബ്രഹ്മത്തെ അല്ലെങ്കിൽ ഈശ്വരനെ എങ്ങിനെ വേണമെങ്കിലും ആരാധിക്കാം കാരണം എല്ലാ ജീവന്റെയും ഉള്ളിലുള്ളത് ഈശ്വരചൈതന്യമാണ്.

 വിഷ്ണുവിനെയും വിഷ്ണുവിന്റെ അവതാരങ്ങളേയും ആരാധിക്കുന്ന വൈഷണവർ 
ശിവനെയും ശിവന്റെ അവതാരങ്ങനേയും ആരാധിക്കുന്ന െശെവർ 
ശൈവ-വൈഷ്ണവമൂർത്തികളെ  ആരാധിക്കുന്നവർ 
ഇത്തരത്തിൽ നാനാവിധ ആരാധനാ സമ്പ്രധായങ്ങളടെ സമന്വയമാണ് ഹിന്ദു മത വിശ്വാസങ്ങളം ആചാരങ്ങളും. 
 ശാസ്താവ് ശൈവ-വൈഷണവ സങ്കൽപങ്ങളുടെ സമന്വയമായ വിശ്വാസമാണ്. 

അയ്യപ്പന്റെ പിതൃസ്ഥാനീയരായ പന്തളം രാജ പരമ്പരയുടെ കുലദൈവമാണ് ശാസ്താവ്. അയ്യപ്പനെ ലഭിച്ചത് ശാസ്താവിന്റെ അനുഗ്രഹമായി കരുതിയവർ പിന്നീട് അദ്ദേഹത്തിന്റെ അത്ഭുത പ്രവർത്തികൾ കണ്ട് ശാസ്താവിന്റെ അവതാരമാണെന്ന് വിശ്വസിച്ചു. 

തന്റെ ജീവിത ലക്ഷ്യം പൂർത്തിയാക്കിയ അയ്യപ്പൻ സന്യാസിയായി ശബരിമലയിലെത്തുകയും അവിടെയുള്ള ശാസ്താ വിഗ്രഹത്തിൽ വിലയം പ്രാപിക്കുകയും, അയ്യപ്പനെ അനുഗമിച്ച ഗുരു പുത്രിയായ ലീല തൊട്ടടുത്ത ഭദ്രകാളി വിഗ്രഹത്തിൽ വിലയം പ്രാപിക്കുകയും ചെയ്തു എന്നാണ് വിശ്വാസം. 

തന്റെ യാത്രക്ക് മുൻപ് രാജാവിനോട് അയ്യപ്പൻ ശബരിമലയെ കുറിച്ചും അവിടെയുള്ള ക്ഷേത്രത്തെ കുറിച്ചും, അത് പുനർനിർമിക്കുവാനും അവിടുത്തെ ആചാര അനുഷ്ടാനങ്ങളെന്തായിരിക്കണമെന്നും അറിയിച്ചിരുന്നു എന്നാണ് വിശ്വസം.

 മലയരായിരിക്കാം പഴയ ക്ഷേത്രത്തിന്റെ അവകാശികൾ പക്ഷേ പുതിയ ക്ഷേത്രം പണികഴിപ്പിച്ച് ആരാധനാ സമ്പ്രധായം പുനരുദ്ധീകരിച്ചത് പന്തളം രാജവംശവും, ആരാധനാക്രമങ്ങൾ ചിട്ടപ്പെടുത്തിയത് അയ്യപ്പൻ തന്നെയാണ് എന്നാണ് വിശ്വാസം.

ശബരിമലയിൽ പതിനെട്ടാം പടികയറി ഒരു സ്ത്രീയും ദർശ്ശനം നടത്തിയിട്ടുണ്ടാവില്ല. പണ്ട് മാളികപ്പുറത്തമ്മയുടെ ക്ഷേത്ര ദർശ്ശനത്തിന് സ്ത്രീകൾ പോയിരുന്നതായി കേട്ടിട്ടുണ്ട്. കുട്ടികളുടെ ചോറൂണിനും മറ്റുമായി കൊണ്ടു പോകുമ്പോൾ മാളികപ്പുറം ക്ഷേത്രത്തിൽ സ്ത്രീകൾ ദർശ്ശനം നടത്താറുണ്ട് എന്ന് കേട്ടിട്ടുണ്ട്. പക്ഷേ ആരും പതിനെട്ടാം പടി കയറി അയ്യപ്പനെ ദർശ്ശിക്കാറില്ല. 

