Tuesday, April 21, 2009

അമ്മയും കൂട്ടുകാരും

മുത്തശ്ശി പോയി കിടന്നപ്പോള്‍ കണ്ണൂസ്‌ ഒറ്റക്കായി.ഒറ്റക്ക്‌ കളിച്ച്‌ മടുത്തപ്പോള്‍ മെല്ലെ എഴുന്നേറ്റ്‌ നടന്നു.അടുക്കളയിലേക്ക്‌ എത്തി നോക്കിയപ്പോള്‍ അമ്മ തിരക്കിട്ട പണിയിലാണ്‌.അമ്മ കാണാതെ പതുക്കെ പുറത്തേക്ക്‌ നടന്നു.
അകലെ പാടത്ത്‌ കൂട്ടുകാര്‍ കളിക്കുന്നു.അവരുടെ കളികള്‍ പലതും അറിയില്ലെങ്കിലും അവരോടൊപ്പം കളിക്കാന്‍ അവന്‌ ഇഷ്ടമാണ്‌.അമ്മ അറിയാതെ അവരുടെ അടുത്തെത്താന്‍ ഇതു തന്നെ തക്കം.പതുക്കെ മുറ്റത്തിറങ്ങിയതും അമ്മ വിളിച്ചു.
"കണ്ണൂസേ....." ഓടി അകത്തു കയറിയതും അമ്മ നില്‍ക്കുന്നു.
"എവടായ്രുന്നു ഇത്രനേരം.... "
"ഇവ്‌ടെ മുത്തശ്ശ്യാര്‍ന്ന് കളിക്കായ്രുന്നു"
"പിന്നെ എവ്‌ട്ന്നാ ഓടിവരണേ... " ഇതിനു മറുപടിപറയാതെ അമ്മയോട്‌ ചോദിച്ചു
"അവ്‌ടെ എല്ലാരുണ്ട്‌...ഞാനും അവിടെപ്പോയി കളിക്കട്ടമ്മേ... "
"വേണ്ട...ഈ വെയ്‌ലത്ത്‌ വീട്ടീര്‌ന്ന് കളിച്ചാ മതി.. "
മറുപടി പ്രതീക്ഷിച്ചതാണെങ്കിലും അവന്‌ വല്ലാതെ വിഷമം തോനി.ഇത്ര അധികം ആഗ്രഹിച്ച്‌ നടക്കാതെ വന്നാപ്പോള്‍ അവന്‌ സഹിക്കാനായില്ല,അറിയാതെ കണ്ണുകള്‍ നിറഞ്ഞു വന്നു.ആലോചിക്കുംതോറും വിഷമം കൂടിക്കോണ്ടിരുന്നു.പതുക്കെ പതുക്കെ കരച്ചില്‍ ഉച്ചത്തിലായി.

"എന്തിനാ കരയ്ണേ..എന്തൊക്കായാലും ഈ വെയ്‌ലത്ത്‌ പോണ്ട... " ഇത്തിരി കര്‍ശനമായാണ്‌ അമ്മ പറഞ്ഞത്‌
"ഇന്ന് മാത്രം മതീമ്മേ.... "
"നിനക്ക്‌ പറഞ്ഞാമനസിലാവില്ലെ.... "
വീണ്ടും കരച്ചില്‍ അവന്‍ തുടര്‍ന്നു.അമ്മയുടെ ശകാരത്തേക്കാള്‍ ഉച്ചത്തിലുള്ള അവണ്റ്റെ കരച്ചില്‍ സഹിക്കാതെ എപ്പോഴോ അമ്മയുടെ കയ്യില്‍ നിന്ന് അടിയും കിട്ടി.ബഹളം മൂത്തപ്പോള്‍ മുത്തശ്ശി എഴുന്നേറ്റ്‌ വന്നു.അമ്മയുടെ കയ്യില്‍ നിന്ന് വിടുവിച്ച്‌ മുത്തശ്ശിയോടൊപ്പം നടക്കുംബോഴും അവന്‌ കരച്ചില്‍ നിയന്തിക്കാനായില്ല.
"എന്തിനാ വെറ്‌തെ അമ്മേടെ തല്ല് വാങ്ങാന്‍ പോയ്യേ... "
മുത്തശ്ശിയുടെ വാക്ക്‌ കേട്ടപ്പോള്‍ കരച്ചില്‍ വന്നെങ്കിലും,അതടക്കിക്കൊണ്ടെ്‌ പറഞ്ഞു.
"ഒറ്റക്ക്‌ കളിച്ച്‌...മടുത്തപ്പോ...അവ്‌ടെ..എല്ലാര്യായ്‌...കളിക്കാന്‍ ച്ചോയ്ച്ചേനാ... "
"വെയ്‌ലത്ത്‌ കളിക്കില്ലാച്ചാ..മോന്‍ പോയി കളിച്ചോ... "മുത്തശ്ശി പറഞ്ഞതുകേട്ടതും
"ഇല്ല മുത്തശ്ശി...വെയ്‌ലത്ത്‌ കളിക്കില്ല്യാ..." എന്ന് പരഞ്ഞ്‌ ഓടി.
ലോകം കീഴടക്കിയ ആവേശത്തില്‍ പാടത്തെത്തിയപ്പോള്‍ എല്ലാവരും കളിമതിയാക്കിയിരുന്നു.എങ്കിലും ആവേശത്തോടെ ചോദിച്ചു.
"നമ്മക്ക്‌ കളിക്കാം... "
"ഞങ്ങള്‌ പോവ്വാ...വെയ്‌ലത്ത്‌ കളിക്കണ്ടാന്ന് അമ്മ പറഞ്ഞിട്ടൂണ്ട്‌... "
തിരിച്ചുപോകുന്ന അവരെ നോക്കിനിന്നപ്പോള്‍ അറിയാതെ കണ്ണുകള്‍ നിറഞ്ഞു.കണ്ണുനീറ്‍ തുടച്ച്‌ തിരിച്ചു നടക്കുംബോള്‍ വീട്ടിലെ ബഹളത്തില്‍ ചിതറിയ സ്വന്തം കളിപ്പാട്ടങ്ങളായിരുന്നു മനസില്‍.

1 comment:

  1. മനസ്സിന്‍റെ എവിടെയോ തൊട്ടു...............

    ReplyDelete