പതിനെട്ടാം പടി കയറാതെ ക്ഷേത്രം ജീവനക്കാരുടെ, ദേവസ്വം ബോഡിന്റെ ഒത്താശയോടെ സ്ത്രീകൾ ദർശ്ശനം നടത്തി ആചാരലംഘനം നടത്തുന്നത് തടയാനാണ് കേടതി വിധയിലൂടെ പമ്പയിൽ തന്നെ ഋതുമതികളായ സ്ത്രീകളെ തടഞ്ഞത്. 10 മുതൽ 50 വരെ ഉള്ള സ്ത്രീകൾ എന്നത് കോടതി ഉത്തരവാണ്. ആചാരം ഋതുമതികളായ സ്ത്രീകൾ എന്നതാണ്‌.

സ്ത്രീകൾ ഋതുമതിയാവുക എന്നത് ശ്രേഷ്ഠമയ ഒന്നായാണ് ഹിന്ദു മത വിശ്വസത്തിൽ ഉള്ളത്. ആർത്തവം അശുദ്ധിയല്ല അത് ദേവതാ തുല്ല്യമായ അവസ്തയാണ് . ആർത്തവചക്രത്തിന്റെ ആദ്യ നാളുകളിൽ പ്രത്യേക പരിഗണന നൽകി അവളെ പുതിയ ജീവനെ സ്വശരീരത്തിൽ സ്വീകരിക്കാൻ സഞ്ചയാക്കുകയും ഇനിയുള്ള നാളുകൾ നിന്റെ ശരീരം പുതിയ ജീവനെ സ്വീകരിക്കാൻ തയ്യാറാണ് എന്ന ബോധ്യം അവളിൽ ഉറപ്പിക്കയാണ് ആർത്തവ ആചരണം ലക്ഷ്യമിട്ടിരുന്നത്.

ക്ഷേത്ര ദർശ്ശനം നടത്തുമ്പോൾ ശരീരശുദ്ധി നിർബന്ധമാണ് . മല, മൂത്രവിസർജ്ജനം പോലെയല്ല സ്ത്രീകളിൽ ആർത്തവ രക്ത വിസർജ്ജനം. ഇത് നമ്മളാൽ നിയന്ത്രിക്കാവുന്ന ഒന്നല്ല, ശരീരശുദ്ധി കാത്തു സൂക്ഷക്കാൻ ആർത്തവ സമയത്ത് സ്ത്രീകൾക്ക് സാധിക്കാത്തതിനാൽ ആ സമയത്ത് ക്ഷേത്ര ദർശ്ശനം നിഷിദ്ധമാണ്.
ഓരോ ക്ഷേത്രത്തിനും ആചാര അനുഷ്ഠാങ്ങൾ ഉണ്ട്. ക്ഷേത്ര വിശ്വാസി അത് പാലിക്കാൻ ബാധ്യസ്തനാണ്.

ശബരിമല ദർശ്ശനത്തിലെ ആചാരങ്ങളിൽ പ്രധാനമാണ് വ്രതനിഷ്ഠ.
ആദ്യം ഗുരുസ്വാമിയെ കണ്ടെത്തി അദ്ദേഹത്തിന്റെ കയ്യിൽ നിന്ന് മാല സ്വീകരിച്ച് വ്രതം തുടങ്ങും. 
ഗുരുവില്ലാതെ ഒരു കർമ്മവും പൂർണ്ണമാകില്ല എന്നാണ് വിശ്വാസം.
 41 ദിവസത്തെ വ്രതത്തോടെ ഭക്തന്റെ ശരീരവും മനസ്സും ഈശ്വര സാക്ഷാത്കാരത്തിന് പാകപ്പെടുന്നു. 
ഗുരു നയിക്കുന്ന പാതയി കൂടെ ഈശ്വരസാക്ഷാത്കാരത്തിനായി യാത്രയാവുന്ന ഭക്തന്റെ തലയിൽ ചെയ്ത പുണ്യപാപങ്ങളുടെ ഇരുമുടിക്കെട്ടാണ് ഉള്ളത്.അതിൽ പ്രധാനമായും നമ്മളെ തന്നെ പ്രതിനിധാനം ചെയ്യുന്ന നെയ് തേങ്ങയും ഉണ്ട്. തേങ്ങ നമ്മടെ ശരീരത്തേയും നെയ്യ് ആത്മാവിനേയും സൂചിപ്പിക്കുന്നു.
പതിനെട്ട് ദുർഗ്ഗടം പിടിച്ച മലകൾ താണ്ടി ശബരിമലയിൽ എത്തുന്നു.

18 മലകളും,പടികളും മോക്ഷപ്രാപ്തിക്കുമുമ്പ് മനുഷ്യന്‍ പിന്നിടേണ്ട പതിനെട്ടു ഘട്ടങ്ങളെ സൂചിപ്പിക്കുന്നതാണെന്നും പറയുന്നു. അതനുസരിച്ച് ആദ്യത്തെ അഞ്ചു പടികള്‍ പഞ്ചേന്ദ്രിയങ്ങളെ സൂചിപ്പിക്കുന്നു (കണ്ണ്, ചെവി, നാക്ക്, മൂക്ക്, തൊലി). പതിമൂന്നാമത്തെ പടികള്‍ വരെയുള്ള അടുത്ത എട്ടു പടികള്‍ അഷ്ടരാഗങ്ങളെ കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, ഡംഭ്, അസൂയ പ്രതിനിധീകരിക്കുന്നു. പതിനാലു മുതല്‍ പതിനാറു വരെയുള്ള പടികള്‍ ഗീതയില്‍ പ്രകീര്‍ത്തിക്കുന്ന ത്രിഗുണങ്ങളെ സത്വഗുണം, രജോഗുണം, തമോഗുണം പ്രതിനിധീകരിക്കുന്നു. അവസാനം വരുന്ന 17, 18 പടികള്‍ വിദ്യയെയും (ജ്ഞാനം), അവിദ്യയേയും (അജ്ഞത) പ്രതിനിധാനം ചെയ്യുന്നു. 

ശബരിമല യാത്രയിൽ ഗുരുവിന്റെ നിർദ്ദേശ്ശങ്ങൾ ശിരസ്സാവഹിച്ച് ഈ പതിനെട്ട് ഘട്ടങ്ങളെയും തരണം ചെയ്യാൻ പ്രാപ്തനാകുന്ന ഭക്തൻ. സന്നിധാനത്ത് എത്തിച്ചേരുന്നു. അവിടെ നിന്ന് ഗുരുവിന്റെ അനുഗ്രഹാശ്ശിസ്സുകളോടെ  ഈ ഘട്ടങ്ങളാകുന്ന 18 പടികളെ തരണം ചെയ്ത് ഈശ്വര സാക്ഷാത്കാരം നേടുന്നു.  
നെയ് തേങ്ങയിൽ നിറച്ചു കൊണ്ടുവന്ന  ആത്മാവിനെ ഭഗവാനിൽ സമർപ്പിച്ച്. തേങ്ങയാകുന്ന ശരീരത്തെ ആഴിയിൽ സമർപ്പിക്കുന്നു. 

ഹിന്ദു മത വിശ്വാസത്തിന്റെ അടിസ്ഥാന തത്വം വളരെ ലളിതമായി അനുഭവവേദ്യമാകുന്ന വേറെ ആചാര അനുഷ്ഠാനങ്ങൾ ഇല്ല. 
തത്വമസ്സി എന്ന ദേവനിലും ഭക്തനിലും നിറയുന്ന ചൈതന്യം ഒന്നാണ് എന്നതത്വം നമുക്ക് അനുഭവപ്പെടുത്തുന്ന ആചാര സമ്പ്രധായം...

അച്ഛൻ പകർന്നു നൽകിയ അറിവുകളുടെ വെളിച്ചത്തിൽ പറയുന്ന കാര്യങ്ങൾ ആണ്. ഇതെല്ലാം വിശ്വാസങ്ങളാണ്... 
ആചാരങ്ങളാണ് പാലിക്കപ്പെട്ടാൽ നന്ന്...

സ്വാമിയേ ശരണമയ്യപ്പ

No comments:

Post a Comment